അധിക ജോലിഭാരത്താല്‍ വലഞ്ഞ് ലോക്കോ പൈലറ്റുമാര്‍

ടോമി മാത്യു

കൊച്ചി: സതേണ്‍ റെയില്‍വേയില്‍ ലോക്കോ പൈലറ്റുമാരുടെയും അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരുടെയും ഒഴിവുകള്‍ നികത്താതെ റെയില്‍വേ അനാസ്ഥ തുടരുന്നു. ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ഷണ്ടേഴ്സ് തസ്തികകളില്‍ കേരളത്തില്‍ നികത്താതെ കിടക്കുന്നത് 480 ഒഴിവുകളെന്ന് വിവരാവകാശരേഖ.
മെയില്‍, എക്സ്പ്രസ്, പാസഞ്ചര്‍, ഗുഡ്സ് തീവണ്ടികളിലായി സതേണ്‍ റെയില്‍വേയില്‍ 2273 ലോക്കോ പൈലറ്റുമാരെയാണ് റെയില്‍വേ അനുവദിച്ചത്. എന്നാല്‍, ഇതില്‍ 301 ലോക്കോ പൈലറ്റുമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണെന്ന് വിവരാവകാശ നിയമപ്രകാരം രാജു വാഴക്കാലയ്ക്ക് നല്‍കിയ മറുപടിയില്‍ റെയില്‍വേ അധികൃതര്‍ വ്യക്തമാക്കുന്നു. 1819 അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെ അനുവദിച്ചിട്ടുണ്ടെങ്കിലും 90 പേരുടെ ഒഴിവാണുള്ളത്. ഇതു കൂടാതെ അനുവദിച്ചിരിക്കുന്ന 583 ഷണ്ടേഴ്സ് തസ്തികകളില്‍ 89 പേരുടെ ഒഴിവുകളും നികത്താന്‍ നാളിതുവരെ റെയില്‍വേ അധികൃതര്‍ തയ്യാറായിട്ടില്ല.
ഒഴിവുകള്‍ നികത്താത്തതുമൂലം നിലവിലുള്ളവര്‍ അധിക ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന സാഹചര്യമാണുള്ളതെന്ന് ലോക്കോ പൈലറ്റുമാര്‍ പറയുന്നു. വിശ്രമമില്ലാതെ ജോലി ചെയ്യേണ്ട സാഹചര്യമാണുള്ളത്. ആഴ്ചയില്‍ 22 മുതല്‍ 30 മണിക്കൂര്‍ വരെ വിശ്രമം വേണമെന്നാണെങ്കിലും ഇത് സാധ്യമാകാറില്ല. ലോക്കോ പൈലറ്റുമാരുടെ അഭാവം നിമിത്തം തീവണ്ടികള്‍ റദ്ദാക്കപ്പെടുന്ന സാഹചര്യം ഉണ്ടെന്നും ഇവര്‍ സമ്മതിക്കുന്നു. ഇതുമൂലം യാത്രക്കാരും ദുരിതമനുഭവിക്കേണ്ടിവരുന്നു.
വിശ്രമമില്ലാത്തതുമൂലം പല ലോക്കോ പൈലറ്റുമാരും കടുത്ത മാനസിക സമ്മര്‍ദത്തിലാണ് ജോലി ചെയ്യുന്നത്. ഇതു ബാധിക്കുന്നത് യാത്രക്കാരുടെ സുരക്ഷിതത്വത്തെയാണ്. അമിത ജോലിഭാരത്തെ തുടര്‍ന്ന് ലോക്കോ പൈലറ്റുമാരുടെ പ്രതിഷേധം മൂലം ജോലിയില്‍ നിന്നു വിരമിച്ച ലോക്കോ പൈലറ്റുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കാന്‍ നീക്കം റെയില്‍വേ നടത്തുന്നുണ്ട്. ഇവര്‍ക്കാകുമ്പോള്‍ സ്ഥിരമാക്കപ്പെടുന്നവര്‍ക്ക് കൊടുക്കേണ്ട ആനുകൂല്യങ്ങള്‍ നല്‍കേണ്ടതില്ല. ജോലിയുടെ ഭാഗമായി മൂന്നു വര്‍ഷം കൂടുമ്പോള്‍ ലോക്കോ പൈലറ്റുമാര്‍ക്ക് 10 ദിവസം നീളുന്ന റിഫ്രഷ്‌മെന്റ് കോഴ്‌സുണ്ട്. എന്നാല്‍, ഇതു പലപ്പോഴും നടക്കാറില്ല.
ആവശ്യത്തിന് ലോക്കോ പൈലറ്റുമാരില്ലാതെ വരുമ്പോള്‍ പലപ്പോഴും മതിയായ പരിശീലനമില്ലാത്ത ലോക്കോ പൈലറ്റുമാരെ പാസഞ്ചര്‍, മെയില്‍ തീവണ്ടികള്‍ ഓടിക്കാന്‍ നിയോഗിക്കാറുണ്ടെന്നും പറയുന്നു. ജോലിസമ്മര്‍ദത്തെ തുടര്‍ന്ന് തിരുവനന്തപുരം, പാലക്കാട് ഡിവിഷനിലെ 10 ലോക്കോ പൈലറ്റുമാര്‍ വിആര്‍എസ് എടുക്കാന്‍ റെയില്‍വേക്ക് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും എന്നാല്‍ ലോക്കോ പൈലറ്റുമാരുടെ അഭാവം നിമിത്തം റെയില്‍വേ ഇത് അംഗീകരിച്ചിട്ടില്ലെന്നുമാണ് അറിയുന്നത്.

RELATED STORIES

Share it
Top