അതിര്‍ത്തിയിലെ കള്ളക്കടത്ത് കൂടുതല്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സിബിഐ

തിരുവനന്തപുരം: അതിര്‍ത്തിയിലെ കള്ളക്കടത്ത് കേസില്‍ കൂടുതല്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സിബിഐ. സൈന്യത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ് ഇവരെന്നും കേസില്‍ രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ ഇവരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്നും സിബിഐ അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ബിഎസ്എഫ് ഉദ്യോഗസ്ഥന്‍ പണം കടത്തിയ കേസിലെ രണ്ടാംപ്രതി മുഹമ്മദ് ഇമാമുല്‍ ഹഖ് എന്ന ബിഷു ഷെയ്ക്കിന്റെ ജാമ്യാപേക്ഷയില്‍ വാദം പരിഗണിക്കവെയാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.
മുന്‍ സോളിസിസ്റ്റര്‍ ജനറല്‍ ഫാറൂഖ് എം റസാക്കാണ് ബിഷു ഷെയ്ക്കിനു വേണ്ടി കോടതിയില്‍ ഹാജരായത്. സിബിഐ പിടികൂടിയത് അന്താരാഷ്ട്ര കള്ളക്കടത്തുകാരനായ ബിഷു ഷെയ്ക്ക് അല്ലെന്ന് ജാമ്യാപേക്ഷയില്‍ അഭിഭാഷകന്‍ വാദിച്ചു. ഇയാളുടെ പേര് മുഹമ്മദ് ഇമാമുല്‍ ഹഖ് എന്നാണെന്നും കൊല്‍ക്കത്തയിലെ ബിസിനസ്സുകാരനാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇയാള്‍ക്ക് കൊല്‍ക്കത്തയില്‍ രണ്ട് കമ്പനികളുണ്ട്. വര്‍ഷം തോറും 90 ലക്ഷം രൂപ നികുതി അടയ്ക്കുന്ന വ്യക്തിയാണ്. അതുകൊണ്ട് തന്നെ ജാമ്യം നല്‍കണമെന്നും അദ്ദേഹം വാദിച്ചു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി നാസര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും.
കഴിഞ്ഞമാസം നാലിനാണ് ബിഎസ്എഫ് കമാന്‍ഡര്‍ ജിബു ഡി മാത്യുവിന് കൈക്കൂലി നല്‍കിയ സംഭവത്തില്‍ മുഹമ്മദ് ഇമാമുല്‍ ഹഖിനെ സിബിഐ കൊല്‍ക്കത്തയില്‍ നിന്നു പിടികൂടിയത്. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തുന്ന കള്ളക്കടത്തുകാര്‍ക്ക്  ബിഎസ്എഫ് കമാന്‍ഡര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തിരുന്നത് ബിഷു ഷെയ്ക്കിന്റെ നിര്‍ദേശ പ്രകാരമാണെന്നാണ് സിബിഐ കണ്ടെത്തിയത്. അരക്കോടി രൂപയുമായി യാത്ര ചെയ്യവേ ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണു ബിഎസ്എഫ് കമാന്‍ഡര്‍ ജിബു ഡി മാത്യുവിനെ സിബിഐ പിടികൂടുന്നത്.

RELATED STORIES

Share it
Top