അധികാരബലം കൊണ്ട് പാര്‍ട്ടിയെ തകര്‍ക്കാന്‍ കഴിയില്ല: എസ്ഡിപിഐ

കോഴിക്കോട്: മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട സംഭവത്തെ മറയാക്കി സിപിഎം രാഷ്ട്രീയവിരോധം തീര്‍ക്കുകയാണെന്നും അധികാരബലം കൊണ്ട് എസ്ഡിപിഐയെ തകര്‍ക്കാന്‍ കഴിയില്ലെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. ആലപ്പുഴയില്‍ പാര്‍ട്ടിയുടെ വാര്‍ഡ് മെംബര്‍ കിഷോര്‍കുമാര്‍ അടക്കം ജില്ലാ, മണ്ഡലം നേതാക്കളെ അന്യായമായി കസ്റ്റഡിയില്‍ വച്ചിരിക്കുന്നതില്‍ നിന്നു തന്നെ സര്‍ക്കാരിന്റെ ദുരുദ്ദേശ്യം വ്യക്തമാണ്. കസ്റ്റഡിയിലെടുത്ത പലരെയും വിവിധ കേസുകളില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയാണ് പോലിസില്‍ നിന്നുണ്ടാവുന്നത്. പ്രതികളെ തിരിച്ചറിഞ്ഞതായി പോലിസ് പ്രഖ്യാപിച്ചിട്ടും സംസ്ഥാനവ്യാപകമായി നൂറുകണക്കിന് എസ്ഡിപിഐ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ഭീകരത സൃഷ്ടിക്കുന്നതിനു ന്യായീകരണമില്ല. പാര്‍ട്ടി കൊടികളും ബോര്‍ഡുകളും നശിപ്പിച്ചു പ്രകോപനം സൃഷ്ടിക്കാനുള്ള സിപിഎമ്മിന്റെ ശ്രമം വിലപ്പോവാത്തതുകൊണ്ടാണ് ആക്രമണത്തിന്റെ പുതിയ രീതി അവലംബിക്കുന്നത്. പോലിസിനെ ഉപയോഗിച്ച് ഭീതി പരത്തി പൊതുജനങ്ങളെ പാര്‍ട്ടിയില്‍ നിന്നകറ്റാമെന്ന വ്യാമോഹം പരാജയപ്പെടുമെന്നും ഇത്തരം ഗൂഢാലോചനകളെ ജനാധിപത്യപരമായി നേരിടുമെന്നും റോയ് അറയ്ക്കല്‍ പറഞ്ഞു.

RELATED STORIES

Share it
Top