അതിര്‍ത്തിയില്‍ വീണ്ടും വെടിനിര്‍ത്തല്‍കരാര്‍ ലംഘനം ; 1700 പേരെ ഒഴിപ്പിച്ചുജമ്മു: ജമ്മു കശ്മീരില്‍ ബലാക്കോട്ട് മേഖലയിലെ നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും ലംഘിച്ചു. ഇതില്‍ കാവല്‍പുരകള്‍ക്കും പാര്‍പ്പിട കേന്ദ്രങ്ങള്‍ക്കും നേരെ വെടിവയ്പുണ്ടായി.പാക്‌സേന 50 മിനിറ്റോളം തുടര്‍ച്ചയായി വെടിയുതിര്‍ത്തെന്നും പ്രതിരോധ വക്താവ് പറഞ്ഞു. നൗഷേറ മേഖലയിലും ആക്രമണമുണ്ടായിട്ടുണ്ട്. ഈമാസം രജൗരിയിലെ ജനവാസ മേഖലയിലുണ്ടായ പാക് മോര്‍ട്ടാറാക്രമണം പതിനായിരത്തിലധികം ജനങ്ങളെ ബാധിച്ചിട്ടുണ്ട്. പാക് ആക്രമണത്തെ തുടര്‍ന്ന് നിയന്ത്രണ രേഖാ മേഖലയിലെ ഗ്രാമങ്ങളില്‍ നിന്ന് 1700ഓളം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ഒരുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ ചികില്‍സയ്ക്കായുള്ള സാമ്പത്തിക സഹായം നല്‍കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ദുരിതാശ്വാസ ക്യാംപുകള്‍ ഒരുക്കുന്നതിനായി 25 കെട്ടിടങ്ങള്‍ തയ്യാറാക്കിയതായും ഭരണകൂടം അറിയിച്ചു. പാക് ആക്രമണങ്ങള്‍ വിദ്യാഭ്യാസത്തെ ബാധിക്കില്ലെന്നും ഈ ആഴ്ച തന്നെ ക്ലാസുകള്‍ പുനരാരംഭിക്കുമെന്നും രജൗരി ഡെപ്യൂട്ടി കമ്മീഷണര്‍ ഷാഹിദ് ഇക്ബാല്‍ ചൗധരി വ്യക്തമാക്കി. രണ്ട് വര്‍ഷങ്ങളിലായി 449 തവണ പാകിസ്താന്‍ വെടിനിര്‍ത്തല്‍ നിയമം ലംഘിച്ചുവെന്നാണ് വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.

RELATED STORIES

Share it
Top