അതിര്‍ത്തിയില്‍ വന്‍ കള്ളനോട്ട് വേട്ട ; അഞ്ചുപേര്‍ പിടിയില്‍തൊടുപുഴ: ഇടുക്കി-തമിഴ്‌നാട് അതിര്‍ത്തിയില്‍ വന്‍ കള്ളനോട്ട് വേട്ട. ബോഡിമെട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കാറില്‍ കൊണ്ടുവന്ന 500ന്റെ 37,92,500രൂപ വ്യാജനോട്ടുകള്‍ പിടികൂടിയത്. കാറിലുണ്ടായിരുന്ന നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. ഇപ്പോള്‍ ബംഗളൂരുവില്‍ താമസിക്കുന്ന നെടുങ്കണ്ടം മൈനര്‍ സിറ്റി കിഴക്കേതില്‍ രമേശ് എന്നുവിളിക്കുന്ന സുനില്‍കുമാര്‍ (39), അണക്കര പുറ്റടി അച്ചന്‍കാനം കടിയന്‍കുന്നില്‍ കുഞ്ഞൂഞ്ഞ് എന്നു വിളിക്കുന്ന രവീന്ദ്രന്‍ (57), ചാവക്കാട് പുന്നയൂര്‍ അകലാട് പടിഞ്ഞാറേയില്‍ ഫൈസു എന്നുവിളിക്കുന്ന ശിഹാബുദ്ദീന്‍ (43), ബംഗളൂരുവില്‍ താമസിക്കുന്ന കരുനാഗപ്പള്ളി ആദിനാട് അമ്പാടിയില്‍ കൃഷ്ണകുമാര്‍ (44) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടാളി തമിഴ്‌നാട്ടില്‍നിന്നുള്ള അന്‍പ് സെല്‍വത്തേയും ഞായറാഴ്ച കള്ളനോട്ടുമായി പിടികൂടിയിരുന്നു. ഇപ്പോള്‍ എറണാകുളം ചമ്പക്കര ഭാഗത്ത് താമസിക്കുന്ന നെടുങ്കണ്ടം തുണ്ടിയില്‍ പാപ്പച്ചന്‍ എന്നുവിളിക്കുന്ന ജോജോ ജോസഫ് (30), ഇയാളുടെ ഭാര്യ അനുപമ (23) എന്നിവരെ മെയ് അഞ്ചിന് വണ്ടിപ്പെരിയാറില്‍ നിന്ന് കള്ളനോട്ടുമായി അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്നോവ കാറില്‍ നിന്ന് 500 രൂപയുടെ 77 കള്ളനോട്ടുകളാണ് പിടികൂടിയത്. തുടര്‍ന്ന് ജോജോ ജോസഫിന്റെ എറണാകുളത്തെ വീട്ടില്‍ നിന്ന് 4,0,7000രൂപയുടെ വ്യാജ കറന്‍സിയും കണ്ടെടുത്തു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.  വ്യാജ കറന്‍സിയുമായി ബന്ധപ്പെട്ട് വന്‍ റാക്കറ്റ്തന്നെ പ്രവര്‍ത്തിക്കുന്നു എന്ന സൂചനയുടെ അടിസ്ഥാനത്തില്‍ പോലിസ് കൂടുതല്‍ അന്വേഷണം നടത്തി. വണ്ടിപ്പെരിയാറില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവര്‍ക്ക് വ്യാജനോട്ടുകള്‍ നല്‍കിയ തമിഴ്‌നാട് മധുര ഉസിലംപെട്ടി കുറവക്കുടി വീരപാണ്ടി അയ്യരു (40), മധുര ടൗണില്‍ കണ്ണദാസന്‍ രണ്ട് തെരുവില്‍ എസ്എസ് കോളനിയില്‍ താമസിക്കുന്ന ഷണ്‍മുഖസുന്ദരം (54) എന്നിവരെ പിന്നീട് അറസ്റ്റ് ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ നാലിന് തമിഴ്‌നാട് തേനി ബസ്‌സ്റ്റാന്റിന് സമീപത്തുനിന്ന് 47,500 രൂപയുടെ കള്ളനോട്ടുമായി മധുര ശ്രീറാംനഗര്‍ തെരുവില്‍ താമസിക്കുന്ന രാജുഭായി എന്നും അന്‍പ് എന്നും വിളിക്കുന്ന അന്‍പ് സെല്‍വം (48) നെടുങ്കണ്ടം പോലിസ് പിടിയിലായി. ഇയാളുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിലാണ് ബോഡിമെട്ടില്‍നിന്ന് വന്‍ കള്ളനോട്ട് ശേഖരം പിടികൂടിയതും കേസിലെ ആറുമുതല്‍ ഒമ്പതുവരെ പ്രതികളെ അറസ്റ്റ് ചെയ്തതും.  കള്ളനോട്ടുകളുടെ ഉറവിടം അടക്കമുള്ള കാര്യങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് കൊച്ചി റേഞ്ച് ഐജി പി വിജയന്‍, ഇടുക്കി ജില്ലാ പോലിസ് ചീഫ് കെ ബി വേണുഗോപാല്‍ എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടിയ അന്‍പ് സെല്‍വമടക്കമുള്ള അഞ്ച് പ്രതികളെയും മാധ്യമപ്രവര്‍ത്തകര്‍ക്കു മുമ്പില്‍ ഹാജരാക്കി. കേസ് അന്വേഷിച്ച സംഘത്തെ ഐജി അഭിനന്ദിച്ചു. ഇവര്‍ക്ക് പുരസ്‌കാരം നല്‍കണമെന്ന് ഡിജിപിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ഡിജിപി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നും ഐജി പറഞ്ഞു.

RELATED STORIES

Share it
Top