അത്യാഹിത വിഭാഗത്തിനു മുന്‍വശത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടി ആരംഭിച്ചു

ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിനു മുന്‍വശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനു നടപടി ആരംഭിച്ചു.
മെഡിക്കല്‍ കോളജ് ആശുപത്രിയുടെ നിലവിലെ അത്യാഹിത വിഭാഗത്തിനു മുന്‍വശം മഴവെള്ളം ഒഴുകിപ്പോവാതെ കെട്ടിക്കിടക്കുന്നതിനാല്‍ കാര്‍ഡിയോളജി, ഗൈനക്കോളജി വിഭാഗങ്ങളിലേയ്ക്കു കാല്‍നടക്കാരായ രോഗികള്‍ അടക്കമുള്ളവര്‍ക്കു സഞ്ചരിക്കാന്‍ പ്രയാസമായിരുന്നു.
വണ്‍വേ സമ്പ്രദായമായതിനാല്‍ ആശുപത്രി കോംപൗണ്ടിലേക്ക് ആംബുലന്‍സ്, ഡോക്ടര്‍മാരക്കമുള്ള ജീവനക്കാര്‍, രോഗികളെ സന്ദര്‍ശനത്തിനെത്തുന്നവര്‍ രോഗികളുമായി മറ്റ് വാഹനങ്ങളില്‍ വരുന്നവര്‍ എല്ലാവരും കടന്നു പോവുന്നത് പ്രധാന റോഡില്‍ നിന്ന് അത്യാഹിത വിഭാഗത്തിന്റെ മുന്‍വശത്തുള്ള റോഡിലൂടെയാണ്. എന്നാല്‍ പുതിയ അത്യാഹിത വിഭാഗത്തിലേക്കു വാഹനങ്ങള്‍ വന്നുപോവാനായി നിര്‍മിച്ച പുതിയ റോഡ് നിലവിലെ റോഡ് സൈഡില്‍ ഉണ്ടായിരുന്ന വെള്ളം ഒഴുകിപ്പോവുന്നതിനുണ്ടായിരുന്ന ഓട പൂര്‍ണമായും അടച്ചു കൊണ്ടായിരുന്നു നിര്‍മിച്ചത്.
തുടര്‍ന്ന് ബസ് സ്റ്റാന്‍ഡ് റോഡ് അടക്കമുള്ള റോഡില്‍ നിന്നുള്ള മഴവെള്ളം താഴേയ്ക്കു പതിച്ച് അത്യാഹിത വിഭാഗത്തിനു മുന്‍വശം കെട്ടിക്കിടക്കുകയാണ്. കാല്‍നട യാത്രക്കാരെ മാത്രമല്ല ആംബുലന്‍സും, ജീവനക്കാരും ഒഴികെ ആശുപത്രി കോംപൗണ്ടിലേയ്ക്ക് പ്രവേശിക്കുന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും പാര്‍ക്കിങ് ഫീസ് നിര്‍ബന്ധമാണ്. ഇതു വാങ്ങാനായി കുടുംബശ്രീ വിഭാഗത്തില്‍ നിന്ന് രണ്ടു ഷിഫ്റ്റുകളിലായി ഒരേ സമയം നാലു സ്ത്രീകളാണ് ഡ്യൂട്ടി ചെയ്യുന്നത്. ഇവര്‍ക്കു ഡ്യൂട്ടി ചെയ്യാനാവാത്ത വിധം ഇവര്‍ ധരിച്ചിരിക്കുന്ന ഡ്യൂട്ടി വസ്ത്രം വാഹനങ്ങള്‍ കടന്നു പോവുമ്പോഴുണ്ടാകുന്ന വെള്ളം തെറിച്ച് നനയുകയാണ്. മുന്‍ ദിവസങ്ങളില്‍ ശക്തമായി പെയ്തിരുന്ന മഴയെ തുടര്‍ന്നുണ്ടായ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതിനാല്‍  കാല്‍നടയാത്രക്കാര്‍ക്ക് പോവാന്‍ പോലും കഴിയാതെ വന്നു.
ഇതു വലിയ പ്രതിഷേധത്തിനിടയാക്കി. പൊതുമരാമത്തു വകുപ്പിന്റെ അശാസ്ത്രീയമായ റോഡ് നിര്‍മാണമാണു വെള്ളം ഒഴുകിപ്പോകാന്‍ കഴിയാതെ തടസ്സപ്പെടുന്നതിന് ഇടയാക്കിയത്്. കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വെള്ളം കെട്ടിക്കിടക്കുന്നതു മൂലമുണ്ടാവുന്ന ബുദ്ധിമുട്ട് മനസ്സിലാക്കി. തുടര്‍ന്ന് ഓട മൂടി പുതുതായി നിര്‍മിച്ച റോഡ് വെട്ടിപ്പൊളിച്ചു പഴയ ഓട പോയിക്കൊണ്ടിരിന്ന അതേ സ്ഥലത്ത് വലിയ വ്യാസമുള്ള പൈപ്പ് സ്ഥാപിക്കാനുള്ള ജോലി ആരംഭിച്ചിരിക്കുകയാണ്.
ഇപ്പോള്‍ പൊളിക്കുന്ന റോഡ് നിര്‍മിച്ചിട്ട് ഒരു മാസം പോലും ആയിട്ടില്ല. മെയ് 27ന് മുഖ്യമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തുന്നതുമായി ബന്ധപ്പെട്ട് നിര്‍മിച്ച റോഡാണു വെട്ടിപ്പൊളിച്ച് ഓട നിര്‍മിക്കുന്നത്. പുതിയ റോഡ് നിര്‍മിച്ചപ്പോള്‍ വെള്ളം ഒഴുകിപ്പോവാനുള്ള സൗകര്യം കണക്കിലെടുക്കാതെ നിര്‍മാണം നടത്തുകയും റോഡ് പൂര്‍ത്തികരിച്ച ശേഷം വീണ്ടും വെട്ടിപ്പൊളിച്ച് ഓടയുണ്ടാക്കുന്നതിന്റെ പിന്നില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണവും ശക്തമാണ്.

RELATED STORIES

Share it
Top