അധ്യയനവര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം : വഞ്ചിവയല്‍ ട്രൈബല്‍ ഹൈസ്‌കൂള്‍ കെട്ടിടനിര്‍മാണം പാതിവഴിയില്‍വണ്ടിപ്പെരിയാര്‍: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സ്‌കൂള്‍ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു. ഇതോടെ സ്‌കൂള്‍ തുറക്കുമ്പോള്‍ എവിടെ ഇരുന്നു പഠിക്കണമെന്നറിയാതെ കുട്ടികളും, അധ്യാപകരും, രക്ഷിതാക്കളും ഒരേ പോലെ ആശങ്കയില്‍. വള്ളക്കടവ് വഞ്ചിവയല്‍ ട്രൈബല്‍ സ്‌കൂളിന്റെ പുതിയ കെട്ടിടങ്ങളുടെ നിര്‍മ്മാണമാണ് നിലച്ചത്.85 ലക്ഷത്തിന്റെ പുതിയ സ്‌കൂള്‍ കെട്ടിടത്തിന്റെ  നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നവംബറിലാണ് ആരംഭിച്ചത്.2011 ലാണ് വഞ്ചിവയല്‍ ട്രൈബല്‍ യു.പി.സ്‌കൂള്‍ കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്‍ (ആര്‍.എം.എസ്.എ) പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹൈസ്‌കൂളാക്കി ഉയര്‍ത്തിയത്. നിര്‍ധനരായ കുട്ടികള്‍ മാത്രം പഠിക്കുന്ന ഇവിടെ മലയാളം, തമിഴ് മീഡിയങ്ങളിലായി മുന്നൂറോളം കുട്ടികളാണ് പഠിക്കുന്നത്.നിര്‍മ്മാണം ആരംഭിച്ചപ്പോള്‍ സ്‌കൂള്‍ വളപ്പില്‍ തന്നെ പുതിയ കെട്ടിടം പണിയാനായിരുന്നു പദ്ധതിയെങ്കിലും സ്ഥലത്തിന്റെ കിടപ്പ് അനുസരിച്ച് ഇവിടെ പണിയാന്‍ സാധിച്ചില്ല.പഞ്ചായത്ത് റോഡിനോട് ചേര്‍ന്ന് രണ്ട് കെട്ടിടങ്ങള്‍ നിലവില്‍ ഉണ്ട് .ഇതില്‍ ഒരു കെട്ടിടത്തിന്റെ ഭിത്തിയില്‍ നിന്നും നാലടി മാറ്റി ഫില്ലര്‍ പണിത് ഇരുനില പണിയാന്‍ പി.ടി.എ. തീരുമാനിച്ചു. ഈ കെട്ടിടങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിമന്റ് ഉപയോഗിച്ച് കരിങ്കല്ലില്‍ പണിതതാണ്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സ്‌കൂളിന്റെ മേല്‍ക്കൂര പൊളിച്ച് മുന്‍വശത്തെ ഫില്ലര്‍ പണിതു. മുകള്‍വശം വാര്‍ക്കുകയും ചെയ്തു. ഇതിനിടയില്‍ കെട്ടിടം പണിയില്‍ അപാകത ചൂണ്ടിക്കാട്ടി നാട്ടുകാര്‍ പരാതിയുമായെത്തി .തുടര്‍ന്ന് പണികള്‍ക്ക് മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ തുടര്‍ പണികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. പിന്നീട് പണികള്‍ ഒന്നും നടന്നില്ല. ജില്ലാ പഞ്ചായത്ത് നിയന്ത്രണത്തിലാണ് ഹൈസ്‌കൂള്‍. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടും കേന്ദ്ര സര്‍ക്കാരിന്റെ ആര്‍. എം.എസ്.എ. ഫണ്ടും ചേര്‍ന്നാണ് 85 ലക്ഷം രൂപയുടെ നിര്‍മ്മാണം.നിരവധി കുട്ടികള്‍ പഠിച്ചു കൊണ്ടിരുന്ന സ്‌കൂളില്‍ ഇത്തരത്തില്‍ പഠനത്തിലും മറ്റും തടസമുണ്ടായപ്പോള്‍ രക്ഷകര്‍ത്താക്കള്‍ കുട്ടികളെ മറ്റു സ്‌കൂളുകളില്‍ ചേര്‍ത്തു. അധ്യാപകരുടെ കുറവ് പരിഹരിക്കാന്‍ സര്‍ക്കാര്‍ നാലു പേരെ നിയമിച്ചിരുന്നു. സ്‌കൂള്‍ തുറക്കും മുമ്പ് ക്ലാസുമുറികള്‍ വൃത്തിയാക്കേണ്ടതുണ്ട്.എന്നാല്‍ പണികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ കരാറുകാരന്‍ കെട്ടിടം തുറന്നുകൊടുക്കാന്‍ തയാറല്ല. പി. ടി.എ. കമ്മിറ്റിക്കാര്‍ നടത്തിയ ഇടപെടലിനെ തുടര്‍ന്ന് കരാറുകാരന്‍ തന്നെ മുറികള്‍ വൃത്തിയാക്കാന്‍ തുടങ്ങിയിട്ടുണ്ട്. പീരുമേട് നിയോജക മണ്ഡലത്തില്‍ എം. എല്‍.എ സ്‌പൈസ് പദ്ധതിയില്‍ സ്‌കൂളുകളെ തിരഞ്ഞെടുത്തപ്പോള്‍ വള്ളക്കടവ് വഞ്ചിവയല്‍ ട്രൈബല്‍ ഹൈസ്‌കൂളിനെ അവഗണിച്ചെന്ന് സ്‌കൂള്‍ പി.ടി.എ. ആരോപിച്ചു.

RELATED STORIES

Share it
Top