അധികൃതരുടെ അനാസ്ഥ; പെരിയാര്‍ ഫെസ്റ്റ് നടത്തിയ കളിസ്ഥലം വിട്ടുനല്‍കുന്നില്ല

വണ്ടിപ്പെരിയാര്‍: കുട്ടികളുടെ കളിസ്ഥലം കൈയേറി സ്ഥാപിച്ചിരിക്കുന്ന യന്ത്ര സാധന സാമഗ്രികള്‍ നീക്കംചെയ്യാന്‍ പഞ്ചായത്ത് അധികൃതര്‍ തയ്യാറാവാത്തില്‍ പ്രതിഷേധം ശക്തമാവുന്നു. പെരിയാര്‍ ഫെസ്റ്റിന്റെ ഭാഗമായി കഴിഞ്ഞ മാസം വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തില്‍ സ്ഥാപിച്ച യന്ത്ര സാമഗ്രികളാണ് പഞ്ചായത്തിന്റെ അനാസ്ഥ മൂലം ഫെസ്റ്റ് സംഘടിപ്പിച്ച കരാറുകാരന്‍ നീക്കം ചെയ്യാതിരിക്കുന്നത്.
ഇതോടെ പെരിയാറ്റിലും സമീപ പ്രദേശത്തെ കുട്ടികളുടെ ഏക കളിസ്ഥലമാണ് നഷ്ടമായിരിക്കുന്നത്. വേനലവധിക്കാലത്ത് പ്രദേശത്തെ ഒരുപറ്റം ചെറുപ്പക്കാരും കുട്ടികളും ക്രിക്കറ്റും ഫുട്‌ബോളും കളിക്കുന്ന കളിസ്ഥലമാണ് ഇത്. കഴിഞ്ഞ ഫെബ്രുവരി 23 മുതല്‍ ഈ മാസം 13 വരെയായിരുന്നു പെരിയാര്‍ ഫെസ്റ്റ് എന്ന പേരില്‍ മിനി സ്‌റ്റേഡിയത്തില്‍ പരിപാടി സംഘടിപ്പിച്ചിരുന്നത്. ഒരു ദിവസം തറവാടക ഇനത്തില്‍ ഗ്രൗണ്ട് 5000 രൂപ ഈടാക്കി അരലക്ഷത്തോളം രൂപ അഡ്വാന്‍സ് ഇനത്തില്‍ കരാര്‍ ഉറപ്പിച്ചാണ് ഫെസ്റ്റ് സംഘടിപ്പിച്ച കരാറുകാരന് ഗ്രൗണ്ട് കൈമാറിയത്. അമ്യൂസ്‌മെന്റ് പാര്‍ക്ക്, കാര്‍ഷിക നേഴ്‌സറി, പുഷ്പ ഫല പ്രദര്‍ശനം, മാജിക് ഷോ, ഫുഡ് കോര്‍ട്ട് തുടങ്ങിയവയും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.
എന്നാല്‍ ഫെസ്റ്റ് അവസാനിച്ച് 15 ദിവസം പിന്നിട്ടിട്ടും അമ്യൂസ്‌മെന്റിന്റെ ഭാഗമായി സ്ഥാപിച്ച യന്ത്ര സാധന സാമഗ്രികള്‍ മാറ്റുവാന്‍ ഫെസ്റ്റ് സംഘടിപ്പിച്ച കരാറുകാരന്‍ തയ്യാറായിട്ടില്ല. നടപടിയെടുക്കേണ്ട പഞ്ചായത്ത് അധികൃതരുടെ നിസംഗതയാണ് ഇതിനു പിന്നിലെന്നും ഇതിനോടകം ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് നല്‍കിയ കരാര്‍ കാലാവധി അവസാനിച്ചിട്ടും കരാര്‍ പുതുക്കുകയോ വാടക നല്‍കുകയോ സാധന സാമഗ്രികള്‍ നീക്കം ചെയ്യാന്‍ പോലും കരാറുകാരന്‍ തയ്യാറായിട്ടില്ല. വ്യക്തിപരമായ സാമ്പത്തിക ഇടപാടുമൂലം ചില തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സാമഗ്രികള്‍ നീക്കം ചെയ്യാത്തതെന്നാണ് കരാറുകാര്‍ നല്‍കുന്ന വിശദീകരണം. പ്രാദേശിക സിപിഎം നേതൃത്വം പ്രശ്‌നത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും പാര്‍ട്ടി ഇടപെട്ട് പണം വാങ്ങി തരാമെന്ന ധാരണയിലാണ് ഇത് നീക്കം ചെയ്യാത്തതെന്നും ഇയാള്‍ പറയുന്നു. ഇതുമൂലമാണ് പഞ്ചായത്ത് നടപടികള്‍ സ്വീകരിക്കുന്നതില്‍ മൃദുസമീപനം കൈകൊള്ളുന്നതെന്നും ആരോപണമുണ്ട്. ഇത് ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധത്തിനു കാരണമായിരിക്കുകയാണ്.
തോട്ടംമേഖലയുടെ ഭാഗമായ വണ്ടിപ്പെരിയാര്‍ പ്രദേശത്തെ കുട്ടികളുടെ ഏകകളിസ്ഥലവും പരിശീലന കേന്ദ്രവും കൂടിയായ ഗ്രൗണ്ടില്‍ തടസങ്ങള്‍ നീക്കി എത്രയും വേഗം കുട്ടികള്‍ക്ക് പരിശീലനം നടത്താന്‍ അവസരം ഒരുക്കണമെന്നാണ് കായിക പ്രേമികളുടെ ആവശ്യം. സാധനങ്ങള്‍ നീക്കംചെയ്യാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കിയതായും കരാറുകാരനില്‍ നിന്ന് വാടക ഈടാക്കിയ ശേഷം മാത്രമെ സാധനങ്ങള്‍ വിട്ടുനല്‍കുകയുള്ളൂവെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

RELATED STORIES

Share it
Top