അതിരപ്പിള്ളിയിലെ ഡാം നിര്‍മാണം: തന്റെ നിലപാടില്‍ മാറ്റമില്ല- മന്ത്രി

ചാലക്കുടി: അതിരപ്പിള്ളിയില്‍ ഡാം നിര്‍മ്മിക്കണമെന്ന തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പ്രളയത്തില്‍ തകരാറിലായ പെരിങ്ങല്‍കുത്ത് പവര്‍ സ്‌റ്റേഷനിലും ഡാം പരിസരത്തും സന്ദര്‍ശനം നടത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. തന്റെ പഴയ നിലപാടില്‍ മാറ്റമില്ല. എന്നാല്‍ ഘടകക്ഷികളില്‍ വിഭിന്ന അഭിപ്രായമുണ്ട്. ചര്‍ച്ചയിലൂടെ സമവായത്തിലെത്തണം. പ്രളയകെടുതിക്ക് കാരണം ഡാം തുറന്ന് വിട്ടതെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. കാര്യം അറിയാതെയാണ് ഇക്കൂട്ടര്‍ ആരോപണം ഉന്നയിക്കുന്നത്. ഡാം തുറന്ന് വിട്ടതുകൊണ്ടല്ല അതിരൂക്ഷമായ മഴ പെയ്തത് കൊണ്ടാണ് വെള്ളപൊക്കമുണ്ടായത്. തമിഴ്‌നാട്ടിലേതടക്കം പെരിങ്ങല്‍കുത്ത് ഡാമിന് മുകളിലുള്ള മുഴുവന്‍ ഡാമുകള്‍ തുറന്ന് വിട്ടു. ഈ വെള്ളമാണ് പുഴയിലേക്ക് ഒഴുകിയെത്തിയത്. പെരിങ്ങല്‍കുത്ത് ഡാം അടച്ചിട്ടിരിക്കുകയായിരുന്നു എന്ന ചിലരുടെ പ്രസ്ഥാവനകളും സത്യമല്ല. മഴ കനത്ത നാള്‍ മുതല്‍ പെരിങ്ങല്‍കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറന്നിട്ടിരിക്കുകയായിരുന്നു. 1925ലാണ് മഹാപ്രളയം ഉണ്ടായതായി ചരിത്രം പറയുന്നത്. അന്നുണ്ടായതിനേക്കാള്‍ പതിന്‍മടങ്ങ് വര്‍ദ്ധനവിലാണ് ഇത്തവണ വെള്ളമെത്തിയത്. നൂറ്റാണ്ടില്‍ മാത്രം സംഭവിക്കുന്ന ഒരു പ്രതിഭാസമാണിത്. ഇത് ആരുടേയും കുറ്റമല്ല. പണം കടമെടുത്താണെങ്കിലും പെരിങ്ങല്‍കുത്ത് ഡാമിന്റെ കേടുപാടുകള്‍ തീര്‍ക്കും. ഷട്ടറുകളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള മരത്തടികളെല്ലാം നീക്കം ചെയ്തിട്ടുണ്ട്. ഇവിടെ ഒവുകിയെത്തിയ മുളകാടുകള്‍ നീക്കം ചെയ്യേണ്ടതുണ്ട്. ഡാമിന്റെ ഘടനക്ക് മാറ്റം സംഭവിച്ചുവെന്ന വാര്‍ത്തയും തെറ്റാണ്. ഘടനക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പെരിങ്ങല്‍കുത്തിലെ ഒരു പവര്‍ ഹൗസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ തന്നെ മറ്റുള്ളവയും പ്രവര്‍ത്തന സജ്ജമാക്കും. വിവാദങ്ങള്‍ക്ക് താനില്ല. വിവേചനമാണ് ഇപ്പോള്‍ വേണ്ടതെന്നും മന്ത്രി പറഞ്ഞു. പെരിങ്ങല്‍കുത്ത് പവര്‍ഹൗസ്, ഡാം എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷം മന്ത്രി ഷോളയാറിലുള്ള ആദിവാസി ക്യാംപിലും സന്ദര്‍ശിച്ചു. കോളനികള്‍ താമസയോഗ്യമാകുന്നതുവരെ നിലവില്‍ ദുരിതാശ്വാസ ക്യാംപ് പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബി.യിലെ ക്വോര്‍ട്ടേഴ്‌സുകളില്‍ തന്നെ തുടരാന്‍ മന്ത്രി പറഞ്ഞു. ആരും ഇവിടെ നിന്ന് ഇറക്കിവിടില്ലെന്നും മന്ത്രി ഊരുമൂപ്പന് ഉറപ്പ് നല്‍കി. ബി.ഡി.ദേവസ്സി എം.എല്‍.എ, അതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വര്‍ഗ്ഗീസ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, കെ.എസ്.ഇ.ബി.ഉദ്യാഗസ്ഥര്‍ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

RELATED STORIES

Share it
Top