അധികൃതര്‍ക്ക് മൗനം : ആവണി തോട്ടില്‍ മാലിന്യം നിറയുന്നു; ജനം പകര്‍ച്ചവ്യാധി ഭീഷണിയില്‍ചങ്ങനാശ്ശേരി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നുപോവുന്ന തോട്ടില്‍ നിന്നുമെത്തുന്ന മാലിന്യങ്ങളാല്‍ ആവണി തോട് നിറയുന്നു. ഇതേ തുടര്‍ന്ന് സമീപവാസികള്‍ പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. നിലവില്‍ പ്രദേശത്ത് പകര്‍ച്ചപ്പനി വ്യാപകമായിട്ടുണ്ട്. തോട്ടില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനോ ഇവിടെ നിന്ന് ഉയരുന്ന ദുര്‍ഗന്ധത്തിനു പരിഹാരം കാണാനോ ബന്ധപ്പെട്ടവര്‍ തയ്യാറാവുന്നില്ലെന്ന് ആക്ഷേപം ശക്തമാണ്. റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തു നിന്ന് ഉല്‍ഭവിച്ച് എസി കനാലില്‍ അവസാനിക്കുന്ന ഉമ്പുഴിച്ചിറ തോടിന്റെ അവസാനഭാഗമാണ് ആവണി തോട്. എന്നാല്‍ ഇതു കടന്നുവരുന്ന ഭാഗങ്ങളിലെല്ലാം തോടിനു ഇരുവശങ്ങളില്‍ താമസിക്കുന്നവരും നഗരത്തിലെ കച്ചവടക്കാരും മറ്റും തോട്ടിലേക്കു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതും പതിവാണ്. കൂടാതെ മദ്യക്കുപ്പികളും പ്ലാസ്റ്റിക് കെട്ടുകളും നിക്ഷേപിക്കുന്നുണ്ട്. ശക്തമായ മഴ ആരംഭിക്കുന്നതോടെ തോട്ടിലെ നീരൊഴുക്ക് ശക്തി പ്രാപിക്കുകയും മാലിന്യങ്ങള്‍ ആവണിത്തോട്ടില്‍ ഒഴുകി എത്തുകയുമാണ് ചെയ്യുന്നത്. നേരത്തെ പലപ്രവശ്യവും തോട് വൃത്തിയാക്കിയിരുന്നെങ്കിലും പിന്നീട് പതിന്മടങ്ങ് മാലിന്യം വര്‍ദ്ധിക്കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കു മുമ്പുണ്ടായ മഴയെത്തുടര്‍ന്നു തോട്ടിലെ നീരൊഴുക്കു ശക്തിപ്രാപിക്കുകയും മാലിന്യം ഒഴുകി ആവണിതോട്ടില്‍ നിറഞ്ഞതാണ് ഇപ്പോഴത്തെ പ്രശ്‌നം.എന്നാല്‍ ഈ മാലിന്യങ്ങള്‍ എസി കനാലില്‍ പതിക്കാന്‍ പറ്റിയ നിലയിലുള്ള കുഴലല്ല ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിനു കുറുകെ സ്ഥാപിച്ചിട്ടുള്ളത്. ഈ കുഴല്‍ നീക്കം ചെയ്തു വലിയ വ്യാസമുള്ള കുഴല്‍ സ്ഥാപിക്കുകയോ ഇവിടെ കലുങ്കു നിര്‍മിക്കുകയോ ചെയ്യണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ ഇതിനായി  ബജറ്റില്‍ തുക കൊള്ളിച്ചിട്ടുണ്ടെന്നു പറയാന്‍ തുടങ്ങിയിട്ടും നാളേറെയായി.  ഇവിടെ കലുങ്കു പണിയാതെ  ആവണിതോട്ടിലെ മാലിന്യ പ്രശ്‌നത്തിനു പരിഹാരം കാണാന്‍ കഴിയില്ലെന്നു ബന്ധപ്പെട്ടവര്‍ തന്നെ പറയാറുണ്ടെങ്കിലും രണ്ടു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല.

RELATED STORIES

Share it
Top