അധികാരികള്‍ കനിയുന്നില്ല; ഈരാറ്റുപേട്ടയില്‍ വികസനം അകലെ

ഈരാറ്റുപേട്ട: അധികാരികളുടെ കടുത്ത അവഗണന പേറുന്ന ഈരാറ്റുപേട്ടയ്ക്ക് വികസനമെന്നത് അന്യമാവുന്നു. മൂവാറ്റുപുഴ, തൊടുപുഴ, പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി തുടങ്ങിയ പട്ടണങ്ങളൊടൊപ്പം പിറവിയെടുത്തതാണ് ഈരാറ്റുപേട്ടയും. എന്നാല്‍, അധികൃതര്‍ ഇപ്പോഴും ഈരാറ്റുപേട്ടയെ അവഗണിക്കുകയാണ്. 2011ലെ കണക്കു പ്രകാരം ഈരാറ്റുപേട്ടയിലെ ജനസംഖ്യ 34,000 ആണ്.
ഏഴര ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതി. രണ്ടു വര്‍ഷം മുമ്പ് ഈരാറ്റുപേട്ടയെ നഗരസഭയാക്കി അംഗീകരിച്ചെന്നതാണ് ആകെയുണ്ടായ പുരോഗതി. ഈരാറ്റുപേട്ട കേന്ദ്രമായി താലൂക്ക് രൂപീകരിക്കണമെന്ന ആവശ്യത്തിന് ആറുപതിറ്റാണ്ടുകാലത്തെ പഴക്കമുണ്ട്. ഇപ്പോഴും ഈ ആവശ്യത്തെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണ്. അതുപോലെ ഈരാറ്റുപേട്ട പ്രാഥമികാരോഗ്യ കേന്ദ്രത്തെ താലൂക്ക് ആശുപത്രിയാക്കണമെന്നും ജനങ്ങളുടെ ഏറെക്കാലത്തെ മുറവിളിയാണ്. ഈരാറ്റുപേട്ടയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ മിക്കവയും വാടകക്കെട്ടിടത്തിലാണു പ്രവര്‍ത്തിക്കുന്നത്. ഈ ഓഫിസുകളെല്ലാം ഒരു കുടക്കീഴിലാക്കി മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മിക്കണമെന്നതും യാഥാര്‍ഥ്യമാവാതെ കിടക്കുകയാണ്.
നഗരസഭ ഇതിനായി സ്ഥലം വിട്ടുനല്‍കാമെന്ന് അറിയിച്ചെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് മെല്ലെപ്പോക്കു തുടരുകയാണ്. അടുത്തിടെ സംസ്ഥാനത്ത് മൂന്ന് ജോയിന്റ് ആര്‍ടി ഓഫിസുകള്‍ അനുവദിച്ചപ്പോഴും ഈരാറ്റുപേട്ടയെ തഴഞ്ഞു. ജനസാന്ദ്രതയില്‍ മുന്നിട്ടു നില്‍ക്കുന്ന നഗരസഭയില്‍ ട്രാഫിക് പോലിസ് സ്റ്റേഷന്‍ അനുവദിക്കണമെന്നതും പൂവണിഞ്ഞിട്ടില്ല. നഗരത്തില്‍ നിരന്തരമായുണ്ടാവുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ പോലിസില്ലാത്ത സ്ഥിതിയാണ്.

RELATED STORIES

Share it
Top