അധികൃതരുടെ അനാസ്ഥ: ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ റോഡ് ഉപരോധവുമായി നാട്ടുകാര്‍

ചാവക്കാട്: കടല്‍ക്ഷോഭം രൂക്ഷമായിട്ടും അധികൃതരുടെ അനാസ്ഥ തുടരുന്നതില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി കെ ബഷീറിന്റെ നേതൃത്വത്തിലാണ് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും നാട്ടുകാരും ചേര്‍ന്ന് റോഡ് ഉപരോധിച്ചത്.
കാലങ്ങളായി കരിങ്കല്‍ ഭിത്തി നിര്‍മിക്കാത്തതിലും ദുരിതബാധിത പ്രദേശത്ത് ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍  ഒരാള്‍ പോലും തിരിഞ്ഞ് നോക്കാത്തതിലും പ്രതിഷേധിച്ചായിരുന്നു സമരം. അഞ്ചങ്ങാടി വളവിലാണ് ആദ്യം ഉപരോധ സമരം നടന്നത്. ഇതോടെ ചാവക്കാട് അഞ്ചങ്ങാടി റോഡില്‍ മണിക്കൂറുകളോളം വാഹന ഗതാഗതം നിശ്ചലമായി. ദേശീയപാത 17 മൂന്നാംകല്ലു മുതല്‍ ചാവക്കാട് വരെ തകര്‍ന്നു കിടക്കുന്നതിനാല്‍ ഇതുവഴിയായിരുന്നു വാഹനങ്ങള്‍ കടന്നു പോയിരുന്നത്.
ഉപരോധം ശകതമായതോടെ  വിവരമറിഞ്ഞെത്തിയ പോലിസ് പ്രതിഷേധക്കാരുമായി ചര്‍ച്ച ചെയ്ത് പ്രശന പരിഹാരത്തിന്  ശ്രമിച്ചെങ്കിലും നടന്നില്ല. ജില്ലാ ഭരണകൂടത്തിന്റെ വ്യക്തമായ ഉറപ്പുകള്‍ ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടിലായിരുന്നു സമരക്കാര്‍. പിന്നീട് വില്ലേജ്, താലൂക്ക് അധികാരികള്‍ നേരിട്ട് ബന്ധപ്പെട്ടെങ്കിലും സമരം തുടര്‍ന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി സമരക്കാര്‍ പ്രകടനമായി അഞ്ചങ്ങാടി സെന്ററിന് കിഴക്കുവശത്ത് എത്തുകയും  വീണ്ടും റോഡ് ഉപരോധം തുടങ്ങുകയും ചെയ്തു. കനത്ത മഴയെ അവഗണിച്ചായിരുന്നു ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് പേര്‍ സമരത്തില്‍ പങ്കു ചേര്‍ന്നത്. ഇതോടെ ദേശീയപാതയിലും ഗതാഗതം സ്ഥംഭിച്ചു.
കിലോമീറ്ററുകളോളം വാഹനങ്ങളുടെ നീണ്ട നിര നീണ്ടു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ പഞ്ചായത്ത് പ്രസിഡന്റുമായി ഫോണില്‍ ബന്ധപ്പെട്ട് അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍ക്കുകയും ചാവക്കാട് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി ഗോപകുമാര്‍ സ്ഥലത്തെത്തി സമരക്കാരുമായി നേരിട്ട് സംസാരിക്കുകയും ജില്ലാ ഭരണകൂടത്തിന്റെ ഉറപ്പുകള്‍ സമരക്കാരുടെ മുന്നില്‍  വ്യക്തമാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. ഇന്ന് എഡിഎം ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും കരിങ്കല്‍ഭിത്തി നിര്‍മിക്കുന്നതിനായി കല്ലുകള്‍ക്ക് വിവിധ ജില്ലകളില്‍ ആവശ്യം അറിയിച്ചിട്ടുണ്ടെന്നും അടിയന്തിര നടപടികള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ സമരക്കാര്‍ക്ക് ഉറപ്പു നല്‍കി.
സമരത്തിന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹസീന താജുദ്ദീന്‍, ജനപ്രതിനിധികളായ കെ ഡി വീരമണി, ഷാജിത ഹംസ, പി എം മുജീബ്, പി എ അഷ്‌ക്കറലി, റസിയ അമ്പലത്ത്, റഫീഖ, ഷാലിമ സുബൈര്‍, ശ്രീബ രതീഷ്, വിവധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെ എച്ച് ഷാജഹാന്‍, ഇബ്രാഹിം പുളിക്കല്‍, ആര്‍ കെ ഇസ്മയില്‍, സെക്കീര്‍ തൊട്ടാപ്പ്, പി കെ അബൂബക്കര്‍, ആര്‍ എസ് മുഹമ്മദ്‌മോന്‍, നൗഷാദ് തെരുവത്ത്, എ കെ ഷുഹൈബ്, സി ബി അബ്ദുല്‍ ഫത്താഹ്, തൗഫീഖ് തൊട്ടാപ്പ്, സുഹൈല്‍തങ്ങള്‍, ടി ആര്‍ ഇബ്രാഹിം, പി കെ അലി നേതൃത്വം നല്‍കി.

RELATED STORIES

Share it
Top