അധിക്ഷേപം: ഐടി ആക്റ്റ് പ്രകാരം കേസ്‌

കൊച്ചി: മീന്‍വില്‍പന നടത്തിയ കോളജ് വിദ്യാര്‍ഥിനി ഹനാനെ അപകീര്‍ത്തിപ്പെടുത്തി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടവര്‍ക്കെതിരേ പോലിസ് കേസെടുത്തു. പെണ്‍കുട്ടിയെ അപമാനിച്ചവര്‍ക്കെതിരേ കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നുവെന്നും ഐടി ആക്റ്റ് പ്രകാരമാണ് കേസ് എടുത്തതെന്നും എറണാകുളം എസിപി ലാല്‍ജി പറഞ്ഞു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയാവും അന്വേഷണം നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട് സ്വദേശി നൂറുദ്ദീന്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. കോതമംഗലത്ത് ഹനാന്‍ ചികില്‍സയില്‍ കഴിയുന്ന ആശുപത്രിയിലെത്തി പോലിസ് മൊഴിയെടുത്തു. സൈബര്‍ ആക്രമണത്തില്‍ താന്‍ ആകെ തകര്‍ന്നുപോയതായി ഹനാന്‍ പോലിസിനോട് പറഞ്ഞു. ഹനാനെതിരേ ആദ്യം വീഡിയോ പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരേയും വീഡിയോ പങ്കുവച്ചവര്‍ക്കെതിരേയും കേസ് വരുമെന്ന്  പോലിസ് പറഞ്ഞു.
ഹനാന്‍ തമ്മനത്ത് മീന്‍വില്‍പന നടത്തുന്നതിന്റെ വാര്‍ത്ത ആദ്യം ഒരു ദിനപത്രത്തിലും പിന്നാലെ ഏതാനും ദൃശ്യമാധ്യമങ്ങളിലും വന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇത് സിനിമയുടെ പ്രചാരണത്തിനു വേണ്ടിയാണെന്ന തരത്തില്‍ ഹനാനെ വിമര്‍ശിച്ചും അനുകൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുത്തത്. തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും താന്‍ ജീവിക്കാന്‍ വേണ്ടിയാണ് മീന്‍വില്‍പന നടത്തുന്നതെന്നും ഹനാന്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയും വനിതാ കമ്മീഷനും അടക്കമുള്ളവര്‍ ഹനാന് പിന്തുണയുമായി രംഗത്തുവന്നു.

RELATED STORIES

Share it
Top