അതിക്രമങ്ങളെ ഭരണകൂടം ന്യായീകരിക്കുകയോ?

ഗോസംരക്ഷണത്തിന്റെ പേരു പറഞ്ഞ് അലീമുദ്ദീന്‍ അന്‍സാരിയെന്ന മനുഷ്യനെ തല്ലിക്കൊന്ന കേസില്‍ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട പ്രതികള്‍ക്ക് ജാമ്യം നല്‍കിക്കൊണ്ടും വിധി മരവിപ്പിച്ചുകൊണ്ടുമുള്ള ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഗോസംരക്ഷക മുദ്രയണിഞ്ഞവരുടെ കൈകളാല്‍ 30ഓളം പേര്‍ രാജ്യത്തു കൊല്ലപ്പെട്ടിട്ടുണ്ട്. ഇവയില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ട ആദ്യത്തെ കേസാണ് ജാര്‍ഖണ്ഡിലേത്. എന്നാല്‍, അവരുടെ ശിക്ഷ മരവിപ്പിച്ച കോടതി നടപടി പശുഭീകരത അഴിച്ചുവിടുന്നവര്‍ക്ക് അതിക്രമങ്ങള്‍ കൈക്കൊള്ളുന്നതിന് ഉത്തേജനം നല്‍കാനാണ് സകല സാധ്യതയും. അതിനേക്കാള്‍ ആശങ്കയുളവാക്കുന്ന സംഗതിയാണ് ഈ പ്രതികള്‍ക്കുള്ള സ്വീകരണച്ചടങ്ങില്‍ കേന്ദ്ര വ്യോമഗതാഗത സഹമന്ത്രി ജയന്ത് സിന്‍ഹ പങ്കെടുത്തുവെന്നത്. പ്രതികളെ മന്ത്രി പൂമാലയിട്ടു സ്വീകരിച്ചു. അതിനു മന്ത്രിക്കുള്ള ന്യായം, റാഞ്ചി ഹൈക്കോടതി അവര്‍ക്കു ജാമ്യം നല്‍കിയിട്ടുണ്ട് എന്നതാണ്. കോടതിവിധിയും മന്ത്രിയുടെ നടപടിയും ചേര്‍ത്തുവായിക്കുമ്പോള്‍ ചിത്രം വ്യക്തമാവും.
മറ്റൊരു കേന്ദ്രമന്ത്രി ഗിരിരാജ് സിങ് വര്‍ഗീയകലാപ കേസില്‍പ്പെട്ട് ബിഹാര്‍ ജയിലില്‍ കിടക്കുന്ന പ്രതികളെ സന്ദര്‍ശിച്ച സംഭവം ഈ ആശങ്കകള്‍ വര്‍ധിപ്പിക്കുന്നു. രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് നവദ ജില്ലയില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ശ്രമിച്ച വിശ്വഹിന്ദു പരിഷത്ത്-ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകരെയാണ് മന്ത്രി ജയിലില്‍ പോയി കണ്ടത്.
സ്പര്‍ധയുടെയും ഹിംസയുടെയും രാഷ്ട്രീയം രാജ്യത്ത് ശക്തമാവുകയും തല്‍ഫലമായി ന്യൂനപക്ഷ-പിന്നാക്ക സമുദായക്കാര്‍ കടുത്ത ഭീതിയില്‍ അകപ്പെടുകയും ചെയ്ത സാഹചര്യത്തില്‍, ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മന്ത്രിമാര്‍ ഇത്തരം നടപടികളില്‍ ഏര്‍പ്പെടുമ്പോള്‍ അതു പ്രസരിപ്പിക്കുന്ന സന്ദേശമെന്താണെന്ന് ആലോചിക്കേണ്ടതുണ്ട്. ആള്‍ക്കൂട്ട അതിക്രമങ്ങള്‍ കഴിഞ്ഞ നാലു കൊല്ലത്തിനുള്ളില്‍ 400 ശതമാനം വര്‍ധിച്ചിരിക്കുകയാണ്. ഹിന്ദുത്വ രാഷ്ട്രീയക്കാര്‍ രാജ്യത്തുടനീളം അഴിഞ്ഞാടുകയുമാണ്. ഈ അവസ്ഥയില്‍ ഉത്തരവാദപ്പെട്ട മന്ത്രിമാര്‍ അത്തരം അതിക്രമങ്ങള്‍ ചെയ്യുന്ന സാമൂഹികദ്രോഹികളെ സ്വീകരിക്കാനും ആദരിക്കാനും മുന്നോട്ടുവരുമ്പോള്‍ അതുണ്ടാക്കുന്ന ഫലങ്ങള്‍ വിപദ്കരമായിരിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരം വിഷയങ്ങളില്‍ നിശ്ശബ്ദത പാലിക്കുകയാണു പതിവ്. കഠ്‌വയിലെ അതിഭീകരമായ ബലാല്‍സംഗക്കൊലയെ പോലും ബിജെപി നേതൃത്വവും കേന്ദ്ര ഭരണകൂടവും അതര്‍ഹിക്കുന്ന ഗൗരവത്തോടു കൂടി കണക്കിലെടുത്തിട്ടില്ല. എന്നു മാത്രമല്ല, ഹിംസയുടെ രാഷ്ട്രീയത്തെ ഉദാത്തവല്‍ക്കരിക്കുന്ന സമീപനമാണ് അവര്‍ കൈക്കൊള്ളാറുള്ളതും. മുസ്‌ലിം തീവ്രവാദത്തെപ്പറ്റി പുരപ്പുറത്തു കയറി വിളിച്ചുകൂവുന്ന ഇടതുപക്ഷക്കാര്‍ക്കു പോലും ഈ ഹിംസ അത്ര പ്രശ്‌നമാവാറില്ലെന്നത് മറ്റൊരു വൈരുധ്യമാണ്. രാജ്യം എങ്ങോട്ടാണ് പോവുന്നത് എന്നതിനെച്ചൊല്ലി നാം ഉല്‍ക്കണ്ഠപ്പെടുക തന്നെ വേണം.

RELATED STORIES

Share it
Top