അധികാര വികേന്ദ്രീകരണം പൂര്‍ണമാവാന്‍ സെക്രട്ടേറിയറ്റിന്റെ പ്രാധാന്യം കുറയണമെന്ന്

കോട്ടയം: സെക്രട്ടേറിയറ്റിന്റെ പ്രാധാന്യം കുറയുന്നതിലൂടെ മാത്രമേ അധികാര വികേന്ദ്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി. കേരള പഞ്ചായത്ത് എംപ്ലോയീസ് ഫെഡറേഷന്‍ 20ാം സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരം ഇനിയും വികേന്ദ്രീകരിക്കപ്പെടേണ്ടതുണ്ട്. ഇപ്പോഴും എല്ലാ അധികാരങ്ങളും സെക്രട്ടേറിയറ്റിലേക്ക് വലിച്ചെടുക്കുന്ന വിധത്തിലുള്ള ഒരു അദൃശ്യപ്രതിഭാസം നിലനില്‍ക്കുന്നുണ്ട്. ഇത് ഇല്ലാതായാലേ അധികാര വികേന്ദ്രീകരണം പൂര്‍ത്തിയായി എന്നു പറയാനാവൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയില്‍ രാഷ്ട്രീയ ഭൂരിപക്ഷമല്ല, മറിച്ച് സാമുദായിക ഭൂരിപക്ഷമാണ് നിലനില്‍ക്കുന്നത്. കേരളത്തില്‍ മാത്രമാണ് ഇതിനു മാറ്റമുള്ളത്. അതുകൊണ്ടാണ് അധികാര വികേന്ദ്രീകരണവും ജനകീയാസൂത്രണവും ഇവിടെ വിജയകരമായി നടപ്പാക്കാനായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനാധിപത്യപ്രക്രിയയിലൂടെ സാമൂഹിക സാമ്പത്തിക രംഗത്ത് വിപ്ലവമുണ്ടാക്കാനാവണം. സ്വാതന്ത്ര്യം നേടി നിരവധി വര്‍ഷം പിന്നിടുമ്പോഴും നമുക്കിത് സാധ്യമാവുന്നുണ്ടോയെന്ന് പരിശോധിക്കപ്പെടണം. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോഴാണ് കേരളത്തിന്റെ എല്ലാ മേഖലയിലെയും വിജയം നമുക്ക് മനസ്സിലാക്കാനാവുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.സിപിഐ ജില്ലാസെക്രട്ടറി സി കെ ശശിധരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് എം രാകേഷ് മോഹന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്കു തുടക്കമായത്.

RELATED STORIES

Share it
Top