അതിവേഗ പാതയ്‌ക്കെതിരേ വിവാദ പരാമര്‍ശം; നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍

ചെന്നൈ: പ്രശസ്ത തമിഴ് നടന്‍ മന്‍സൂര്‍ അലിഖാന്‍ അറസ്റ്റില്‍. നിര്‍ദിഷ്ട ചെന്നൈ-സേലം അതിവേഗ പാതയ്‌ക്കെതിരേ പ്രദേശവാസികളും കര്‍ഷകരും നടത്തിയ പ്രക്ഷോഭത്തില്‍ പങ്കെടുത്തു സംസാരിക്കവെ മന്‍സൂര്‍ നടത്തിയ വിവാദ പരാമര്‍ശത്തിന്റെ പേരിലാണ് അറസ്റ്റ്.
ഞായറാഴ്ച ചെന്നൈയിലെ വസതിയില്‍ വച്ചായിരുന്നു സേലം പോലിസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന്, സേലത്തെത്തിച്ച് വിശദമായ ചോദ്യം ചെയ്യലുകള്‍ക്കു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശക്തമായ പോലിസ് അകമ്പടിയോടെയാണ് സേലത്തേക്ക് കൊണ്ടുവന്നത്. സംഘര്‍ഷസാധ്യത മുന്‍കൂട്ടി കണ്ടു പോലിസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. വളരെ രഹസ്യമായിട്ടായിരുന്നു പോലിസ് നീക്കം. എട്ടുവരിപ്പാത  നിര്‍മിച്ചാല്‍  എട്ടുപേരെ കൊന്നു  ജയിലില്‍  പോവുമെന്നായിരുന്നു വിവാദ പരാമര്‍ശം. അക്രമത്തിനു പ്രോല്‍സാഹിപ്പിച്ചെന്നാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയ കുറ്റം. വധഭീഷണി മുഴക്കുകയും ചെയ്തുവെന്നു പോലിസ് പറയുന്നു. നാം തമിഴര്‍ കക്ഷിയുടെ പ്രവര്‍ത്തകന്‍ കൂടിയാണ് ഇദ്ദേഹം.
നേരത്തേ കാവേരി പ്രശ്‌നത്തില്‍ സമരക്കാര്‍ക്ക് പിന്തുണ നല്‍കിയതിനും മന്‍സൂറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. ചെന്നൈ-സേലം അതിവേഗ പാതയ്‌ക്കെതിരേ അച്ചന്‍കുട്ടപ്പടി, പുലവരി, നാഴിക്കല്‍പ്പട്ടി, കുപ്പന്നൂര്‍ മേഖലകളിലെ കര്‍ഷകരാണ് സമരം നടത്തുന്നത്. പദ്ധതിക്കായി 41 ഏക്കര്‍ വനഭൂമി ഏറ്റെടുക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. അതിവേഗ പാതയ്ക്കായി ഒട്ടേറെ മരങ്ങളും മലകളും നശിപ്പിക്കേണ്ടി വരും. ഇത് ഉപജീവന മാര്‍ഗത്തെ ബാധിക്കുമെന്നാണ് കര്‍ഷകരുടെ ആശങ്ക.

RELATED STORIES

Share it
Top