അതിര്‍ത്തിത്തര്‍ക്കത്തില്‍ മുടങ്ങിയ ഓട നവീകരണം വീണ്ടും തുടങ്ങി

കൊണ്ടോട്ടി: കെട്ടിട ഉടമകള്‍ അതിര്‍ത്തി തര്‍ക്കം ഉന്നയിച്ചതിനെ തുടര്‍ന്ന് കൊണ്ടോട്ടി ബൈപ്പാസ് റോഡില്‍ നിലച്ച ഓട നവീകരണം വീണ്ടും തുടങ്ങി. മൂന്ന് കെട്ടിട ഉടമകള്‍ അതിര്‍ത്തി തര്‍ക്കം ഉന്നയിച്ച ഭാഗങ്ങളാണ് ഇന്നലെ മുതല്‍ നവീകരണം ആരംഭിച്ചത്. കൊണ്ടോട്ടിയില്‍ നടപ്പാത സൗന്ദര്യവത്കരണം ഒരുമാസം മുമ്പ് തുടങ്ങിയെങ്കിലും അതിര്‍ത്തി പ്രശ്‌നം ഉന്നയിച്ചതിനെ തുടര്‍ന്ന് സ്ലാബുകള്‍ പൂര്‍ണമായും നീക്കം ചെയ്ത് ഓടകള്‍ ശുചീകരിക്കാനും നടപ്പാത ഒരുക്കാനും ആയിരുന്നില്ല. ബസ്റ്റാന്‍ഡിന് പടിഞ്ഞാറ് ഭാഗത്ത് 250 മീറ്റര്‍ നീളത്തിലാണ് ഓട നവീകരിക്കുന്നത്. ഓടയുടെ ഇരുവശവും റോഡ് നിരപ്പിനേക്കാള്‍ ഒന്നരയടി ഉയരം കൂട്ടി അതിന് മുകളില്‍ നടപ്പാത നിര്‍മിക്കാനാണ് പദ്ധതി. ദേശീയപാത വിഭാഗം 40 ലക്ഷം രൂപ ചെലവഴിച്ചാണു പദ്ധതി നടപ്പാക്കുന്നത്.നടപ്പാതയില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ വിരിക്കും.
റോഡില്‍ നിന്ന് ഓടയിലേക്ക് മഴവെള്ളം ഒഴുകുന്നതിന് ഐറിഷ് മോഡല്‍ ഡ്രൈനേജ് സിസ്റ്റമാണു സ്ഥാപിക്കുന്നത്. ഓടയുടെ മുകളിലെ കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഇളക്കി മാറ്റി ഒരു ഭാഗം കോണ്‍ഗ്രീറ്റ് പൂര്‍ത്തിയായിട്ടുണ്ട്.എന്നാല്‍ നിര്‍മാണത്തിനിടെയാണ് ബസ്റ്റാന്‍ഡിന് സമീപത്തെ മൂന്ന് കെട്ടിടങ്ങളുടെ മുന്നില്‍ അതിര്‍ത്തി സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ സ്ലാബ് മാറ്റാനായിരുന്നില്ല.ഇതാണ് പുനാരംരംഭിച്ചത്.സ്ലാബുകള്‍ നീക്കം ചെയ്തപ്പോള്‍ ഏറ്റവും കൂടുതല്‍ മാലിന്യം തളളുന്നത് ഈഭാഗത്താണെന്ന് കണ്ടെത്തി.കെട്ടിടങ്ങളില്‍ നിന്നു മലിന ജലം ഓടിയിലേക്ക് ഒഴുകുന്നതായും പ്ലാസ്റ്റിക് കുപ്പികളടക്കം ഓടിയില്‍ മാലിന്യങ്ങളായി കെട്ടിക്കിടക്കുന്നതായും കണ്ടെത്തി.ഇതിനെതിരെ ശക്തമായ നിലപാട് എടുക്കാനാണ് അധികൃതരുടെ തീരിമാനം.  അതിനിടെ പ്രദേശത്ത് അതിര്‍ത്തി കൈയേറ്റമുണ്ടെങ്കില്‍ കണ്ടെത്തി അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top