അധിക ചുങ്കം: യുഎസിന്റെ നടപടിക്കെതിരേ ചൈന

ബെയ്ജിങ്/വാഷിങ്ടണ്‍: യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് 10 ശതമാനം നികുതി ഏര്‍പ്പെടുത്തി 200 ബില്യണ്‍ ഡോളര്‍ കണ്ടെത്താനുള്ള യുഎസിന്റെ നടപടിക്കേതിരേ ചൈന രംഗത്ത്.
ഉല്‍പന്നങ്ങള്‍ക്ക് പുതിയ നികുതി ഏര്‍പ്പെടുത്താനുള്ള യുഎസ് തീരുമാനം ഞെട്ടലുണ്ടാക്കിയതായി ചൈനയുടെ വ്യാപാര മന്ത്രാലയം അറിയിച്ചു. ഇതുസംബന്ധിച്ചു ലോക വ്യാപാര സംഘടനയില്‍ പരാതി നല്‍കുമെന്നും ചൈന അറിയിച്ചു. എന്നാല്‍, ഇത് പെട്ടെന്നുണ്ടാവില്ല. യുഎസ് നടപടിക്ക് എങ്ങനെ തിരിച്ചടി നല്‍കാമെന്നാണ് ആലോചിക്കുന്നത്. യുഎസ് നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ചൈന വ്യക്തമാക്കി. യുഎസിലേക്കുള്ള ചൈനീസ് വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ തീരുമാനിച്ചതായുള്ള സ്ഥിരീകരിക്കാത്ത റിപോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ചൈനീസ് വിനോദ സഞ്ചാരികളില്‍ നിന്ന് 115 ബില്യണ്‍ യുഎസ് ഡോളര്‍ യുഎസിന് ലഭിക്കുന്നുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ദിവസം പുതിയ നികുതി ഏര്‍പ്പെടുത്തുന്ന ആയിരം ചൈനീസ് ഉല്‍പന്നങ്ങളുടെ പട്ടിക യുഎസ് ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടു. ഇതില്‍ നൂറോളം ഭക്ഷ്യ ഉല്‍പന്നങ്ങളും പുകയില ഉല്‍പന്നങ്ങളും രാസവസ്തുക്കളും കല്‍ക്കരി, സ്റ്റീല്‍, അലുമിനിയം ഉല്‍പന്നങ്ങളും ഉള്‍പ്പെടും. കൂടാതെ, കാര്‍ ടയര്‍, ഗൃഹോപകരണങ്ങള്‍, മരഉല്‍പന്നങ്ങള്‍, ബാഗുകള്‍ ഉള്‍പ്പെടും.

RELATED STORIES

Share it
Top