അണ്ണാ ഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയ കേസ് മദ്രാസ് ഹൈക്കോടതിക്ക് ഭിന്നവിധി

ചെന്നൈ: തമിഴ്‌നാട്ടില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 18 എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരായ ഹരജിയില്‍ മദ്രാസ് ഹൈക്കോടതി ബെഞ്ചില്‍ ഭിന്നവിധി പ്രഖ്യാപിച്ചു. എഐഡിഎംകെയുടെ 18 എംഎല്‍എമാര്‍ എടപ്പാടി പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് കൂറുമാറ്റ നിരോധന നിയമപ്രകാരം കഴിഞ്ഞ സപ്തംബറില്‍ സ്പീക്കര്‍ പി ധനപാല്‍ ഇവരെ അയോഗ്യരാക്കുകയായിരുന്നു. മൂന്നാമതൊരു ജഡ്ജിയാണ് കേസ് ഇനി പരിഗണിക്കുക. അന്തിമ വിധി വരുന്നതുവരെ ഉപതിരഞ്ഞെടുപ്പ് നടത്തുകയോ വിശ്വാസവോട്ട് തേടുകയോ ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ചീഫ്ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയും ജസ്റ്റിസ് എം സുന്ദറുമാണ് ഹരജി പരിഗണിച്ചത്. ചീഫ്ജസ്റ്റിസ് സ്പീക്കറുടെ നടപടി ശരിവച്ചപ്പോള്‍ ജസ്റ്റിസ് സുന്ദര്‍ ഇതിനോട് വിയോജിച്ച് സ്പീക്കറുടെ വിധി റദ്ദാക്കുകയായിരുന്നു. സ്പീക്കറുടെ നടപടി യുക്തിരഹിതമാണെന്ന് കരുതുന്നില്ലെന്ന നിരീക്ഷണത്തോടെയാണ് ചീഫ്ജസ്റ്റിസ് വിധി പറഞ്ഞത്. മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയാണ് കേസ് ഇനി പരിഗണിക്കുക. കോടതിയുടെ ഭിന്നവിധി എടപ്പാടി പളനിസ്വാമി നയിക്കുന്ന എഐഡിഎംകെ സര്‍ക്കാരിന് ആശ്വാസം പകരുന്നതാണ്. 234 അംഗ തമിഴ്‌നാട് നിയമസഭയില്‍ 116 എംഎല്‍എമാരുടെ (സ്പീക്കര്‍ ഉള്‍പ്പെടെ) പിന്തുണയാണ് പളനിസ്വാമി സര്‍ക്കാരിന്. സ്വതന്ത്ര എംഎല്‍എ ദിനകറിനെ പിന്തുണച്ച് ഗവര്‍ണര്‍ക്ക് എംഎല്‍എമാര്‍ കത്തു നല്‍കിയതിനെ തുടര്‍ന്ന് അവരെ സ്പീക്കര്‍ അയോഗ്യരാക്കുകയായിരുന്നു. നിലവില്‍ നിയമസഭയില്‍ ദിനകരപക്ഷത്ത് മൂന്ന് എംഎല്‍എമാര്‍ മാത്രമാണുള്ളത്. എഐഡിഎംകെയില്‍ നിന്നു നേരത്തേ ദിനകരനെ പുറത്താക്കിയതോടെയാണ് സ്വതന്ത്രനായി തിരഞ്ഞെടുപ്പിനെ നേരിട്ടത്. പ്രതിപക്ഷത്ത് 96 എംഎല്‍എമാരുണ്ട്. ഇതില്‍ 89 പേല്‍ ഡിഎംകെക്കാരാണ്. എട്ടു പേര്‍ കോണ്‍ഗ്രസ്സുകാരും ഒരാള്‍ മുസ്‌ലിംലീഗ് എംഎല്‍എയുമാണ്.

RELATED STORIES

Share it
Top