അദ്ഭുതപ്പെടുത്തി റൊണാള്‍ഡോ; യുവന്റസിനെ അവരുടെ തട്ടകത്തില്‍ തകര്‍ത്ത് റയല്‍


ടുറിന്‍: യുവേഫ ചാംപ്യന്‍സ് ലീഗിലെ ആദ്യ പാദ ക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ബൈസിക്കിള്‍ കിക്ക് ഗോളടക്കം ഇരട്ട ഗോളുകള്‍ നേടിയ മല്‍സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് റയല്‍ നിര ജയിച്ചുകയറിയത്.
യുവന്റസിന്റെ തട്ടകത്തില്‍വച്ച് നടന്ന മല്‍സരത്തിന്റെ മൂന്നാം മിനിറ്റില്‍ത്തന്നെ റയല്‍ അക്കൗണ്ട് തുറന്നു. മികച്ച മുന്നേറ്റത്തിനൊടുവില്‍ വലത് വശത്ത് നിന്ന് ഇസ്‌കോ നല്‍കിയ മികച്ചൊരു ക്രോസിനെ അതിമനോഹരമായി റൊണാള്‍ഡോ വലയിലാക്കുകയായിരുന്നു. ഗോള്‍ വഴങ്ങിയതോടെ യുവന്റസ് നിര ശക്തമായ പ്രത്യക്രമണം നടത്തിയെങ്കിലും സെര്‍ജിയോ റാമോസ്, മാഴ്‌സലോ, കര്‍വാജല്‍ അണിനിരക്കുന്ന റയലിന്റെ പ്രതിരോധത്തിന് മുന്നില്‍ ലക്ഷ്യം അകന്നു നിന്നു. ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ 1-0ന്റെ ആധിപത്യത്തോടെയാണ് റയല്‍ ബൂട്ടഴിച്ചത്.
രണ്ടാം പകുതിയിലും മികച്ച പ്രകടനം കൊണ്ട് റയല്‍ നിര കൈയടി നേടി. 64ാം മിനിറ്റില്‍ ചാംപ്യന്‍സ് ലീഗ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഗോളെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന മനോഹര ഗോളും റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്ന് പിറന്നു. ഇടത് വശത്ത് നിന്ന കര്‍വാജല്‍ ബോക്‌സിനുള്ളിലേക്ക് ഉയര്‍ത്തി നല്‍കിയ പന്തിനെ ബൈസിക്കിള്‍ കിക്കിലൂടെ റൊണാള്‍ഡോ വലയിലാക്കുകയായിരുന്നു. റയല്‍ 2-0ന് മുന്നില്‍. 66ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് ഡിബാല പുറത്തുപോയതോടെ യുവന്റസ് നിര 10 പേരായി ചുരുങ്ങി. യുവന്റസിന്റെ പിഴവിനെ നന്നായി മുതലെടുത്ത റയല്‍ 72ാം മിനിറ്റില്‍ അക്കൗണ്ടില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. ഇത്തവണ ക്രിസ്റ്റിയാനോ റൊണാള്‍ഡോ അസിസ്റ്റ് നല്‍കിയപ്പോള്‍ മാഴ്‌സലോ പന്ത് വലയിലാക്കുകയായിരുന്നു. പിന്നീടുള്ള സമയത്ത് ഗോളകന്ന് നിന്നപ്പോള്‍ 3-0ന്റെ തകര്‍പ്പന്‍ ജയത്തോടെ റയല്‍ ആദ്യ പാദ കോര്‍ട്ടര്‍ ഗംഭീരമാക്കി.

RELATED STORIES

Share it
Top