അധ്യാപകര്‍ക്ക് വടിയെടുക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് സിപ്പി പള്ളിപ്പുറം

കൊച്ചി: അധ്യാപകര്‍ക്ക് വടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇന്നുള്ളതെന്ന് സാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം. ഇരുപത്തൊന്നാമത് കൊച്ചി അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ ഭാരതീയ ദര്‍ശനങ്ങളും ബാലസാഹിത്യവും എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളെ ശാസിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് ഇന്ന് അധ്യാപകര്‍. ഗുരുക്കന്മാരെ ബഹുമാനിക്കുന്നത് ഓര്‍മ മാത്രമാകുന്ന അവസ്ഥയാണിന്ന്. കുഞ്ഞുണ്ണി മാഷും ഉള്ളൂരുമൊക്കെ നാലോ എട്ടോ വരികള്‍ മാത്രമാണ് കുട്ടികള്‍ക്ക് വേണ്ടി എഴുതിയിരുന്നത്. പക്ഷെ അത് വായിച്ചാല്‍ ഒരു വലിയ കഥ അതിലുണ്ടാവും. മഹാകവികളെല്ലാം കുട്ടികള്‍ക്ക് വേണ്ടിയാണ് എഴുതിയിട്ടുള്ളത് എന്നതാണ് മലയാളത്തിന്റെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ മൊബൈലില്‍ കളിക്കുന്നത് നിര്‍ത്തി പുസ്തകവായനയിലേക്ക് മടങ്ങണം. മുതിര്‍ന്നവര്‍ അത് പറഞ്ഞു മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ഗുണവും മണവുമുള്ള കുട്ടികളായി വേണം വളരാന്‍. കുട്ടികള്‍ വളഞ്ഞ വഴി പോവാതിരിക്കാന്‍ നല്ല പുസ്തകങ്ങള്‍ വാങ്ങി കൊടുക്കണമെന്നും സിപ്പി പള്ളിപ്പുറം പറഞ്ഞു. പുസ്തകോല്‍സവത്തിന്റെ അവസാന ദിനമായ ഇന്നലെ കെ പി സുധീരയുടെ അനുരാഗ പരാഗങ്ങള്‍ എന്ന പുസ്തകത്തെ കുറിച്ച് ചര്‍ച്ച നടന്നു. ഡോ. സുലോചന നാലപ്പാട്ട്, ഷീബ അമീര്‍, ഇബ്രാഹിംകുട്ടി  പങ്കെടുത്തു. മുന്നോറോളം പ്രസാധകരും ഇരുന്നൂറിലേറെ എഴുത്തുകാരുമാണ് ഇത്തവണ പുസ്തകോല്‍സവത്തില്‍ പങ്കെടുത്തത്. പെന്‍ഗിന്‍ ബുക്ക്‌സ്, മാക്മില്ലന്‍, ജയ്‌കോ, വെസ്റ്റ് ലാന്റ്, പുസ്തക് മഹല്‍, എന്‍ബിടി, രാഷ്ട്രീയ സംസ്‌കൃത സംസ്ഥാന്‍, ചൗക്കമ്പ ഗീത പ്രസ്, ഗ്രോളിയര്‍, കേന്ദ്ര സംഗീത നാടക അക്കാദമി, ലളിതകലാ അക്കാദമി, തുടങ്ങിയ പ്രമുഖരുടെ  സാന്നിധ്യവും കൊങ്കണി, സംസ്‌കൃത, ഹിന്ദി, സിന്ധി ഭാഷാ പുസ്തകങ്ങളുടെ  പ്രത്യേക സ്റ്റാളുകളും ഇത്തവണത്തെ പുസ്തകോല്‍സവത്തിന്റെ പ്രത്യേകതയായിരുന്നു. കുട്ടികളുടെ പുസ്തകോല്‍സവവും ശ്രദ്ധേയമായി. പുസ്തകോല്‍സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൊച്ചി സാഹിത്യോല്‍സവത്തിലും കുട്ടികളുടെ സാഹിത്യോല്‍സവത്തിലും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒട്ടേറെ പുസ്തകങ്ങളുടെ പ്രകാശനങ്ങളും മേളയില്‍ നടന്നു.

RELATED STORIES

Share it
Top