അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ : ഫിഫ ടീം നാളെയെത്തുംകൊച്ചി: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ കേരളത്തിലെ വേദിയായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഒരുക്കങ്ങള്‍ സംബന്ധിച്ച അന്തിമ പരിശോധനയ്ക്കായി ഫിഫ ടീം നാളെ എത്തും. ടൂര്‍ണമെ ന്റ് ഡയറക്ടര്‍ ഹാവിയര്‍ സെപ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധനയ്ക്കായി എത്തുന്നത്. രാവിലെ 11ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെത്തുന്ന സംഘം പ്രധാന സ്റ്റേഡിയത്തിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തും. ഇതിനുശേഷം അവലോകനയോഗം ചേരും. തുടര്‍ന്ന് പരിശീലനസ്ഥലങ്ങളായ പനമ്പള്ളി സ്‌പോര്‍ട്‌സ് കൗണ്‍ സില്‍ മൈതാനം, മഹാരാജാസ് കോളജ് ഗ്രൗണ്ട്, ഫോര്‍ട്ട്‌കൊച്ചി വെളി, പരേഡ് ഗ്രൗണ്ടുകള്‍ എന്നിവിടങ്ങളും സംഘം പരിശോധിച്ചു പുരോഗതി വിലയിരുത്തും. ഇവരുടെ റിപോര്‍ട്ടനുസരിച്ച് പിന്നീട് ഫിഫയുടെ കൂടുതല്‍ സംഘങ്ങളും കേന്ദ്ര കായികമന്ത്രിയും സ്റ്റേഡിയം സന്ദര്‍ശിക്കും. ഈ മാസം 15നകം കലൂര്‍ സ്റ്റേഡിയത്തിന്റെയും പരിശീലന മൈതാനങ്ങളുടെയും നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് നേരത്തെ ഫിഫ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. ഫിഫ നിര്‍ദേശിച്ച പ്രകാരമുള്ള പ്രധാന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ പൂര്‍ത്തിയായിക്കഴിഞ്ഞുവെന്ന് ടൂര്‍ണമെന്റിന്റെ കേരളത്തില്‍ നിന്നുള്ള നോഡല്‍ ഓഫിസറായ മുഹമ്മദ് ഹനീഷ് പറഞ്ഞു. കളിക്കാര്‍ക്കുള്ള മുറികളുടെ നവീകരണ ജോലികള്‍ മാത്രമാണു തീരാനുള്ളത്. ഇത് 30നുള്ളില്‍ പൂര്‍ത്തിയാക്കി നല്‍കിയാല്‍ മതി. കഴിഞ്ഞദിവസം സ്റ്റേഡിയത്തിലെത്തിയ ഫിഫ പ്രതിനിധി നിര്‍മാണ പുരോഗതിയില്‍ സംതൃപ്തി അറിയിച്ചിരുന്നു. നാളെ അവസാനവട്ട വിലയിരുത്തലിനായി എത്തുന്ന ഫിഫ സംഘം സംതൃപ്തി പ്രകടിപ്പിക്കുമെന്നുതന്നെയാണ് തങ്ങളുടെ പ്രതീക്ഷയെന്നും മുഹമ്മദ് ഹനീഷ് പറഞ്ഞു. അതേസമയം ചാംപ്യന്‍ഷിപ്പില്‍ നിലവില്‍ അനുവദിച്ചിരിക്കുന്ന എട്ടു മല്‍സരങ്ങളല്ലാതെ കൊച്ചിയില്‍ കൂടുതല്‍ മല്‍സരങ്ങള്‍ ലഭിക്കാന്‍ സാധ്യത കുറവാണെന്ന് കെഎഫ്എ അധികൃതര്‍ പറഞ്ഞു. ഒരോ പ്രീക്വാര്‍ട്ടര്‍, ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരവും ആറു ഗ്രൂപ്പ് മല്‍സരങ്ങളുമാണ് ഇപ്പോള്‍ കൊച്ചിക്ക് അനുവദിച്ചിരിക്കുന്നത്. സെമി ഫൈനല്‍ അടക്കം കൊച്ചിയില്‍ നടത്താന്‍ ശ്രമിക്കുമെന്നും കേന്ദ്രമന്ത്രി ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്താമെന്ന് അറിയിച്ചിട്ടുണ്ടെന്നും നേരത്തെ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞിരുന്നു.

RELATED STORIES

Share it
Top