അദ്ഭുതം കാത്ത് മൊറോക്കോയും ഇറാനുംവിഷ്ണു സലി

ലോകത്തിന്റെ സ്പന്ദനം ഫുട്‌ബോളിലേക്ക് ചുരുങ്ങാന്‍ 42 ദിവസം മാത്രമാണ് അവശേഷിക്കുന്നത്. പടയാളികളും പടയൊരുക്കവും തകൃതിയായി നടന്നുകൊണ്ടിരിക്കുന്നു. റഷ്യയിലെ പുല്‍മൈതാനത്ത് ഫുട്‌ബോളിലെ ലോകരാജാക്കന്‍മാരെ കണ്ടെത്താനുള്ള പോരാട്ടത്തിന് അരങ്ങുണരാറാവുമ്പോള്‍ പ്രതീക്ഷയോടെ തന്നെയാണ് മൊറോക്കോയും ഇറാനുമുള്ളത്. ഇരു ടീമും ഗ്രൂപ്പ് ബിയില്‍ പോരിനിറങ്ങുമ്പോള്‍ ഗ്രൂപ്പ് ഘട്ടം താണ്ടില്ലെന്നാണ് പ്രവചനം. കാരണം ഇരു ടീമിനും വീഴ്‌ത്തേണ്ട എതിരാളികള്‍ സ്‌പെയിനിനും പോര്‍ച്ചുഗല്ലുമാണ്. എങ്കിലും കണക്കുകള്‍ക്കും വമ്പിനും കാല്‍പന്തില്‍ സ്ഥാനമില്ലെന്ന ആത്മവിശ്വാസത്തിലാണ് മൊറോക്കോയും ഇറാനും പോരിനിറങ്ങുന്നത്.മൊറോക്കോആഫ്രിക്കയുടെ കളിക്കരുത്തുമായെത്തുന്ന മൊറോക്കോയെ നിസാരരായി കാണാന്‍ കഴിയില്ല. അതിവേഗതയും ആക്രമണ ശൈലിയും കൈമുതലായുള്ള മൊറോക്കോ പടയെ വമ്പന്‍മാര്‍ പേടിക്കുകതന്നെ ചെയ്യണം. കാരണം റഷ്യയിലേക്കുള്ള യോഗ്യതാ റൗണ്ട് പോരാട്ടത്തില്‍ അത്ര മികവുറ്റതായിരുന്നു മൊറോക്കോയുടെ പ്രകടനം. ഗ്രൂപ്പ് സിയില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് മൊറോക്കോ റഷ്യന്‍ ലോകകപ്പിന് സീറ്റുറപ്പിച്ചത്. നിലവിലെ ഫിഫ റൗങ്കിങില്‍ 42ാം സ്ഥാനക്കാരായ മൊറോക്കോ 1957ലാണ് ആദ്യമായി അന്താരാഷ്ട്ര മല്‍സരം കളിക്കുന്നത്. എന്നാല്‍ ലോകകപ്പ് കളിക്കാന്‍ 1970വരെ മൊറോക്കോയ്ക്ക് കാത്തിരിക്കേണ്ടി വന്നു. അന്ന് ഗ്രൂപ്പ് സ്റ്റേജില്‍ത്തന്നെ മൊറോക്കോ പുറത്താവുകയും ചെയ്തു. പിന്നീട് 16 വര്‍ഷങ്ങള്‍ക്ക് ശേഷം 1986 ലോകകപ്പിലാണ് മൊറോക്കോ യോഗ്യത നേടിയെടുത്തത്. ഇത്തവണ പ്രീ ക്വാര്‍ട്ടറില്‍ കടന്നെങ്കിലും ക്വാര്‍ട്ടറിലേക്ക് മുന്നേറാനായില്ല. 1994,98 ലോകകപ്പിലും യോഗ്യത നേടിയെടുത്തെങ്കിലും ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തുപോവാനായിരുന്നു മൊറോക്കോയുടെ വിധി. പിന്നീട് 20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് വീണ്ടുമൊരു ലോകകപ്പ് പ്രതീക്ഷയുമായി മൊറോക്കോ റഷ്യയിലേക്കെത്തുന്നത്. വലിയ താരസമ്പന്നമായ നിരയല്ലെങ്കിലും ടീമിന്റെ വജ്രായുധം പരിശീലകന്‍ ഹെര്‍വ് റീനെര്‍ഡാണ്. കുമ്മായ വരക്കുള്ളില്‍ തന്ത്രങ്ങള്‍ക്കൊണ്ട് മൊറോക്കോ അട്ടിമറി തീര്‍ത്തപ്പോഴെല്ലാം അവരോടൊപ്പം റീനെര്‍ഡുണ്ടായിരുന്നു. 2015ല്‍ ആരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഐവറികോസ്റ്റ് ആഫ്രിക്കന്‍ ചാംപ്യന്‍മാരായപ്പോള്‍ പരിശീലകസ്ഥാനത്ത് റീനെര്‍ഡെന്ന ചാണക്യനുണ്ടായിരുന്നു.ഇത്തവണ റഷ്യയിലിറങ്ങുമ്പോള്‍ മൊറോക്കോയുടെ പ്രതീക്ഷകള്‍ ഹക്കീം സിയേക്, യുവന്റസ് താരം മെഹ്ദി ബെനെത്തിയ, അനുഭവസമ്പത്തേറെയുള്ള കരിം അഹ്മദി എന്നിവരിലാണ്. 1986 ലോകകപ്പില്‍ കരുത്തരായ ഇംഗ്ലണ്ടിനെയും പോര്‍ച്ചുഗല്ലിനെയുമെല്ലാം അട്ടിമറിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായി രണ്ടാം റൗണ്ടിലേക്ക് മുന്നേറിയ മൊറോക്കോയുടെ കളിക്കരുത്ത് വീണ്ടും ആവര്‍ത്തിക്കപ്പെടുമെന്ന പ്രത്യാശയിലാണ് മൊറോക്കോ ആരാധകരുള്ളത്.

ഇറാന്‍

ഏഷ്യയില്‍ നിന്ന് ഗ്രൂപ്പ് ചാംപ്യന്‍മാരായാണ് ഇറാന്റെ റഷ്യയിലേക്കുള്ള വരവ്. ദക്ഷിണ കൊറിയ, സിറിയ, ചൈന, ഉസ്‌ബെക്കിസ്താന്‍, ഖത്തര്‍ തുടങ്ങിയ ടീമുകളെ അനായാസം കീഴടക്കിയായിരുന്നു ഇറാന്‍ റഷ്യന്‍ ലോകകപ്പിന് സീറ്റുറപ്പിച്ചത്. ഫിഫ റാങ്കിങില്‍ 36ാം സ്ഥാനത്തുള്ള ഇറാന്‍ 1941ലാണ് അന്താരാഷ്ട്ര ഫുട്‌ബോളിലേക്ക് വരവറിയിച്ചത്. നാല്് തവണ ലോകകപ്പില്‍ സാന്നിധ്യമറിയിച്ച ഇറാന്‍ 1978ലാണ് ആദ്യമായി ലോകകപ്പ് കളിച്ചത്.അന്ന് ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തായ ഇറാന്‍  പിന്നീട് 1998ലെ ലോകകപ്പിലാണ് യോഗ്യത നേടിയത്. അന്നും ആദ്യ റൗണ്ടില്‍ത്തന്നെ പുറത്തുപോവാനായിരുന്നു ഇറാന്റെ വിധി. പിന്നീട് 2006ലും 2014ലും ഇറാന്‍ ലോകകപ്പ് കളിച്ചെങ്കിലും മുന്‍ ലോകകപ്പുകളിലെപ്പോലെതന്നെ ആദ്യ റൗണ്ടില്‍ത്തന്നെ തോറ്റ് പുറത്തുപോയി. 2011മുതല്‍ ടീമിന് തന്ത്രങ്ങളോതുന്ന പോര്‍ച്ചുഗീസ് പരിശീലകന്‍ കാര്‍ലോസ് ക്വീറോസിലാണ് ഇറാന്റെ പ്രതീക്ഷകള്‍. സ്‌പെയിനെയും പോര്‍ച്ചുഗല്ലിനെയും വീഴ്ത്തുക അത്ര എളുപ്പമല്ലെങ്കിലും അവസാന ലോകകപ്പില്‍ അര്‍ജന്റീനയെ വെള്ളം കുടിപ്പിച്ച കളിമികവ് ഇത്തവണയും സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് ടീമുള്ളത്.   യുവതാരം സര്‍ദാര്‍ അസ്മുന്നാണ് ഇറാന്റ കുന്തമുന. യോഗ്യതാ റൗണ്ടില്‍ എട്ട് ഗോളുകള്‍ നേടിയ അസ്മുന്‍ ലോകപ്പിലും മികവ് ആവര്‍ത്തിച്ചാല്‍ ഇറാന് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും.

RELATED STORIES

Share it
Top