അതിതീവ്ര മഴ, ചുഴലിക്കാറ്റ് മുന്നറിയിപ്പ്; സംസ്ഥാനത്ത് കനത്ത ജാഗ്രത

സ്വന്തം പ്രതിനിധി

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള ന്യൂനമര്‍ദ, അതിതീവ്ര മഴയുടെ മുന്നറിയിപ്പ് പരിഗണിച്ച് ഡാമുകളിലെ നീരൊഴുക്കും ജലനിരപ്പും നിരീക്ഷിച്ച് യുക്തമായ നടപടികളെടുക്കുന്നതിന് തീരുമാനം. മുഖ്യമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് ചേര്‍ന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
തമിഴ്‌നാടിന്റെ നിയന്ത്രണത്തിലുള്ള സംസ്ഥാനത്തെ എല്ലാ ഡാമുകളും പരമാവധി സംഭരണശേഷിക്ക് അടുത്താണെന്നതിനാല്‍ ഇവ മുന്‍കൂട്ടി തുറന്നുവിടാന്‍ നിര്‍ദേശം നല്‍കണമെന്നു കേന്ദ്ര ജലകമ്മീഷനോട് ആവശ്യപ്പെടാന്‍ യോഗം തീരുമാനിച്ചു.
ഷോളയാര്‍ ഡാമിന്റെ ഒരു ഷട്ടറും പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ടു ഗേറ്റുകളും തുറന്ന് ചെറിയതോതില്‍ വെള്ളം ഒഴുക്കിത്തുടങ്ങിയിട്ടുണ്ട്. ഇടമലയാര്‍ ഡാമിന്റെ ജലനിരപ്പ് ഇപ്പോള്‍ 160 മീറ്റര്‍ താഴെയാണ്. എന്നാല്‍, അവിടെയും ഡാമിന്റെ ഗേറ്റുകള്‍ തുറന്നുവയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കനത്ത മഴയുണ്ടാവുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ മുഴുവന്‍ ഷട്ടറുകളും തുറന്നു. ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. പൊന്‍മുടി, മാട്ടുപ്പെട്ടി ഡാമുകളിലെ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഇരുഡാമുകളിലൂടെയും ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ഇന്നു രാവിലെ 10 മുതല്‍ ഘട്ടംഘട്ടമായി ഉയര്‍ത്താനാണ് തീരുമാനം.
ഡാമുകള്‍ നിയന്ത്രിക്കുന്ന എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ നിരന്തരം ജില്ലാ കലക്ടര്‍മാരുമായി സമ്പര്‍ക്കം പുലര്‍ത്തണം. കലക്ടറുടെ അനുമതി വാങ്ങിയതിനുശേഷം മാത്രമേ ഡാമുകളുടെ ഷട്ടറുകള്‍ തുറക്കാന്‍ പാടുള്ളൂ.
വയനാട് ജില്ലയിലും കോഴിക്കോട് ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ബാണാസുരസാഗര്‍ ഡാമില്‍ നിന്നും കുറ്റിയാടി ഡാമില്‍ നിന്നും ആവശ്യമെങ്കില്‍ ജലം കുറഞ്ഞതോതില്‍ പുറത്തേക്ക് ഒഴുക്കിക്കളയും. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ ഇന്നു രാവിലെ ഒമ്പതിന് തുറക്കും. കല്ലടയാറ്റിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
കെഎസ്ഇബിയുടെയും ജലവിഭവ വകുപ്പിന്റെയും എല്ലാ ഡാം സൈറ്റിലും ഉപഗ്രഹ ഫോണുകള്‍ നല്‍കാന്‍ ഉടന്‍ നടപടി സ്വീകരിക്കും. തീരരക്ഷാ സേനയുടെ കപ്പലുകളും ഡോണിയര്‍ വിമാനങ്ങളും കേരളത്തിന്റെ തീരത്തോട് അടുത്തുള്ള അറബിക്കടല്‍ മേഖലയില്‍ മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഒക്ടോബര്‍ ഒന്നു മുതല്‍ മുന്നറിയിപ്പ് നല്‍കിവരുന്നുണ്ട്.
ശബരിമലയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കൂടി കണക്കിലെടുത്താവും പമ്പ, കക്കി ഡാമുകളില്‍ നിന്നു ജലം പുറത്തേക്ക് ഒഴുക്കുക. ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധിയായ 2403 അടിയേക്കാള്‍ 15 അടി കുറവാണെങ്കിലും ആവശ്യമെങ്കില്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടണമെന്നു തീരുമാനിച്ചിട്ടുണ്ട്.
ന്യൂനമര്‍ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അറബിക്കടലിലൂടെ ലക്ഷദ്വീപിന് അടുത്തുകൂടി വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിക്കുമെന്നും മുന്നറിയിപ്പുണ്ട്. കേരളതീരത്ത് ശക്തമായ കാറ്റടിക്കും. വെള്ളിയാഴ്ചയോടെ കേരളത്തില്‍ പരക്കെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.RELATED STORIES

Share it
Top