അധിനിവേശ ശക്തികളുടെ പതനം

അനന്തു
ലോകം അടക്കിഭരിച്ച സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കായികലോകത്തെ അസ്തമയമാണ് ബുധനാഴ്ച നിഷ്‌നി സ്‌റ്റേഡിയത്തില്‍ കണ്ടത്. അതിശക്തമെന്നു കരുതിയ, ആക്രമണ ഫുട്‌ബോളിന്റെ വറ്റാത്ത ആവനാഴിയെന്നു കരുതിയ ഇംഗ്ലീഷ് ടീം മൈതാനത്ത് ക്രൊയേഷ്യയോട് അടിയറവു പറഞ്ഞിരിക്കുന്നു. ലോകം കണ്ട ഏറ്റവും വലിയ അധിനിവേശ ശക്തിയുടെ കാല്‍പ്പന്തു മൈതാനത്തെ പതനം.
ലോകകപ്പിലെ തന്നെ ഏറ്റവും യുവത്വമുള്ള പടയുമായാണു കോച്ച് ഗാരത് സൗത്ത് ഗേറ്റ് റഷ്യയില്‍ ഇംഗ്ലീഷ് നങ്കൂരമിട്ടത്. ഗേറ്റിന്റെ കാലാള്‍പ്പടയിലെല്ലാം ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബുകളില്‍ കളിക്കുന്ന താരങ്ങള്‍. മറ്റെല്ലാ ടീമുകളിലും വംശീയതയുടെയും, ഭാഷാ വേര്‍തിരിവുകളുടെയും, പടലപ്പിണക്കങ്ങളുടെയും പ്രകടമല്ലാത്ത പ്രശ്‌നങ്ങള്‍ വെന്തുപുകഞ്ഞു നിന്നിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ടീമില്‍ എല്ലാ താരങ്ങളും ഇംഗ്ലീഷ് എന്ന കുടക്കീഴില്‍ ഒരുമിച്ചു നിന്നപ്പോള്‍ ആ യുവപീരങ്കിപ്പട ലക്ഷ്യംകാണുമെന്നു ലോകം മുഴുവന്‍ പ്രതീക്ഷിച്ചിരുന്നെന്നിരിക്കണം. പക്ഷേ ഇത്ര ശക്തമായ ടീം കരുത്ത് ഉണ്ടായിരുന്നിട്ടും ഇംഗ്ലണ്ടിന് പിഴവുപറ്റിയത് ടീമിലെ പ്രതിഭാ ദാരിദ്ര്യമോ, പരിചയ സമ്പത്തിന്റെ കണക്കിലോ ഒന്നുമല്ല. വിശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കിലും ഇംഗ്ലണ്ടിന് വിനയായത് അവരുടെ എഫ് ഗ്രൂപ്പാണ്.
ഫുട്‌ബോള്‍ വമ്പന്മാര്‍ക്കെല്ലാം തങ്ങളുടെ ശക്തിപരീക്ഷണം നടത്താന്‍ അവസരം ലഭിച്ചപ്പോള്‍ ഇംഗ്ലണ്ടിനെ ഒന്നു പരീക്ഷിക്കാന്‍ പോലും സാധിക്കാതെ പോയി ഏറെ ദുര്‍ബലരായിരുന്ന ബ്രിട്ടീഷ് ടീമിന്റെ എതിരാളികള്‍ക്ക്. തുല്യ ശക്തികളോട് പോരാടി തങ്ങളുടെ ടീമിലെ ശക്തിയും ദൗര്‍ബല്യവും പരീക്ഷിക്കാന്‍ മറ്റു ടീമുകള്‍ക്കെല്ലാം അവസരം ലഭിച്ചു. അവസാന മിനിറ്റു വരെ നീളുന്ന ആവേശ മല്‍സരങ്ങള്‍ അവരിലെ പോരാട്ടവീര്യവും വിജയത്വരയും ഉയര്‍ത്തി. എന്നാല്‍ ഇംഗ്ലണ്ടിനാവട്ടെ പൊരുതാന്‍ പറ്റിയ ഒരു മല്‍സരം പോലും ലഭിച്ചില്ല.
ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയത്തിനോടൊഴികെ മറ്റെല്ലാ മല്‍സരത്തിലും ബ്രിട്ടീഷ് പട നിഷ്പ്രയാസം വിജയമെടുത്തു. ഈ മല്‍സരങ്ങളാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. അമിതമായ അത്മവിശ്വാസം, ദുര്‍ബലരായ ടീമുകളോട് പൊരുതി ഫൈനലില്‍ പ്രയാസമില്ലാതെ അങ്ങെത്താമെന്നവര്‍ കരുതി. കൊളംബിയക്കെതിരേ ക്വാര്‍ട്ടറില്‍ വിയര്‍ത്തപ്പോഴെങ്കിലും അവര്‍ കളിയെ കൃത്യമായി മനപ്പാഠം ചെയ്യണമായിരുന്നു. കാപ്റ്റന്‍ ഹാരി കെയ്‌ന്റെ സ്ഥിതിയും ടീമിനോട് സമം. ദുര്‍ബലരെ പിച്ചിച്ചീന്തിയ കെയ്ന്‍ തോറ്റുപോയി
ക്രൊയേഷ്യ റഷ്യന്‍ ലോകകപ്പിന്റെ കണ്ണഞ്ചിപ്പിക്കുന്ന അ ല്‍ഭുതമാണ്. ക്രൊയേഷ്യന്‍ ആരാധകരും താരങ്ങളും ഒരേ ആവേശത്തോടെ, ഒരേ മനസ്സോടെ കളത്തില്‍ നിറയുന്നു. മധ്യനിരക്ക് ഒരു ടീമിനെ എത്ര മാത്രം കൊണ്ടുപോവാനാവുമെന്ന് ചോദിച്ചാല്‍ ക്രൊയേഷ്യ ഉത്തരം നല്‍കുക കിരീടം വരെ എന്നായിരിക്കും.
ലോക ഫുട്‌ബോളില്‍ നിലവിലുള്ളതില്‍ അതിശക്തമായ മധ്യനിരയാണു ക്രൊയേഷ്യയുടേത്. നായകന്‍ ലൂക്ക മോഡ്രിച്ചും സൂപ്പര്‍താരം ഇവാന്‍ റാക്കിറ്റിച്ചും ഉള്‍പ്പെടുന്ന അതിഭാവനാ സമ്പന്നമായ മധ്യനിര. ഈ മധ്യനിരയാണു ക്രൊയേഷ്യയെ ശക്തരാക്കിയത്. ഗോള്‍മുഖത്തിനു തൊട്ടുമുന്നില്‍ വരെ ഒഴുകിയെത്തുന്ന മനോഹരമായ പാസിങ് ഗെയിമിലൂടെ കളി മെനയുന്ന രീതി. ആ പാസുകള്‍ കൃത്യതയോടെ വലയിലെത്തിച്ചപ്പോഴെല്ലാം അവര്‍ വിജയിച്ചിട്ടുണ്ട്. അതുതന്നെയാണ് ഇംഗ്ലണ്ടിനെ തകര്‍ത്തതും.
മൂര്‍ച്ചയേറിയ മുന്നേറ്റനിരയുണ്ടായിട്ടും അക്രമിച്ച് മുന്നേറാ ന്‍ അവര്‍ക്കു സാധിക്കാതെവന്നതു മധ്യനിരയിലെ പിഴവുകളാണ്. റഷ്യന്‍ ലോകകപ്പ് നോക്കൗട്ട് ഘട്ടത്തിലേക്കു കടന്നപ്പോള്‍ മുതല്‍ കളിക്കളം നിറഞ്ഞു കളിക്കുന്ന ടീമുകള്‍ വിജയിക്കുന്നതു വളരെ കുറച്ചാണ്. എന്നാല്‍ സെമി ഫൈനലില്‍ കളിച്ചതും ജയിച്ചതും ക്രൊയേഷ്യയായിരുന്നു. ആദ്യ ഗോള്‍ നേടി എതിരാളി വിറപ്പിച്ചപ്പോഴും ക്രൊയേഷ്യ ആദ്യ പകുതി മുഴുവന്‍ എതിരാളിയെ കൃത്യമായി പഠിച്ചു. മനപ്പാഠമാക്കിയ ആ പാഠം അവര്‍ രണ്ടാം പകുതിയില്‍ മൈതാനത്ത്  പ്രയോഗിച്ചു. ഇവിടെയാണു ക്രൊയേഷ്യ എന്ന യൂറോപ്യന്‍ ടീം വിജയമെടുത്തത്. എതിരാളിയെ ദുര്‍ബലനായി കണ്ട ഇംഗ്ലീഷിന് തെറ്റു പറ്റിയതും ഇവിടെ തന്നെ.
അവകാശവാദങ്ങളില്ലാതെയാണു ക്രൊയേഷ്യ ലോകകപ്പിനെത്തിയത്. തന്റെ ടീമിന്റെ ശക്തിയും ദുര്‍ബലതയും വ്യക്തമായറിയാവുന്ന കോച്ച് സ്ലാക്കിറ്റോ ദാലിച്ച് ഒരുമയുള്ളൊരു ടീമിനെ രൂപപ്പെടുത്തി. ഈ ഒരുമ കളിക്കളത്തിലും നിറഞ്ഞപ്പോ ള്‍ ക്രൊയേഷ്യ മൈതാനത്ത് ടീം കരുത്തിന്റെ നേര്‍രൂപമായി. ഗ്രൂപ്പ് ഘട്ടങ്ങളിലെല്ലാം അത്യാവേശം നിറഞ്ഞ വിജയങ്ങളിലൂടെ നേടിയ ചങ്കുറപ്പാണ് ക്രൊയേഷ്യയെ ഇന്ന് ഫൈന ല്‍ വരെ എത്തിച്ചത്.  ഫൈനല്‍ ഫലം അനുകൂലമാണെങ്കിലും അല്ലെങ്കിലും ഇന്ന് ക്രൊയേഷ്യ ഫുട്‌ബോളിലെ ഇച്ഛാശക്തിയുടെ നേര്‍രൂപമാണ്.

RELATED STORIES

Share it
Top