അധികൃതര്‍ കണ്ണടച്ചപ്പോള്‍ റോഡ് നിര്‍മിച്ച് സ്ത്രീശക്തി

ബിഹാര്‍: ഗ്രാമത്തിലേക്ക് സഞ്ചാരയോഗ്യമായ ഒരു റോഡിനായി ഗ്രാമവാസികള്‍ കഴിഞ്ഞ 10 വര്‍ഷമായി അപേക്ഷകളുമായി കയറിയിറങ്ങാത്ത സര്‍ക്കാര്‍ ഓഫിസുകളില്ല ബിഹാറിലെ ബന്ദ്ര ജില്ലയിലെ ഗ്രാമത്തില്‍. ഗ്രാമവാസികളുടെ തുടര്‍ച്ചയായ ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ഗ്രാമത്തിലെ സ്ത്രീകള്‍ ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. ഗ്രാമത്തിന്റെ പ്രധാന പോരായ്മയായ റോഡ് നിര്‍മിക്കാന്‍.
എന്നാല്‍, ഭൂപ്രഭുക്കള്‍ ഉള്‍പ്പെടെയുള്ള സ്ഥലമുടമകള്‍ ഭൂമി വിട്ടുതരില്ലെന്ന് കടുംപിടിത്തം പിടിച്ചതോടെ റോഡ് നിര്‍മാണം പ്രതിസന്ധിയിലായി. റോഡ് ഇല്ലാത്തതു കാരണം കിലോമീറ്ററുകള്‍ കാല്‍നടയായി വേണം അടുത്തുള്ള ആശുപത്രിയിലെത്താന്‍. ഇത് പലപ്പോഴും രോഗികളുടെയും ഗര്‍ഭിണികളുടെയും മരണത്തില്‍ കലാശിച്ചിട്ടുമുണ്ട്. ഇതു ചൂണ്ടിക്കാട്ടി ഓരോ സ്ഥലമുടമകളെയും നേരില്‍ക്കണ്ട് സംസാരിക്കലായിരുന്നു ആദ്യഘട്ടം. കൂട്ടമായി സ്ത്രീകള്‍ ഓരോ വീടും കയറിയിറങ്ങി. ഒടുവില്‍ സ്ഥലം വിട്ടുനല്‍കാന്‍ ഓരോരുത്തരായി മുന്നോട്ടുവന്നു.
സൂര്യോദയം മുതല്‍ അസ്തമയം വരെ 130 ഓളം സ്ത്രീകള്‍ മൂന്നുദിവസം മുന്നിട്ടിറങ്ങിയതോടെ റോഡെന്ന ആവശ്യം യാഥാര്‍ഥ്യമായി. റോഡ് പ്രശ്‌നം ഏറെ അലട്ടിയ നിമ, ജൊറാര്‍പൂര്‍, ദുര്‍ഗാപൂര്‍ ഗ്രാമങ്ങളിലെ സ്ത്രീകളാണ് ഇപ്പോള്‍ ബിഹാറിലെ താരങ്ങള്‍. ഇവരുടെ പ്രദേശത്തു നിന്ന് ഏറ്റവും അടുത്തുള്ള ആശുപത്രിക്കു സമീപത്തേക്കാണ് റോഡ് വെട്ടിയിരിക്കുന്നത്. ഇവരുടെ അധ്വാനത്തെ പ്രകീര്‍ത്തിച്ച് ബാങ്ക ജില്ലാ ജഡ്ജി മുന്നോട്ടുവരുകയും റോഡ് കോണ്‍ക്രീറ്റാക്കി മാറ്റുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്.
മഴക്കാലത്ത് മേഖലയില്‍ താമസിക്കുന്നത് ഏറെ പ്രയാസമായിരുന്നെന്ന് റോഡ് നിര്‍മാണത്തിനു മുന്നിട്ടിറങ്ങിയ നിമ സ്വദേശി രേഖാ ദേവി പറയുന്നു. റോഡ് ഇല്ലാത്തതുമൂലം രോഗികളെയും ഗര്‍ഭിണികളെയും കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാന്‍ കഴിയാറില്ല. ഇതു പലപ്പോഴും മരണത്തിനു വരെ ഇടയാക്കിയിട്ടുണ്ട്. ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടി ഉണ്ടാവാത്തതിനാലാണ് തങ്ങള്‍ മുന്നിട്ടിറങ്ങിയതെന്ന് അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top