അഡ്വാനി-പാക് ഹൈക്കമ്മീഷണര്‍രഹസ്യകൂടിക്കാഴ്ച 20ലേറെ തവണ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണം ബിജെപിക്കു തിരിച്ചടിയാവുന്നു. ബിജെപിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഒന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരമന്ത്രിയായിരുന്ന മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അഡ്വാനി 20ലധികം തവണ പാകിസ്താന്‍ ഹൈക്കമ്മീഷണറുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ സംഭവമാണു ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. 2088ല്‍ പുറത്തിറങ്ങിയ എല്‍ കെ അഡ്വാനിയുടെ ആത്മകഥയായ “മൈ കണ്‍ട്രി, മൈ ലൈഫ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2000ത്തില്‍ താന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ പാകിസ്താന്‍ ഹൈക്കമ്മീഷണറായിരുന്ന അശ്‌റഫ് ജഹാംഗീര്‍ ഖാസിയുമായി 20ലധികം തവണ രഹസ്യ കൂടിക്കാഴ്ച നടത്തിയെന്നാണ് അഡ്വാനി പുസ്തകത്തില്‍ വ്യക്തമാക്കുന്നത്. പ്രമുഖ മാധ്യമ പ്രവര്‍ത്തകനായിരുന്ന കരണ്‍ ഥാപ്പറാണ് ഈ കൂടിക്കാഴ്ചകള്‍ തരപ്പെടുത്തിയിരുന്നതെന്ന് 2006ല്‍ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങില്‍ അഡ്വാനി അംഗീകരിക്കുകയും ചെയ്തിരുന്നു. അവസാനമായി അശ്‌റഫ് ജഹാംഗീര്‍ ഖാസിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതു പ്രധാനമന്ത്രി വാജ്‌പേയി ഖാസിയെ അസ്വീകാര്യനായ വ്യക്തിയായി പ്രഖ്യാപിച്ച് രാജ്യംവിടാന്‍ ആവശ്യപ്പെട്ടതിനു ശേഷമാണെന്നും അഡ്വാനി വ്യക്തമാക്കിയിരുന്നു. ഖാസി-അഡ്വാനി കൂടിക്കാഴ്ചയ്ക്ക് ആദ്യം അവസരമൊരുക്കാന്‍ സഹായിച്ചത് അന്നത്തെ വാജ്‌പേയി മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായിരുന്ന ജോര്‍ജ് ഫെര്‍ണാണ്ടസ് ആയിരുന്നുവെന്നും ഡല്‍ഹിയിലെ പണ്ടാര റോഡിലുള്ള അഡ്വാനിയുടെ വസതിയിലായിരുന്നു ആദ്യത്തെ കൂടിക്കാഴ്ചയെന്നും 2008ല്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ കരണ്‍ ഥാപ്പര്‍ എഴുതിയിരുന്നു. ആദ്യം കൂടിക്കാഴ്ച ഒന്നര മണിക്കൂര്‍ നീണ്ടുവെന്നും താനാണു ഖാസിയെ അഡ്വാനിയുടെ വസതിയിലേക്ക് എത്തിച്ചതെന്നും കൂടിക്കാഴ്ച തീരുന്നതു വരെ പാകിസ്താന്‍ നയതന്ത്രജ്ഞര്‍ അഡ്വാനിയുടെ വീടിനു പുറത്ത് കാത്തിരുന്നുവെന്നും ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതിയ കോളത്തില്‍ ഥാപ്പര്‍ വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷങ്ങളില്‍ ഇത്തരത്തിലുള്ള 20 രഹസ്യ കൂടിക്കാഴ്ചകള്‍ നടന്നു. കാറില്‍ കയറ്റി നിര്‍ദിഷ്ട സ്ഥാനത്ത് എത്തിക്കുന്ന പണിയായിരുന്നു തനിക്ക്. പണ്ടാര റോഡിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്റെ പേര് മാത്രമാണ് നല്‍കിയിരുന്നത്. താനും അഡ്വാനിയുടെ ഭാര്യ പ്രതിഭയും സംസാരിച്ചിരിക്കുമ്പോള്‍ അഡ്വാനിയും ഖാസിയും സ്വകാര്യ സംഭാഷണത്തിനായി അഡ്വാനിയുടെ വായനാമുറിയിലേക്ക് പോവുമെന്നും ഥാപ്പര്‍ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top