അണക്കെട്ടുകളില്‍ സാറ്റലൈറ്റ് ഫോണുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കാലവര്‍ഷം ശക്തമാവുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ജലസേചനവകുപ്പിന്റെയും കെഎസ്ഇബിയുടെയും അണക്കെട്ടുകളില്‍ സാറ്റലൈറ്റ് ഫോണുകള്‍ സ്ഥാപിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി.
ഇതിന്റെ അടിസ്ഥാനത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടെ പക്കലുണ്ടായിരുന്ന ഫോണുകള്‍ ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ആനത്തോട്, കക്കി അണക്കെട്ടുകള്‍ക്ക് നല്‍കി. ദുരന്തനിവാരണ അതോറിറ്റിയുടെ കേന്ദ്ര ഓഫിസിലും എറണാകുളം, ഇടുക്കി, വയനാട് കലക്ടറേറ്റിലുമാണ് ഇപ്പോള്‍ സാറ്റലൈറ്റ് ഫോണുള്ളത്. ദുരന്തനിവാരണ അതോറിറ്റി ജില്ലാ ചെയര്‍മാന്‍മാര്‍ എന്ന നിലയിലാണ് എറണാകുളം, ഇടുക്കി, വയനാട് ജില്ലാ കലക്ടര്‍മാര്‍ക്കു ദുരന്തനിവാരണ അതോറിറ്റി നേരത്തെ സാറ്റലൈറ്റ് ഫോണ്‍ നല്‍കിയത്. വ്യവസായശാലകളും തുറമുഖവും നേവല്‍ ആസ്ഥാനവുമൊക്കെ പരിഗണിച്ചാണ് എറണാകുളം കലക്ടര്‍ക്ക് സാറ്റലൈറ്റ് ഫോണ്‍ നല്‍കിയത്.
ഇതിനു പുറമേ സാറ്റലൈറ്റ് ടെര്‍മിനലും ഈ മൂന്നു ജില്ലകളിലും സ്ഥാപിച്ചിട്ടുണ്ട്. ഉപഗ്രഹ സഹായത്തോടെ ശബ്ദവും വീഡിയോയും അയക്കാനും തടസ്സമില്ലാതെ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സാധിക്കും. 33 അണക്കെട്ടുകളാണ് കെഎസ്ഇബിക്കുള്ളത്. ഇതില്‍ 18 എണ്ണത്തിലാണ് ആദ്യഘട്ടത്തില്‍ സാറ്റലൈറ്റ് ഫോണുകള്‍ സ്ഥാപിക്കുന്നത്. ഇതിനുള്ള പദ്ധതി നിര്‍ദേശം സമര്‍പ്പിക്കുന്ന ജോലികള്‍ ആരംഭിച്ചതായി കെഎസ്ഇബി അധികൃതര്‍ വ്യക്തമാക്കി. ജലസേചന വകുപ്പിന്റെ 16 അണക്കെട്ടുകളില്‍ ബിഎസ്എന്‍എല്‍ ആണ് സാറ്റലൈറ്റ് ഫോണ്‍ സ്ഥാപിക്കുന്നത്. ഫോണ്‍ വാങ്ങാന്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ അനുമതി വേണം.

RELATED STORIES

Share it
Top