അത്യാഹിതവിഭാഗത്തില്‍ ഒപി ടിക്കറ്റ് കിട്ടാന്‍ പെടാപ്പാട്‌

സ്വന്തം  പ്രതിനിധി

കോഴിക്കോട്: മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ ഒപി ടിക്കറ്റ് എടുക്കല്‍ രോഗികള്‍ക്ക് ദുരിതമാകുന്നു. ഗുരുതരാവസ്ഥയിലാകുന്ന രോഗികളേയും കൊണ്ടുവരുന്നവര്‍ ഡോക്ടറുടെ അടുത്തെത്തിക്കാന്‍ ഡോക്ടര്‍ പരിശോധിച്ചു ഒപി ടിക്കറ്റിന് ടോക്കണ്‍ കൊടുക്കും. എന്നാല്‍ ടോക്കണ്‍ കിട്ടിക്കഴിഞ്ഞാല്‍ പിന്നെ ഒപി ടിക്കറ്റ് കൗണ്ടര്‍ തിരഞ്ഞുള്ള ഓട്ടമാണ്.
അത്യാഹിതവിഭാഗത്തില്‍ നിന്ന് പുറത്തിറങ്ങി വേണം കൗണ്ടറിലെത്താന്‍. ഇതിനുള്ള നെട്ടോട്ടത്തിനിടയില്‍ ടിക്കറ്റ് എടുക്കാനുള്ള ആളും എടുത്തയാളും കൂട്ടിയിടിച്ച് വീഴുന്നത് നിത്യസംഭവമാണ്. മഴക്കാലമാണ് ആളുകളെ വല്ലാതെ കുഴക്കുന്നത്. ടിക്കറ്റിനായി മഴയത്ത് ഓടുന്നത് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ദുരിതമാവുകയാണ്. അപകടത്തില്‍ പരിക്കേറ്റവരെയുംകൊണ്ട് വരുന്നവര്‍ ഓടിവരുന്നവരായിരിക്കും. ടിക്കറ്റ് കൗണ്ടര്‍ കണ്ടുപിടിക്കാന്‍ തന്നെ പ്രയാസമാണ്. സൂചനാബോര്‍ഡുണ്ടെങ്കിലും പരിഭ്രാന്തിയിലായ രോഗിയുടെ ബന്ധുക്കളുടെ കണ്ണില്‍ ഇതൊന്നുംപെടില്ല. ടിക്കറ്റ് എടുക്കുന്ന സ്ഥലത്ത് ദിവസവും തര്‍ക്കമാണ്. തങ്ങളുടെ രോഗി ഗുരുതരാവസ്ഥയിലാണെന്നും പെട്ടെന്ന് ടിക്കറ്റ് വേണമെന്നും എല്ലാവരും ആവശ്യപ്പെടുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നത്. ടിക്കറ്റ് കൗണ്ടറില്‍ ഇരിക്കുന്നവര്‍ക്ക് ആരാണ് ഗുരുതരാവസ്ഥയില്‍ എന്നറിയാത്തതിനാല്‍ ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയില്‍ ടിക്കറ്റ് നല്‍കും. ചിലര്‍ക്ക് ഡോക്ടര്‍മാര്‍ തന്നെ എമര്‍ജന്‍സി എഴുതിക്കൊടുക്കും.അങ്ങനെയുള്ളവര്‍ക്ക് വേഗം ടിക്കറ്റ് കിട്ടും. മുമ്പ് ഒപി ടിക്കറ്റ് കൗണ്ടര്‍ അത്യാഹിതവിഭാഗത്തിനുള്ളിലായിരുന്നു. അതിനാല്‍ രോഗികളെയുംകൊണ്ട് വരുന്നവര്‍ക്ക് ടിക്കറ്റ് കൗണ്ടറും തിരഞ്ഞുനോക്കേണ്ടിവന്നിരുന്നില്ല.
ഗുരുതരാവസ്ഥയിലുള്ള രോഗികളാണെങ്കില്‍ ഡോക്ടര്‍മാര്‍ തന്നെ ടിക്കറ്റ് പെട്ടെന്ന് വേണമെന്ന് അറിയിക്കുവാനും സാധിക്കുമായിരുന്നു. എന്നാല്‍ അത്യാഹിതവിഭാഗം വികസിപ്പിച്ചപ്പോള്‍ കൗണ്ടര്‍ വെളിയിലാക്കിയതോടെ ഏറ്റവും ബുദ്ധിമുട്ടിലായിരിക്കുന്നത് രോഗികളും കൂടെയുള്ളവരുമാണ്. അത്യാഹിത വിഭാഗത്തിലെ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്കും ഓഫിസ് റൂമിലിരുന്നാല്‍ വിവരങ്ങള്‍ ലഭിക്കാന്‍ പ്രയാസമാണ്. നേരത്തെ ഓഫിസിലിരുന്നാല്‍ തന്നെ അത്യാഹിതവിഭാഗം മുഴുവന്‍ കാണാന്‍ സാധിക്കുമായിരുന്നു. ഇതുമൂലം വിവരങ്ങളെല്ലാം അപ്പപ്പോള്‍ അറിഞ്ഞിരുന്നു.
എന്നാല്‍ ഇപ്പോള്‍ വിവരങ്ങളറിയാന്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറും അത്യാഹിതവിഭാഗത്തിലെത്തണം. അപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസില്‍ വരുന്നവരെ സഹായിക്കാനാവുകയുമില്ല. കൗണ്ടറും ഓഫിസും അത്യാഹിതവിഭാഗത്തിനുള്ളിലാക്കണമെന്ന് ആവശ്യമുയരുന്നു.

RELATED STORIES

Share it
Top