അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരായ നീക്കം : മുഖ്യമന്ത്രിക്ക് ന്യൂനപക്ഷസമിതി നിവേദനം നല്‍കികോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ-അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച്  ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി സംസ്ഥാന നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചു.സുന്നി യുവജനസംഘം സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി, ഐഎസ്എം വൈസ് പ്രസിഡന്റ് നിസാര്‍ ഒളവണ്ണ, ന്യൂനപക്ഷ സമിതി സംസ്ഥാന ഭാരവാഹികളായ കെ പി മുഹമ്മദലി, സുബൈര്‍ നെല്ലിക്കാപറമ്പ്, നടുക്കണ്ടി അബൂബക്കര്‍, സി പി അബ്ദുല്ല തുടങ്ങിയവരാണ് മുഖ്യമന്ത്രിയെ കണ്ടത്. വിദ്യാഭ്യാസ സമിതി ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി.  വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്ന വിദ്യാലയങ്ങള്‍ അടച്ചുപൂട്ടണമെന്ന നിലപാട് പരിഷ്‌കൃത സമൂഹത്തിന് അംഗീകരിക്കാന്‍ സാധ്യമല്ല. സമൂഹത്തില്‍ അംഗീകാരമുള്ള മത-ധര്‍മ സ്ഥാപനങ്ങള്‍, ട്രസ്റ്റുകള്‍, സൈസൈറ്റികള്‍ എന്നിവയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാണ് ഇത്രയും വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നിരിക്കെ ചില അധ്യാപക സംഘടനകളുടെ എതിര്‍പ്പ് മാത്രം മുന്നില്‍കണ്ട് ഇവയെ ഇല്ലായ്മ ചെയ്യാനുള്ള ശ്രമം അംഗീകരിക്കാനാവില്ലെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. തീരുമാനം പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് നിവേദനം നല്‍കാനും ന്യൂനപക്ഷസമിതി തീരുമാനിച്ചു. ജൂണ്‍ 10ന് കോഴിക്കോട്ട് പ്രതിഷേധ സംഗമവും കണ്‍വന്‍ഷനും വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഇതില്‍ മത-സാമുദായിക സംഘടനാ നേതാക്കള്‍, സഭാനേതാക്കള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പ്രതിപക്ഷ എംഎല്‍എമാര്‍ എന്നിവരെ പങ്കെടുപ്പിക്കും. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന 1500 സ്‌കൂളുകള്‍ പൂട്ടാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നീക്കം തുടങ്ങിയിരിക്കുന്നത്.

RELATED STORIES

Share it
Top