അധികൃതര്‍ ഉറപ്പ് പാലിച്ചില്ല: കുന്നത്തൂര്‍ വരണ്ടുണങ്ങുന്നു

ശാസ്താംകോട്ട: കെഐപി കനാല്‍ തുറന്ന് വിടാമെന്ന അധികൃതരുടെ വാക്ക് നനടപ്പാക്കാത്തതിനാല്‍  കുന്നത്തൂര്‍ വരണ്ടുണങ്ങുന്നു.
കുന്നത്തൂര്‍ താലൂക്ക് വികസന സമിതിയിലും കനാല്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയ എസ്ഡിപിഐ പോരുവഴി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ക്കും നല്‍കിയ ഉറപ്പ് ദിവസങ്ങള്‍ പിന്നിട്ടിട്ടും പാലിച്ചില്ല. കനാല്‍ തുറക്കാത്തതുമൂലം കൃഷി ഇടങ്ങള്‍ കരിഞ്ഞുണങ്ങുകയും കിണറുകളില്‍ വെള്ളം വറ്റി കുടിവെള്ളം ലഭിക്കാതെയും ജനങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്. കുന്നത്തൂര്‍, പോരുവഴി, ശൂരനാട്‌തെക്ക്, ശാസ്താംകോട്ട, മൈനാഗപ്പള്ളി തുടങ്ങിയ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഇതാണ് സ്ഥിതി. മൂന്ന് ആഴ്ച മുന്‍പ് കനാലുകള്‍ തുറന്ന് വിട്ടിരുന്നു. കനാലുകള്‍ വൃത്തിയാക്കാതെയും ആവശ്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെയും പെട്ടെന്ന് കനാലുകള്‍ തുറന്ന് വിടുകയായിരുന്നു. മാലിന്യങ്ങള്‍ അടിഞ്ഞുകൂടി ഒഴുക്ക് നിലച്ചും തകര്‍ന്ന ഭാഗങ്ങളില്‍ കൂടി വെള്ളം പുറത്തേക്ക് ഒഴുകിയും വ്യാപകമായ നാശ നഷ്ടം ഉണ്ടായതോടെ പ്രതിഷേധം ഉയരുകയും പിന്നീട് കനാല്‍ അടക്കുകയുമായിരുന്നു. ശാസ്താംകോട്ട മണ്ണണ്ണമുക്കിന് സമീപം സ്വകാര്യ മൊബൈല്‍ ഫോണ്‍ കമ്പനിക്കാര്‍ കേബിള്‍ ഇടുന്നതിന് വേണ്ടി കുഴിച്ചപ്പോള്‍ കനാലിന്റെ സ്ലാബ് തകര്‍ന്ന് വെള്ളം റോഡിലൂടെ ഒഴുകിയതും കനാല്‍ അടയ്ക്കുന്നതിന് മറ്റൊരു കാരണമായി. തകര്‍ന്ന ഭാഗങ്ങള്‍ ശരിയാക്കിയിട്ടില്ലെങ്കിലും കനാല്‍ വൃത്തിയാക്കല്‍ ഏറെക്കുറെ പൂര്‍ണ്ണമായതിനാല്‍ കനാല്‍ അടിയന്തിരമായി തുറന്ന് വിടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അതേ സമയം കുന്നത്തൂരിലെ കെഐപി കനാലുകള്‍ വൃത്തിയാക്കുന്ന ജോലികള്‍ ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ മൂന്ന് ദിവസത്തിനുള്ളില്‍ കനാല്‍ തുറക്കുമെന്ന് കെഐപി അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top