അതിരുകടന്ന ആദര്‍ശ കുമ്പസാരം

മധ്യമാര്‍ഗം - പരമു

വി എം സുധീരന്‍ വീണ്ടും മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. ഹൈക്കമാന്‍ഡ് നല്‍കിയ കെപിസിസി പ്രസിഡന്റ് പദവി ആരോരുമറിയാതെ വലിച്ചെറിഞ്ഞു പോയപ്പോഴാണ് ഇതിനു മുമ്പ് അദ്ദേഹം പത്രങ്ങളുടെ ഒന്നാം പേജ് കൈയടക്കിയത്. ആരോഗ്യകാരണങ്ങളാലാണെന്ന് അദ്ദേഹം തന്നെ പരസ്യമാക്കിയതുകൊണ്ട് അക്കാര്യത്തില്‍ അന്ന് വിവാദങ്ങളൊന്നും ഉയര്‍ന്നുവന്നില്ല. സുധീരന് എന്തോ അസുഖമുണ്ടെന്ന് അന്ന് പലരും ധരിച്ചിരുന്നു. സുധീരന്‍ വേഗം സുഖംപ്രാപിക്കട്ടെ എന്നു കോണ്‍ഗ്രസ്സിനെ സ്‌നേഹിച്ചവരെല്ലാം ഉള്ളരുകി പ്രാര്‍ഥിച്ചു. പ്രാര്‍ഥന ഫലിച്ചതിന്റെ ഫലമായി അദ്ദേഹത്തിന് രോഗിയായി കഴിയേണ്ടിവന്നില്ല! അദ്ദേഹം പൊതുരംഗത്ത് മുമ്പത്തേക്കാള്‍ സജീവമായി. ചെറിയ ജനകീയസമരങ്ങളില്‍ മുഖം കാണിച്ച് അദ്ദേഹം പത്രങ്ങളിലെ ജില്ലാ എഡിഷനുകളില്‍ സ്ഥാനംപിടിച്ചിരുന്നു. പി ജെ കുര്യന്‍ ഒഴിയുന്ന രാജ്യസഭാ സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയില്‍ സ്ഥാനംനേടി അദ്ദേഹം വീണ്ടും മാധ്യമശ്രദ്ധ പിടിച്ചുപറ്റി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളായി പി ജെ കുര്യന്‍, പി സി ചാക്കോ, വി എം സുധീരന്‍, ഷാനിമോള്‍ ഉസ്മാന്‍, പി സി വിഷ്ണുനാഥ് എന്നിവരുടെ പേരുകളാണ് പത്രങ്ങള്‍ മുന്നോട്ടുവച്ചത്. പി ജെ കുര്യന്‍ വീണ്ടും മല്‍സരിക്കുന്നതു സംബന്ധിച്ച് കോണ്‍ഗ്രസ്സില്‍ യൂത്തന്‍മാരും മറ്റും പരസ്യമായി ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ പാര്‍ട്ടിയുടെ അച്ചടക്കവും മൗനവും പാലിച്ച നേതാവാണ് വി എം സുധീരന്‍. സ്ഥാനാര്‍ഥിപ്പട്ടികയില്‍ തന്റെ പേരും ആവര്‍ത്തിച്ച് പത്രങ്ങള്‍ പറയുമ്പോഴും താന്‍ രാജ്യസഭയിലേക്കില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല.ഓര്‍ക്കാപ്പുറത്ത് രാജ്യസഭാ സീറ്റ് മാണി കേരളാ കോണ്‍ഗ്രസ്സിനു കൊടുത്തപ്പോള്‍ സുധീരന്‍ പൊട്ടിത്തെറിച്ചു! അതു സ്വാഭാവികമാണ്. സ്വന്തം പാര്‍ട്ടിക്ക് അര്‍ഹതപ്പെട്ട സീറ്റ് മറ്റൊരു കക്ഷിക്ക് ദാനംചെയ്യുമ്പോള്‍ ആത്മാഭിമാനബോധമുള്ള ഏതു പ്രവര്‍ത്തകനും പൊട്ടിത്തെറിക്കും. എന്നാല്‍, സുധീരന്‍ തുടര്‍ച്ചയായി നാലുദിവസമാണ് പൊട്ടിത്തെറിച്ചത്.പലതും പറയുന്ന കൂട്ടത്തില്‍ ഒരു പരമസത്യവും നമ്മള്‍ കേട്ടു. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ സഹിക്കവയ്യാതെയാണ് കെപിസിസി പ്രസിഡന്റ്സ്ഥാനം രാജിവച്ചതെന്നായിരുന്നു ആ സത്യം. അപ്പോള്‍ ആരോഗ്യകാരണങ്ങളാലാണു താന്‍ കെപിസിസി പ്രസിഡന്റ് പദവി രാജിവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞത് വലിയ കളവായിരുന്നുവെന്നു മനസ്സിലായി. നാലുദിവസത്തെ സുധീരന്റെ പ്രകടനം വലിയൊരു രാഷ്ട്രീയ കുമ്പസാരമായി മാറി. അതിലുടനീളം ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാണു താനെന്നു വരുത്തിത്തീര്‍ത്ത് കേരള ജനതയുടെ സഹതാപം പിടിച്ചുപറ്റാനുള്ള അഭ്യാസമാണ് സുധീരന്‍ നടത്തിയത്. തനിക്ക് ഗ്രൂപ്പില്ല, താന്‍ ഗ്രൂപ്പുകള്‍ക്ക് അതീതനാണ്, കോണ്‍ഗ്രസ്സിലെ സകല പ്രശ്‌നങ്ങള്‍ക്കും കാരണം ഗ്രൂപ്പാണ്, വ്യക്തിപരമായി ഗ്രൂപ്പുകള്‍കൊണ്ട് തനിക്കു നഷ്ടങ്ങളുണ്ടായി. പൊതുപ്രവര്‍ത്തനം നടത്താന്‍പോലും കഴിയാത്ത സാഹചര്യവും വന്നുപെട്ടു- ഇങ്ങനെ ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ദുര്‍ഗന്ധം വമിക്കുന്ന പലതും അക്കമിട്ടു നിരത്തി സുധീരന്‍ ആദര്‍ശത്തിന്റെ കരിമ്പടം പുതയ്ക്കുന്നതാണു നാം കണ്ടത്. വി എം സുധീരന്‍ എന്ന രാഷ്ട്രീയക്കാരന്റെ ജീവിതം പഠിക്കുന്ന ആര്‍ക്കും ഒരു കാര്യം വ്യക്തമാവും. എല്ലാ കാലത്തും സുധീരന് ഗ്രൂപ്പുണ്ടായിരുന്നു. ഒടുക്കം സ്വന്തമായി ഒരു ഗ്രൂപ്പ് തന്നെ അദ്ദേഹം രൂപപ്പെടുത്തി. എംഎല്‍എ, എംപി, സ്പീക്കര്‍, മന്ത്രി, കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികളൊക്കെ അദ്ദേഹം നേടിയെടുത്തത് ഗ്രൂപ്പില്‍ നിന്നുകൊണ്ടു മാത്രമാണ്. കെപിസിസി പ്രസിഡന്റായിരിക്കെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതി ഹൈക്കമാന്‍ഡിനെ സ്വകാര്യമായി ധരിപ്പിച്ച് ക്ലീന്‍ ഇമേജുള്ള തന്നെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കിയാല്‍ കേരളത്തില്‍ തുടര്‍ഭരണം ഉറപ്പാണെന്നു പറഞ്ഞ് ചരടുവലിക്കുകയും ചെയ്ത രാഷ്ട്രീയക്കാരനാണ് സുധീരന്‍. അദ്ദേഹത്തിന്റെ മുഖ്യമന്ത്രിമോഹം തുടക്കത്തിലേ പൊലിഞ്ഞുപോയി. ആരും അതൊന്നും മുഖവിലയ്‌ക്കെടുത്തില്ല. പിന്നീട്, അദ്ദേഹം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരേ പല നിലപാടുകളും സ്വീകരിച്ച് പ്രതിപക്ഷത്തെ സന്തോഷിപ്പിച്ചു. സ്വന്തം ഗ്രൂപ്പിലെ പലര്‍ക്കും സ്ഥാനാര്‍ഥിത്വം നല്‍കാന്‍ പരിശ്രമിച്ചു. ജനസമ്മതരായ പല കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെയും വെട്ടിമാറ്റാന്‍ പരിശ്രമിച്ചു.കെപിസിസി വക സ്ഥാനാര്‍ഥികള്‍ക്ക് ഒരു തുക നല്‍കാറുണ്ട്. മുമ്പത്തെ തിരഞ്ഞെടുപ്പില്‍ ഓരോ സ്ഥാനാര്‍ഥിക്കും 10 ലക്ഷം രൂപയാണു നല്‍കിയത്. കെപിസിസി ഖജനാവ് കാലിയാക്കി പ്രസിഡന്റ് പ്രസംഗത്തിനു പോയി. ഒടുവില്‍ ഉമ്മന്‍ചാണ്ടി തന്നെ നേരിട്ടിറങ്ങി പണം കടം വാങ്ങിയാണ് സ്ഥാനാര്‍ഥികള്‍ക്ക് ഫണ്ട് നല്‍കിയത്. ഉമ്മന്‍ചാണ്ടി ഇപ്പോഴും ആ കടം വീട്ടിക്കഴിഞ്ഞിട്ടില്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ്സുകാര്‍ക്ക് ഇതെല്ലാം അറിയാം. അഴിമതി എന്നു കേട്ടാല്‍ മതി സുധീരന്‍ രോഷാകുലനായി വിറച്ചുതുള്ളും. ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബാര്‍ കോഴ അഴിമതി ദേശീയതലത്തില്‍ തന്നെ കത്തിപ്പടര്‍ന്നിരുന്നുവല്ലോ. അഴിമതി എത്രയോ കാലമായി തുടങ്ങിയതാണ്. രാജ്യസഭാ സീറ്റ് മാണി കേരളാ കോണ്‍ഗ്രസ്സിനു നല്‍കിയതടക്കമുള്ള കാര്യങ്ങളില്‍ സുധീരന്‍ പലതും പറെഞ്ഞങ്കിലും അഴിമതി എന്ന വാക്ക് ഒരിടത്തും ഉച്ചരിച്ചില്ല. അതേസമയം, സ്വന്തം പാര്‍ട്ടിയിലെ മന്ത്രി കെ ബാബുവിനെതിരേ ബാര്‍ കോഴ അഴിമതിക്കേസില്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ മുതല്‍ വി എം സുധീരന്‍ എന്തൊക്കെയാണു വിളിച്ചുപറഞ്ഞത്. ലഹരിക്കെതിരേയുള്ള സുധീരന്റെ നിലപാടുകളാണു മറ്റൊന്ന്. പിണറായി വിജയന്‍ സര്‍ക്കാര്‍ പൂട്ടിയ എല്ലാ ബാറുകളും തുറക്കുന്നു. സംസ്ഥാനത്ത് മദ്യം സുലഭമായി. പ്രസംഗിക്കുകയല്ലാതെ ശക്തമായ സമരങ്ങള്‍ക്കു നേതൃത്വം കൊടുക്കാന്‍ സുധീരന്‍ മുന്നോട്ടുവരുന്നില്ല.                            ി

RELATED STORIES

Share it
Top