അഡ്വ. ഷുക്കൂറിനെതിരേയുള്ള നടപടി പിന്‍വലിക്കണമെന്നാവശ്യം

കാസര്‍കോട്്: പഴയ ചൂരി ജമാഅത്ത് പള്ളിയിലെ മുഅദ്ദിന്‍ മുഹമ്മദ് റിയാസ് മൗലവിയെ 2017 മാര്‍ച്ച് 20ന് അര്‍ധരാത്രി താമസമുറിയില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ കേസ് നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു പാട് സഹായങ്ങള്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ പിന്തുണയാണ് പ്രതികള്‍ക്ക് ഇനിയും പുറത്തിറങ്ങാന്‍ കഴിയാത്തതെന്നും കേസ് നടത്തിപ്പ് ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
പ്രദേശത്തുകാരുടെ ആവശ്യപ്രകാരം കേസന്വേഷണത്തിന് ഡോ. എ ശ്രീനിവാസനെ സ്‌പെഷ്യല്‍ ടീമായി സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. കേസില്‍ പബ്ലിക് പ്രോസിക്യൂട്ടറായി പ്രമുഖ ക്രിമിനല്‍ അഭിഭാഷകനെ നിയമിക്കണമെന്ന കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ചത് ജയരാജന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നും കമ്മിറ്റി അറിയിച്ചു. പി ജയരാജന്‍ ചൂരി ജുമാമസ്ജിദ് സന്ദര്‍ശിച്ച് പ്രദേശത്തെ ജനങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കിയതിനെ തുടര്‍ന്ന് സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിയതിന്റെ ഫലമായാണ് കേസിലെ മൂന്നുപ്രതികളെ സംഭവം നടന്ന് മൂന്ന് ദിവസത്തിനകം അറസ്റ്റ് ചെയ്തത്.
സ്റ്റാറ്റിയൂട്ടറി പിരീഡ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതിനാല്‍ പ്രതികള്‍ക്ക് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. പ്രതികള്‍ക്ക് സെഷന്‍സ് കോടതിയില്‍ നിന്നും ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കാതിരിക്കാന്‍ നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താന്‍ സാധിച്ച കേസ് കൂടിയാണിത്.
കഴിഞ്ഞ 18 മാസമായി റിയാസ് മൗലവി കേസിലെ പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ചൂരി പ്രദേശത്തെ മുസ്്‌ലിം സമുദായം ആര്‍എസ്എസുകാരുടെ ഭീകരതയുടെ വാള്‍തലത്തിലാണ് ജീവിക്കുന്നത്. പല കേസുകളിലും സാക്ഷികളെ വശീകരിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സാഹചര്യത്തെ അതിജീവിക്കുക എന്നത് നിസാര കാര്യമല്ല.
ജയരാജന്റെ ഫാഷിസ്റ്റ്, ആര്‍എസ്എസ് വിരുദ്ധ സമീപനത്തേ തുടര്‍ന്നാണ് ഞങ്ങളെ സഹായിച്ചത്. ജയരാജനെ ആര്‍എസ്എസുകാര്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്റെ 19ാം വാര്‍ഷികത്തില്‍, കേസില്‍ ഏറെ സഹായകരമായ നിലപാട് സ്വീകരിച്ച മുസ്്‌ലിംലീഗ് നേതാവും ലോയേഴ്‌സ് ഫോറം ജില്ലാ പ്രസിഡന്റുമായിരുന്ന അഡ്വ. സി ഷുക്കൂര്‍ ഫേസ്ബുക്ക് പോസ്റ്റ് എഴുതിയതിന്റെ പേരില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയ ലീഗ് നേതൃത്വത്തിന്റെ നടപടി ശരിയായതല്ല. മതേതര, ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകള്‍ വച്ചുപുലര്‍ത്തുന്ന ജയരാജനെ അനുകൂലിച്ചതിന്റെ പേരില്‍ സ്ഥാനത്ത് നിന്നും നീക്കിയ നടപടി പിന്‍വലിക്കണം. തെറ്റിദ്ധാരണ മൂലമാണ് ഷുക്കൂറിനെ സ്ഥാനത്ത് നിന്നും നീക്കിയതെന്നും മുസ്്‌ലിം ലീഗ് ഉള്‍പ്പെട്ട റിയാസ് മൗലവി കേസ് നടത്തിപ്പ് കമ്മിറ്റി ഭാരവാഹി സി എച്ച് അബ്ദുല്ല കുഞ്ഞി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

RELATED STORIES

Share it
Top