അണ്ടര്‍ 20 ലോകകപ്പ് : സാംബിയന്‍ കരുത്തിന് തിരിച്ചടി; പോര്‍ച്ചുഗലിന് ആദ്യ ജയംഇഞ്ചിയോണ്‍: കൗമാര ലോകകപ്പിന്റെ ആവേശകരമായ മൂന്നാംറൗണ്ട് സമാപനത്തിലേക്ക് കടക്കുമ്പോള്‍ കരുത്തരായ പോര്‍ച്ചുഗലിന് ആദ്യ ജയം. ഇറാന്റെ ഒറ്റഗോളിനെതിരേ രണ്ട് തവണ വലകുലുക്കിയാണ് പറങ്കിപ്പട ആദ്യ ജയം നേടിയത്. മല്‍സരത്തില്‍ ആദ്യ മിനിറ്റില്‍ തന്നെ റെസ ഷെഖാരിയുടെ ഗോളില്‍ മുന്നിലെത്തിയ ഇറാനെതിരേ രണ്ടാംപകുതിയിലാണ് പോര്‍ച്ചുഗല്‍ തിരിച്ചടിച്ചത്. ഡീഗോ ഗോണ്‍സാല്‍വസ് 54ാം മിനിറ്റില്‍ സമനില കണ്ടെത്തിയപ്പോള്‍ പകരക്കാരനായ സാന്‍ഡെ സില്‍വയിലൂടെ 86ാം മിനിറ്റിലാണ് പോര്‍ച്ചുഗല്‍ വിജയ ഗോള്‍ സ്വന്തമാക്കിയത്. ജയത്തോടെ ഗ്രൂപ്പ് സിയില്‍ പോര്‍ച്ചുഗലിന് രണ്ടാംസ്ഥാനം ഉറപ്പായി. അതേസമയം, ഗ്രൂപ്പിലെ ഒന്നാംസ്ഥാനക്കാരായ സാംബിയ ആദ്യ പരാജയം രുചിച്ചു. അപരാജിതരായി മൂന്നാംറൗണ്ടില്‍ കടന്ന സാംബിയ എതിരില്ലാത്ത ഒറ്റഗോളില്‍ കോസ്റ്ററിക്കയ്ക്ക് മുന്നില്‍ അടിയറവ് പറയുകയായിരുന്നു. 15ാം മിനിറ്റില്‍ പെനല്‍റ്റി നഷ്ടപ്പെടുത്തിയതിന് പിന്നാലെ ജോസ്റ്റിന്‍ ഡാലി തന്നെ കോസ്റ്ററിക്കയുടെ ഗോള്‍ നേടി. 66ാം മിനിറ്റില്‍ റന്‍ഡല്‍ ലീലിന് ലഭിച്ച പെനല്‍റ്റി അവസരം നഷ്ടപ്പെടുത്തിയില്ലായിരുന്നെങ്കില്‍ കൂടുതല്‍ ഗോളുകള്‍ക്ക് കോസ്റ്ററിക്ക ജയിക്കുമായിരുന്നു. മൂന്നാംസ്ഥാനത്തേക്കുള്ള പട്ടികയില്‍ ഒന്നാംസ്ഥാനത്താണ് കോസ്റ്ററിക്ക. ഇന്നലെ നടന്ന ജപ്പാന്‍- ഇറ്റലി മല്‍സരം 2-2ന് സമനിലയില്‍ പര്യവസാനിച്ചപ്പോള്‍ ഉറുഗ്വേയ്ക്കും ദക്ഷിണാഫ്രിക്കയ്ക്കും ഗോളൊന്നും നേടാനായില്ല. 3, 7 മിനിറ്റുകളിലായി ഒര്‍സോളിനിയും പാനികോയും ഇറ്റലിക്കു വേണ്ടി ഗോള്‍ പായിച്ചപ്പോള്‍ 22, 50 മിനിറ്റുകളില്‍ ഇരട്ടഗോളുകള്‍ തിരിച്ചടിച്ച് റിറ്റ്‌സു ഡോന്‍ ജപ്പാന്റെ തോല്‍വി ഒഴിവാക്കുകയായിരുന്നു. പ്ലേഓഫില്‍ കടന്ന ഉറുഗ്വേ ഇതുവരെ പരാജയപ്പെട്ടിട്ടില്ലെങ്കിലും ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഗോള്‍ നഷ്ടപ്പെടുത്തിയതിനാല്‍ പോയിന്റ് വര്‍ധന ഉണ്ടായില്ല. ഡി ഗ്രൂപ്പില്‍ ഒന്നാംസ്ഥാനക്കാരാണ് ഉറുഗ്വേ.

RELATED STORIES

Share it
Top