അണ്ടര്‍ 17 ലോകകപ്പ് : ഫിഫ നല്‍കിയ സമയം ഇന്ന് അവസാനിക്കുംകൊച്ചി: അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സംസ്ഥാനത്തിന് ഫിഫ അനുവദിച്ച സമയം ഇന്ന് അവസാനിക്കും. പ്രധാന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ 70 ശതമാനം നിര്‍മാണജോലികളും പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അവസാനവട്ട ഒരുക്കങ്ങള്‍ നേരിട്ടു കാണാന്‍ ഇന്നലെ സ്റ്റേഡിയത്തിലെത്തിയ ഫിഫ പ്രതിനിധി നിര്‍മാണപുരോഗതിയില്‍ സംതൃപ്തി അറിയിച്ചു. 18ന് സ്റ്റേഡിയത്തിലെ അന്തിമ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഫിഫയുടെ ലോക്കല്‍ ഓര്‍ഗനൈസിങ് കമ്മിറ്റി പ്രതിനിധികള്‍ കൊച്ചിയിലെത്തിയേക്കും. ഇവരുടെ റിപോര്‍ട്ടനുസരിച്ചാവും ഫിഫയുടെ കൂടുതല്‍ സംഘങ്ങളും കേന്ദ്ര കായിക മന്ത്രിയും പിന്നീട് സ്റ്റേഡിയം സന്ദര്‍ശിക്കുക.  പ്രധാനവേദിയായ കലൂര്‍ സ്റ്റേഡിയത്തിന് പുറമേ പരിശീലന മൈതാനങ്ങളായ പനമ്പിള്ളി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മൈതാനം, മഹാരാജാസ് കോളജ് ഗ്രൗണ്ട്, വെളി, ഫോര്‍ട്ട്‌കൊച്ചി, പരേഡ് ഗ്രൗണ്ടുകള്‍ എന്നിവിടങ്ങളിലെ ജോലികള്‍ ഇന്നു പൂര്‍ത്തിയാക്കണമെന്നാണ് ഫിഫ നിര്‍ദേശിച്ചിരിക്കുന്നത്. ഗാലറിയിലെ രണ്ടാംനിലയില്‍ കസേരകള്‍ സ്ഥാപിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. 2,000 കസേരകളാണ് സ്ഥാപിക്കേണ്ടത്. 90 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്. അവധിദിവസമായ ഇന്നലെയും കസേരകള്‍ സ്ഥാപിക്കുന്ന ജോലി തകൃതിയായി നടക്കുകയാണ്. പ്രതലം മികച്ചതാണെന്ന് ഫിഫ സംഘം റിപോര്‍ട്ട് സമര്‍പ്പിച്ചതോടെ അക്കാര്യത്തില്‍ ആശങ്കകളുടെ ആവശ്യമില്ല. അനുബന്ധ ജോലികളാണ് പൂര്‍ത്തിയാക്കേണ്ടത്. വിശ്രമമുറികളും കോണ്‍ഫറന്‍സ് ഹാളും ശീതീകരണ സംവിധാനത്തോടെ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിനുള്ളില്‍ നിര്‍മിക്കുന്ന 20 മുറികളില്‍ 15 എണ്ണത്തിന്റെ പണി പൂര്‍ത്തിയായി. രണ്ടു ദിവസത്തിനുള്ളില്‍ ബാക്കി ജോലികളും തീരുമെന്നാണു പ്രതീക്ഷ. സുരക്ഷാക്രമീകരണങ്ങളാണ് ഇനി പ്രധാനമായും പൂര്‍ത്തിയാവാനുള്ളത്. ഫയര്‍ കണ്‍ട്രോളിങ് സിസ്റ്റത്തിന്റെ ജോലികള്‍ നടന്നുകൊണ്ടിരിക്കുന്നു. സ്റ്റേഡിയത്തിന് ചുറ്റുമുള്ള പാര്‍ക്കിങ് സംവിധാന ത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. പരിശീലന മൈതാനങ്ങളുടെ കാര്യമാണ് അധികൃതരെ ഏറെ വലയ്ക്കുന്നത്. മഹാരാജാസ് കോളജ് ഗ്രൗണ്ടിന്റെ ജോലികള്‍ മാത്രമാണ് പൂര്‍ത്തിയായത്. പവലിയന്‍ നേരത്തേയുണ്ടായിരുന്നതിനാല്‍ പുതുക്കിപ്പണിയുക മാത്രമാണ് ചെയ്തത്. എന്നാല്‍, മറ്റ് മൂന്നു മൈതാനങ്ങളിലെ നവീകരണജോലികള്‍ കാര്യമായി പുരോഗമിച്ചിട്ടില്ല. ഈ മൈതാനങ്ങളുടെ അനുബന്ധ ജോലികള്‍ മെയ് 30നകം പൂര്‍ത്തിയാക്കിയാല്‍ മതിയെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയല്‍ അനുമതി നല്‍കിയത് ഈ ഘട്ടത്തില്‍ ആശ്വാസമാണ്. ഫിഫ സംഘം അന്തിമ പരിശോധനയ്ക്കായി സന്ദര്‍ശിക്കുമ്പോള്‍ ചെറിയൊരു പിഴവ് ശ്രദ്ധയില്‍പ്പെട്ടാല്‍പോലും അതു വേദിയെ സാരമായി ബാധിക്കും.

RELATED STORIES

Share it
Top