അധികൃതരെ അസഭ്യം പറഞ്ഞുവെന്നാരോപിച്ച് വിദ്യാര്‍ഥിയെ പുറത്താക്കി

പെരിയ: കേന്ദ്രസര്‍വകലാശാല വൈസ്ചാന്‍സലര്‍, രജിസ്ട്രാര്‍ തുടങ്ങിയവരെ അസഭ്യം പറഞ്ഞുവെന്ന് ആരോപിച്ച് ഇന്റര്‍ നാഷണല്‍ റിലേഷന്‍ ഡിപാര്‍ട്ട്‌മെന്റിലെ പിജി രണ്ടാം വര്‍ഷ വിദ്യാര്‍ഥി അഖില്‍ താഴത്തിനെ സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കി. വൈസ് ചാന്‍സലറെയോ കേന്ദ്ര സര്‍വകലാശാലയെയോ പരാമര്‍ശിക്കാതെ ആക്ഷേപ ഹാസ്യ രൂപത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍പോസ്റ്റ് ചെയ്ത പോസ്റ്റര്‍ സര്‍വകലാശാലയ്ക്ക് അപമാനം ഉണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് നടപടി.
രണ്ട് പ്രാവശ്യം അന്വേഷണ സമിതിക്ക് മുമ്പ് അഖില്‍ ഹാജരായിരുന്നു. ജുലൈ 22ന് നടന്ന അന്വേഷണ സിറ്റിങ് റെക്കോഡ് ചെയ്തിട്ടുണ്ട്. ഇതില്‍ ആഗസ്ത് 16നും അച്ചടക്ക സമിതിക്ക് മുമ്പില്‍ ഹാജരായിരുന്നു. തന്റെ പോസ്റ്റിന്റെ പേരില്‍ ആര്‍ക്കെങ്കിലും തെറ്റിദ്ധാരണയുണ്ടായെങ്കില്‍ ഖേദിക്കുന്നുവെന്നും അച്ചടക്ക സമിതി മുമ്പാകെ അറിയിച്ചിരുന്നു. എന്നാല്‍ ഖേദപ്രകടനം നടത്തിയില്ലെന്നും അഖിലിന്റെ പോസ്റ്റ് സര്‍വകലാശാലയെ അവഹേളിക്കുന്നതാണെന്നും പറഞ്ഞാണ് വിദ്യാര്‍ഥിയെ പുറത്താക്കിയത്. ജൂണ്‍ 25 മുതല്‍ സസ്‌പെന്‍ഷനിലായിരുന്ന അഖില്‍താഴത്ത് അന്വേഷണ കമ്മിറ്റിക്ക് മുമ്പില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തയ്യാറായിരുന്നില്ലെന്നാണ് സര്‍വകലാശാലയുടെ വാദം. ഇത് പ്രകാരം കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വകലാശാല എക്‌സിക്യുട്ടീവ് കൗണ്‍സില്‍യോഗമാണ് അച്ചടക്ക നടപടിക്ക് അംഗീകാരം നല്‍കിയത്.
നേരത്തെ കാംപസിലെ ഫയര്‍ ആന്റ് സേഫ്റ്റി ഉപകരണത്തിന്റെ ഗ്ലാസ് ചില്ല് തകര്‍ത്തുവെന്നതിന്റെ പേരില്‍ പട്ടികവര്‍ഗ വിദ്യാര്‍ഥിയായ ജി നാഗരാജുവിനെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും വിവാദമായിരുന്നു.

RELATED STORIES

Share it
Top