അധ്യാപകരുടെ പാദപൂജ: സ്‌കൂളിലേക്ക് നാളെ മാര്‍ച്ച് നടത്തുമെന്ന് യുവജന സംഘടനകള്‍


തൃശൂര്‍: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സഞ്ജീവനി മാനേജ്‌മെന്റിന് കീഴിലുള്ള  ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ വിദ്യാര്‍ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നാളെ രാവിലെ 10ന് സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സിപിഐ യുവജന സംഘടനകളായ എഐവൈഎഫ്, എഐഎസ്എഫ് സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. ആര്‍എസ്എസ്സിന്റെ ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് സ്‌കൂളില്‍ നടത്തിയ പാദപൂജയെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. സ്‌കൂള്‍ അധികൃതര്‍ക്കെതിരേ നടപടിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണമെന്നും നടപടിയെടുക്കുന്നത് വരേ പ്രതിഷേധം തുടരുമെന്നും എഐവൈഎഫ് ചേര്‍പ്പ് മണ്ഡലം സെക്രട്ടറി എന്‍ എ ഫൈസല്‍, പ്രസിഡന്റ് കെ എം പ്രമോദ്, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി അക്ഷയ് ശങ്കര്‍, പ്രസിഡന്റ് അസ്ഹര്‍ മജീദ് എന്നിവര്‍ അറിയിച്ചു.

[caption id="attachment_405516" align="alignnone" width="565"] അധ്യാപകന്റെ പാദം പൂജിക്കുന്ന ചേര്‍പ്പ് സിഎന്‍എന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍[/caption]

കഴിഞ്ഞ ദിവസമാണ്  ചേര്‍പ്പ് സിഎന്‍എന്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ രാമായണ മാസാചരണവും ഗുരുപൂര്‍ണിമ മഹോല്‍സവവും സംഘടിപ്പിച്ചത്. മിഥിലാപുരിയെന്ന് നാമകരണം ചെയ്ത ക്ലാസ് റൂമുകളില്‍ പൂജാ സാമഗ്രികള്‍ ഒരുക്കിയാണ് അധ്യാപകരുടെ പാദപൂജയടക്കമുള്ള ചടങ്ങുകള്‍. അതേസമയം, ആര്‍എസ്എസ്സിന്റെ ദശദിന ആയുധ പരിശീലനം അടക്കമുള്ള ക്യാംപ് നടക്കുന്ന സ്‌കൂളില്‍ വിദ്യാര്‍ഥികളില്‍ ഹൈന്ദവ ആചാരം അടിച്ചേല്‍പ്പിച്ചിട്ടും സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ മൗനത്തിലാണ്. സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും നടപടിയെടുക്കാന്‍ പോലും വിദ്യാഭ്യാസ വകുപ്പ് തയ്യാറായിട്ടില്ല. സംഭവത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ ഊരകം സ്വദേശി ഷെമീര്‍ നല്‍കിയ പരാതി സ്വീകരിക്കാന്‍ പോലും ഡിഡിഇ മല്ലിക തയ്യാറായില്ല. വിചിത്രമായ കാരണങ്ങള്‍ പറഞ്ഞ് ഡിഡിഇ പരാതി മടക്കി. ഹിന്ദു ആചാരപ്രകാരം ഇതര മതസ്ഥരായ കുട്ടികളെ കൊണ്ട് അധ്യാപകന്റെ പാദപൂജ ചെയ്യിപ്പിച്ച നടപടിയില്‍ തെറ്റില്ലെന്നായിരുന്നു ഇവരുടെ വാദം. മതംമാറ്റത്തിന് ഭരണഘടന അനുമതി നല്‍കുന്നുണ്ടെന്ന വിചിത്ര വാദവും ഡിഡിഇ ഉന്നയിച്ചു. ഷെമീര്‍ പരാതിയില്‍ ഉറച്ചുനിന്നതോടെ, താന്‍ സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ ഏതാനും ദിവസമേ ഉള്ളൂവെന്നും 31ന് ശേഷം പുതിയ ഡിഡിഇക്ക് പരാതി നല്‍കാനും പറഞ്ഞു.

RELATED STORIES

Share it
Top