അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി

കാസര്‍കോട്്: 12ന് നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള-കര്‍ണാടക അതിര്‍ത്തികളില്‍ സുരക്ഷ കര്‍ശനമാക്കി. ബിഎസ്എഫ്, സിഎസ്എഫ് ഉദ്യോഗസ്ഥരെയാണ് ക്രമസമാധാന പാലനത്തിനായി നിയോഗിച്ചിട്ടുള്ളത്. അതിര്‍ത്തികളില്‍ നിന്ന് ആളുകളെ കൊണ്ടുപോയി കള്ളവോട്ട് ചെയ്യിപ്പിക്കുമെന്ന റിപോര്‍ട്ടിനെ തുടര്‍ന്നാണ് ജാഗ്രത പാലിക്കുന്നത്. അതിര്‍ത്തി കടന്നുപോകുന്ന വാഹനങ്ങളെ കര്‍ശന പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്.
തലപ്പാടി, ആനക്കല്‍, പൈവളിഗെ, അടുക്കസ്ഥല, സ്വര്‍ഗ, ജാല്‍സൂര്‍, മാണിമൂല, പാണത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ണാടക പോലിസ് സദാനിരീക്ഷണം നടത്തികൊണ്ടിരിക്കുകയാണ്.
മദ്യഷാപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കര്‍ണാടകയോട് അതിര്‍ത്തി പങ്കിടുന്ന ഗാളിമുഖം, പള്ളങ്കോട്, ജാല്‍സൂര്‍, തലപ്പാടി എന്നിവിടങ്ങളില്‍ കൂടുതല്‍ പോലിസിനേയും നിയോഗിച്ചിട്ടുണ്ട്. മംഗളൂരു, പുത്തൂര്‍, സുള്ള്യ, ബെല്‍ത്തങ്ങാടി അസംബ്ലി മണ്ഡലങ്ങള്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. ക്രമസമാധാന പാലനത്തിന് കേരള പോലിസിനേയും കര്‍ണാടകയിലേക്ക് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. മലയാളി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ അതിര്‍ത്തി മേഖലകളിലെ മണ്ഡലങ്ങളില്‍ പര്യടനം നടത്തിവരുന്നു. പി ബി അബ്ദുര്‍റസാഖ് എംഎല്‍എ, മംഗളൂരു, ബെല്‍ത്തങ്ങാടി, സുള്ള്യ മണ്ഡലങ്ങളില്‍ പര്യടനത്തിലാണ്.
കേരളത്തിലെ തിരഞ്ഞെടുപ്പ് വേളകളിലും കര്‍ണാടക അതിര്‍ത്തി മേഖലയിലെ നേതാക്കള്‍ മണ്ഡലങ്ങളില്‍ പര്യടനം നടത്താറുണ്ട്. ജില്ലയുമായി ഏറെ ബന്ധം പുലര്‍ത്തുന്ന കര്‍ണാടക മന്ത്രിമാരായ യു ടി ഖാദര്‍, ബി രമാനാന്ദറൈ, നിയമസഭാംഗങ്ങളായ ബി എ മൊയ്തീന്‍ ബാവ, ലോബോ എന്നിവര്‍ക്ക് വേണ്ടി കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയിരുന്നു.

RELATED STORIES

Share it
Top