മദ്രസയിലെ ലൈംഗിക പീഡനം: വാര്‍ത്ത തെറ്റെന്ന് പ്രദേശവാസികള്‍

ലഖ്‌നോ: മദ്രസാ മാനേജറുടെ പീഡനത്തിന് ഇരകളായി കഴിഞ്ഞ 51 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയെന്ന വാര്‍ത്ത തെറ്റെന്ന് പ്രദേശവാസികള്‍. മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതു പോലെ പെണ്‍കുട്ടികള്‍ക്കെതിരായി മദ്രസയില്‍ ലൈംഗിക പീഡനം നടന്നിട്ടില്ലെന്ന് പ്രദേശവാസികളെ ഉദ്ധരിച്ച് ഉമീദ് ഡോട്ട്‌കോം റിപോര്‍ട്ട് ചെയ്തു. മദ്രസാ ഭരണം കൈക്കലാക്കുന്നതിനായി പ്രദേശത്തെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ മാസങ്ങളായി തുടരുന്ന കലഹമാണ് സംഭവത്തിനു പിന്നില്‍. പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്ന തരത്തില്‍ വാര്‍ത്ത വന്ന നിലവിലെ മാനേജര്‍ മുഹമ്മദ് ത്വയ്യിബ് സിയയില്‍ നിന്നും മദ്രസാ ഭരണം കൈക്കലാക്കാനായി ഒരു വിഭാഗം നിരന്തരം പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസത്തെ സംഭവവും. മദ്രസയില്‍ ലൈംഗിക പീഡനമൊന്നും നടന്നിട്ടില്ല. അധികാരികളെ സ്വാധീനിച്ച് മാനേജര്‍ ത്വയ്യിബ് സിയക്കെതിരേ ഒരു വിഭാഗം കള്ളക്കേസുണ്ടാക്കുകയായിരുന്നു.പീഡിക്കപ്പെടുന്നതായി മദ്രസയിലെ പെണ്‍കുട്ടികള്‍ കത്തു പുറത്തേക്കിട്ടുവെന്നും ഇതറിഞ്ഞാണ് പോലിസ് എത്തിയതെന്നുമാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ മദ്രസാ ഭരണം കൈക്കലാക്കാന്‍ നിരന്തരം ശ്രമിച്ചു കൊണ്ടിരുന്ന അഷ്‌റഫ് ജീലാനിയുള്‍പ്പടെ പുറത്തു നിന്നുള്ളവരുടെ ഇടപെടലുണ്ടായതോടെ മാനേജര്‍ ത്വയ്യിബ് സിയയാണ് പോലിസിനെ വിളിച്ചു വരുത്തിയത്. ഭീഷണി ശക്തമായതോടെ സ്വരക്ഷയ്ക്കു വേണ്ടിയാണ് ത്വയ്യിബ് സിയ പോലിസിനെ വിളിച്ചത്. എന്നാല്‍ സ്ഥലത്തെത്തിയ പോലിസ് ജീലാനിയുടെ പക്ഷം ചേര്‍ന്ന് ത്വയ്യിബിനെ അറസ്റ്റു ചെയ്യുകയായിരുന്നു.

മദ്രസയ്ക്കായി സ്ഥലം ദാനം ചെയ്്ത ജീലാനി തന്നെയാണ് ത്വയ്യിബ് സിയയെ മാനേജരാക്കി നിയമിച്ചത്. എന്നാല്‍ മദ്രസയുടെ മുഴുവന്‍ നിയന്ത്രണവും ത്വയ്യിബ് കൈക്കലാക്കി. ഇതില്‍ വിറളി പൂണ്ട ജീലാനി തന്റെ സ്വാധീനമുപയോഗിച്ച് ത്വയ്യിബിനെ കേസില്‍ കുടുക്കാന്‍ നിരന്തരം ശ്രമിച്ചിരുന്നു. സാമൂഹിക വിരുദ്ധരുടെ പിന്തുണ ലഭിച്ചതോടെ കഴിഞ്ഞ ദിവസം ജീലാനിയുടെ നീക്കങ്ങള്‍ വിജയം കണ്ടു. പോലിസിനു ലഭിച്ച പെണ്‍കുട്ടികളുടേതെന്നു പറയുന്ന കത്ത് ജീലാനി തന്നെ എഴുതിയതാണ്. ഇതിനായി പെണ്‍കുട്ടികളെ ഉപയോഗപ്പെടുത്തുകയായിരുന്നു. ഇക്കാര്യങ്ങളെല്ലാം പോലിസിനും അറിയാം. മദ്രസയിലെ പെണ്‍കുട്ടികളെ വിശദമായി ചോദ്യം ചെയ്യുകയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്താല്‍ സംഭവത്തിന്റെ സത്യാവസ്ഥ പുറത്തു വരും. പേരു വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ മദ്രസയുടെ സമീപവാസി വെളിപ്പെടുത്തി. അതേസമയം, അറസ്റ്റിലായ ത്വയ്യിബിനെ കഴിഞ്ഞ ദിവസം 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. അന്വേഷണം നടക്കുന്ന കേസില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ഇടപെട്ടിട്ടുണ്ട്.

RELATED STORIES

Share it
Top