അതിരൂപതയിലെ വിവാദ ഭൂമി വില്‍പന; ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു

കൊച്ചി/കോതമംഗലം: എറണാകുളം അങ്കമാലി അതിരൂപതയിലെ വിവാദ ഭൂമിവില്‍പനയിലെ പണമിടപാടു സംബന്ധിച്ച് ആദായനികുതി വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇടനിലക്കാരുടെയും ഭൂമിയുടെ ഉടമയുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായി 21 സ്ഥലങ്ങളിലാണ് ഇന്നലെ ആദായനികുതി വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടന്നത്.
വസ്തുവില്‍പനയില്‍ വന്‍തോതില്‍ കള്ളപ്പണ ഇടപാട് നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയതെന്നാണ് അറിയുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലായിരുന്നു പരിശോധന. ആദ്യഘട്ടത്തില്‍ സിറോ മലബാര്‍ സഭാ സ്ഥാപനങ്ങളെയും ഓഫിസുകളെയും ഒഴിവാക്കിയാണു പരിശോധന.
ഭൂമിവില്‍പനയ്ക്കു നേതൃത്വം നല്‍കിയ ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍, ഇലഞ്ഞിക്കല്‍ ജോസ് കുര്യന്‍ എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു പരിശോധന. കോട്ടപ്പടിയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ജോസ് കുര്യന്റെ വീട്ടിലാണു പുലര്‍ച്ചെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന ആരംഭിച്ചത്.
സ്ഥലം ഇടപാടുമായി ബന്ധപ്പെട്ട രേഖകളാണു പ്രധാനമായും പരിശോധനയ്ക്കു വിധേയമാക്കിയത്. ഇതിനു പിന്നാലെ വിവാദ ഭൂമി ഇടപാടിലെ ഇടനിലക്കാരനായ സാജു വര്‍ഗീസിന്റെ വീട്ടിലും സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. അതിരൂപതയുടെ ഭൂമിവില്‍പനയെക്കുറിച്ചല്ല, അതില്‍ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്നാണ് അന്വേഷണം നടത്തുന്നതെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അതിരൂപതയുമായി ഭൂമി ഇടപാട് നടത്തിയവരെക്കുറിച്ചും അന്വേഷണം നടത്തുമെന്ന് ആദായനികുതി ഡയറക്ടര്‍ ജനറല്‍ ബി മുരളികുമാര്‍ പറഞ്ഞു. കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമേ സഭാ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top