അദ്ഭുതസിദ്ധിയുണ്ടെന്ന് ധരിപ്പിച്ച് ആഭരണവുമായി മുങ്ങിയ പ്രതി റിമാന്‍ഡില്‍

കുന്ദമംഗലം: മലയമ്മ പുള്ളന്നൂരില്‍ അദ്ഭുതസിദ്ധിയുള്ള തങ്ങളാണെന്ന് ധരിപ്പിച്ച് നാട്ടുകാരെ പറ്റിച്ച് മുങ്ങിയ പ്രതി റിമാന്‍ഡില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി അബ്ദുല്‍ ഹഖീമിനെയാണ് കുന്ദമംഗലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പുള്ളന്നൂര്‍ വടക്കുംവീട്ടില്‍ മുഹമ്മദിന്റെ ഭാര്യ സാബിറ കുന്ദമംഗലം പോലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.
പരാതിക്കാരിയുടെ വീടിന് സമീപമുള്ള കല്ലുംപുറം കുഴിമണ്ണില്‍ ജുമാമസ്ജിദിന്റെ കീഴിലുള്ള വാടക ക്വാട്ടേഴ്‌സില്‍ താമസിച്ചിരുന്ന അബ്ദുല്‍ ഹഖീം യുവതിയുടെ മകന്റെ അസുഖം മാറ്റിത്തരാമെന്ന് പറഞ്ഞ് 9 പവനും 12,000 രൂപയും കവര്‍ന്നെ ന്നാണു പരാതി. പരാതിക്കാരിയുടെ ഭര്‍ത്താവ് വിദേശത്തു നിന്ന് വന്നപ്പോഴാണ് സംഭവം പുറത്തറിയുന്നത്. യുവതി കുന്ദമംഗലം പോലിസില്‍ പരാതിനല്‍കുകയായിരുന്നു. സംഭവം പുറത്തറിഞ്ഞതോടെ കൂടുതല്‍ ആളുകള്‍ പരാതിയുമായി രംഗത്തെത്തി. പരാതിക്കാരില്‍ 20 ലക്ഷം രൂപ നഷ്ടമായ റിയല്‍എസ്റ്റേറ്റ് ബിസിനസുകാരനുമുണ്ട്. ഇന്നലെ പുതുതായി 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മലപ്പുറം വളാഞ്ചേരിയിലെ കൊട്ടാരസമാനമായ സ്വന്തം വീട്ടില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച വരെ ഒരു പരാതിയാണ് ഔദ്യോഗികമായി പോലിസിന് ലഭിച്ചിരുന്നത്. പലയിടങ്ങളില്‍ നിന്നായി അഞ്ച് വിവാഹം കഴിച്ചയാളാണ് ഈ വ്യാജസിദ്ധന്‍. ആദ്യ ഭാര്യയെ ഇയാള്‍ ചവിട്ടിക്കൊന്നതായും ആരോപണമുണ്ട്. ഈ ബന്ധത്തിലെ മൂന്നു പെണ്‍കുട്ടികള്‍ക്കും രണ്ടാം ഭാര്യയിലുണ്ടായ മൂന്നു പെണ്‍കുട്ടികള്‍ക്കുമൊപ്പമാണ് താമസം.
മലയമ്മ പുള്ളന്നൂരില്‍ ഇയാളോടൊപ്പം താമസിച്ചുവന്നിരുന്ന സ്ത്രീയുടെ ആറ് വയസ്സുള്ള കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചിരുന്നതായും പറയുന്നു. അറസ്റ്റിന് മുമ്പ് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകള്‍ രക്ഷപ്പെട്ടു. ഇവരെ കുറിച്ച് പോലിസ് അന്വേഷിച്ചുവരികയാണ്.

RELATED STORIES

Share it
Top