അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: കംഗാരുക്കളെ കൂട്ടിലടച്ച് ഇന്ത്യക്ക് വിജയത്തുടക്കംവെല്ലിങ്ടണ്‍: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ മല്‍സരത്തിനിറങ്ങിയ യുവ ഇന്ത്യക്ക് പിഴച്ചില്ല. ഇന്ത്യയുടെ ബാറ്റിങ് വന്‍മതില്‍ രാഹുല്‍ ദ്രാവിഡിന്റെ തന്ത്രങ്ങള്‍ പൃഥിവ് ഷായും സംഘവും കളിക്കളത്തില്‍ പ്രാവര്‍ത്തികമാക്കിയപ്പോള്‍ 100 റണ്‍സിനാണ് ഇന്ത്യ ആസ്‌ത്രേലിയയെ മുട്ടുകുത്തിച്ചത്. ഇന്ത്യ പടുത്തുയയര്‍ത്തിയ 329 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യത്തെ പിന്തുടര്‍ന്ന ഓസീസിന് 42.5 ഓവറില്‍ 228 റണ്‍സിന് കൂടാരം കയറേണ്ടി വന്നു. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ നാഗര്‍കോട്ടിയും ശിവം മാവിയും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
നേരത്തെ ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് സ്വപ്‌നതുല്യമായ തുടക്കം തന്നെയാണ് ലഭിച്ചത്. നായകന്‍ പൃഥിവ് ഷായും (94) മന്‍ജോത് കല്‍റയും (86) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 180 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് സമ്മാനിച്ചത്.  പൃഥ്വിവ് ഷായെ പുറത്താക്കി സതര്‍ലാന്‍ഡാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.മൂന്നാമനായി  ക്രീസിലെത്തിയ ശുഭം ഗില്ലും മികച്ച പ്രകടനം തന്നെ പുറത്തെടുത്തു. 54 പന്തില്‍ 63 റണ്‍സെടുത്ത ശുഭത്തെ എഡ്വാര്‍ഡ്‌സ് പുറത്താക്കുകയായിരുന്നു. റാണ 14 റണ്‍സിനും റോയ് ആറു റണ്‍സിനും പുറത്തായി. അഭിഷേക് ശര്‍മ്മ 23 റണ്‍സ് നേടിയപ്പോള്‍ 10പത്ത് റണ്‍സായിരുന്നു ശിവ സിങിന്റെ സംഭാവന.ഓസീസിനായി എഡ്വാര്‍ഡ്‌സ് ഒമ്പത് ഓവറില്‍ 65 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്തു.
മറുപടിക്കിറങ്ങിയ ഓസീസ് നിരയില്‍ 73 റണ്‍സെടുത്ത ഓപണര്‍ എഡ്വാര്‍ഡ്‌സിനല്ലാതെ മറ്റാര്‍ക്കും  തിളങ്ങാനായില്ല. നാലു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി. അഭിഷേക് ശര്‍മയും അനുകുല്‍ റോയിയും ഓരോ വിക്കറ്റും സ്വന്തമാക്കി.

RELATED STORIES

Share it
Top