അതിര്‍ത്തിവഴി കള്ളക്കടത്ത്: സംഘത്തലവന്‍ അറസ്റ്റില്‍

കൊച്ചി: ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിവഴി കോടിക്കണക്കിന് രൂപയുടെ കള്ളക്കടത്ത് നടത്തുന്ന രാജ്യാന്തര സംഘത്തലവനെ സിബിഐ അറസ്റ്റ് ചെയ്തു. നേരത്തെ കള്ളക്കടത്തിന് പിടിയിലായ മലയാളി ബിഎസ്എഫ് കമാന്‍ഡന്റ് ജിബു ഡി മാത്യുവിന് 45 ലക്ഷം രൂപ കൈമാറിയ കൊല്‍ക്കത്ത സ്വദേശി മുഹമ്മദ് ഇനാമുള്‍ ഹഖ്(ബിഷു ഷെയ്ഖ്)നെയാണ് സിബിഐയുടെ കൊച്ചി യൂനിറ്റ്് പിടികൂടിയത്.
കഴിഞ്ഞ ജനുവരി 30ന് ട്രെയിനില്‍ സഞ്ചരിക്കുന്നതിനിടെ ആലപ്പുഴയില്‍വച്ച്് ജിബുവിനെ സിബിഐ പിടികൂടിയിരുന്നു. ഇയാളുടെ പക്കല്‍ നിന്നും 45 ലക്ഷം രൂപയും കണ്ടെടുത്തു. ഇന്തോ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമാന്‍ഡന്റായ ജിബുവിന് കള്ളക്കടത്ത് സംഘത്തെ സഹായിച്ചതിന് ലഭിച്ചതാണ് ഈ പണമെന്നാണ് സിബിഐ നിഗമനം. പണം ബിഷു ഷെയ്ഖ് എന്നയാള്‍ നല്‍കിയതാണെന്നായിരുന്നു ജിബുവിന്റെ മൊഴി. എന്നാല്‍, ഫോണ്‍ രേഖകള്‍ പരിശോധിച്ച സിബിഐ ഇത് വ്യാജപേരാണെന്നും മുഹമ്മദ് ഇനാമുള്‍ ഹഖ് ആണ് പണം നല്‍കിയതെന്നും തിരിച്ചറിഞ്ഞു. തിങ്കളാഴ്ച ധക്കയില്‍ നിന്നും കൊല്‍ക്കത്തയിലെത്തിയ ഇനാമുളിനെ സിബിഐ പിടികൂടുകയായിരുന്നു. ഇയാളെ കൊല്‍ക്കത്ത സിബിഐ ഓഫിസിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയശേഷം അവിടുത്തെ കോടതിയില്‍ ഹാജരാക്കി. ട്രാന്‍സിസ്റ്റ് വാറണ്ട് വാങ്ങിയാണ് ഇനാമുളിനെ കേരളത്തിലെത്തിച്ചത്. ഇന്ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ ഹാജരാക്കും. ബംഗ്ലാദേശില്‍ നിന്നും കാലിക്കടത്തിന് സഹായിക്കാന്‍ ജിബു ഡി മാത്യുവിന് ലക്ഷക്കണക്കിന് രൂപ കോഴ നല്‍കിയിരുന്നതായി ഇമാനുള്‍ സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ടെന്നാണ് അറിയുന്നത്.  ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതുടര്‍ന്ന് ജിബു ഇപ്പോഴും ജയിലിലാണ്.

RELATED STORIES

Share it
Top