അധികൃതര്‍ കൈയൊഴിഞ്ഞ പൊതുകിണര്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ വൃത്തിയാക്കികഴക്കൂട്ടം: കുടിവെള്ളം കിട്ടാക്കനിയായ പ്രദേശത്തെ കോര്‍പറേഷന്റെ പൊതു കിണര്‍ വൃത്തിയാക്കി ഇതര സംസ്ഥാന തൊഴിലാളികള്‍ മാതൃകയായി. കോര്‍പറേഷനിലെ കഴക്കൂട്ടം രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഉള്ളൂര്‍ക്കോണത്തു മാലിന്യം നിറഞ്ഞ 70 അടി താഴ്ചയുള്ള പൊതുകിണറാണ് തൊഴിലാളികള്‍ വൃത്തിയാക്കിയത്. കാലങ്ങളായി വൃത്തിഹീനമായി കിടന്ന കിണര്‍ ശൂചീകരിക്കണമെന്നാവശ്യപ്പെട്ട്് കൗണ്‍സിലറെയും മറ്റു അധികാരികളെയും സമീപ വാസികള്‍ സമീപിച്ചുവെങ്കിലും പരിഹാരമുണ്ടായില്ല. ജലക്ഷാമം രൂക്ഷമായപ്പോള്‍ മൂന്നുദിവസം ടാങ്കറില്‍ വെള്ളം കൊണ്ട് വന്നതല്ലാതെ കോര്‍പറേഷന്‍ തിരിഞ്ഞു നോക്കിയില്ലെന്ന് സമീപവാസികള്‍ ആരോപിക്കുന്നു. 70 വര്‍ഷങ്ങള്‍്ക്കു മുമ്പ് സമീപവാസിയായ പഞ്ചായത്തുമെംബര്‍ കൊച്ചു വടക്കതില്‍ കേശവന്‍പിള്ളയാണ് സ്വന്തം സ്ഥലം വിട്ടുനല്‍കി പൊതുകിണര്‍ പണികഴിപ്പിച്ചത്. എന്നാല്‍ പഞ്ചായത്തുപ്രദേശം ആയിരുന്നപ്പോള്‍ ഈ പൊതുകിണര്‍ വൃത്തിയാക്കി സംരക്ഷിച്ചിരിന്നു. കോര്‍പറേഷനില്‍ ഉള്‍പ്പെടുത്തിയതിന് ശേഷം  പൊതുകിണറിനെ അധികൃതര്‍ അവഗണിക്കുകയായിരുന്നു. നൂറോളം കുടുംബങ്ങളാണ് ഈ കിണര്‍ ഉപയോഗിച്ചിരുന്നത്. എന്നാല്‍ കിണറിന്റെ അവസ്ഥ കണ്ടറിഞ്ഞു സമീപത്തെ മോഹനന്‍ നായരുടെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന അന്യ സംസ്ഥാന തൊഴിലാളികള്‍ ശുചീകരണവുമായി രംഗത്തിറങ്ങുകയായിരുന്നു. ജോയ്‌ദേവ്, ഒറീസ്സാ സ്വദേശിയായ രവി, ആസാം സ്വദേശി തപന്‍ ദാസ്സ്, ബിഹാര്‍ സ്വദേശികളായ മോഹന്‍ദാസ്, വിശ്വജിത് സര്‍ക്കാര്‍ സ്ഥലവാസികളായ മോഹനന്‍നായരും ഹരിദാസന്‍ നായരും രംഗത്തിറങ്ങിയത്. പ്രദേശവാസികളുടെ ജലക്ഷാമത്തിന് താല്‍ക്കാലികമായെങ്കിലും പരിഹാരം കാണുവാന്‍ സാധിച്ച സന്തോഷത്തിലാണ് ഇവര്‍.

RELATED STORIES

Share it
Top