അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെ തകര്‍ത്ത് അഫ്ഗാനിസ്താന്‍ഓക്‌ലന്‍ഡ്: അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്താന് വിജയത്തുടക്കം. കരുത്തരായ പാകിസ്താനെ അഞ്ച് വിക്കറ്റിനാണ് അഫ്ഗാനിസ്താന്‍ തകര്‍ത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ പടുത്തുയര്‍ത്തിയ 189 റണ്‍സ് വിജയ ലക്ഷ്യത്തെ 47.3 ഓവറില്‍ അഞ്ച് വിക്കറ്റിന് നഷ്ടത്തില്‍ 194 റണ്‍സ് നേടി അഫ്ഗാനിസ്താന്‍ നിര മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ നിരയില്‍ റൊഹൈല്‍ നാസിറിന് (81) മാത്രമാണ് തിളങ്ങാനായത്. മറുപടിക്കിറങ്ങിയ അഫ്ഗാനിസ്താന്‍ തകര്‍ച്ചയോടെയാണ് തുടങ്ങിയതെങ്കിലും ഇക്രം അലി ഖില്‍ (46), ഡേവിഡ് റസൂലി (76) എന്നിവരുടെ കൂട്ടുകെട്ട് അഫ്ഗാനിസ്താന് കരുത്താവുകയായിരുന്നു. റഹ്മാനുല്ല ഗുര്‍ബാസും (31) അഫ്ഗാന്‍ നിരയില്‍ തിളങ്ങി. കഴിഞ്ഞ മാസം നടന്ന യൂത്ത് ഏഷ്യാ കപ്പില്‍ പാകിസ്താനെ തകര്‍ത്ത് അഫ്ഗാനിസ്താന്‍ കിരീടം നേടിയിരുന്നു. കിവീസിനും ജയത്തുടക്കംമറ്റൊരു മല്‍സരത്തില്‍ ആതിഥേയരായ ന്യൂസിലന്‍ഡും വിജയം സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെ എട്ട് വിക്കറ്റിനാണ് കിവീസ് നിര തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ 39.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 234 റണ്‍സ് നേടി കിവീസ് വിജയം പിടിച്ചെടുക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ഫിന്‍ അല്ലെന്റെ (115*) ബാറ്റിങാണ് കിവീസിന് അനായാസ ജയം സമ്മാനിച്ചത്. ജേക്കബ് ബൂല (83) അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. നേരത്തെ സിമ്മണ്‍സിന്റെയും (92*) മീലിയസിന്റെയും (78) അര്‍ധ സെഞ്ച്വറികളാണ് വെസ്റ്റ് ഇന്‍ഡീസിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറ്റ് മല്‍സരങ്ങളില്‍ സിംബാബ്‌വെ 10 വിക്കറ്റിന് പപ്പുവ ന്യൂ ഗ്വിനിയയെ പരാജയപ്പെടുത്തിയപ്പോള്‍ ബംഗ്ലാദേശ് 87 റണ്‍സിന് നമീബിയയെയും തോല്‍പ്പിച്ചു.

RELATED STORIES

Share it
Top