അഡീഷനല്‍ ചീഫ് സെക്രട്ടറിക്കെതിരേ മന്ത്രി വി എസ് സുനില്‍കുമാര്‍

തിരുവനന്തപുരം: നെല്‍കൃഷിയുടെ പേരില്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിനെ പരിഹസിച്ച അഡീഷനല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യനെതിരേ മുഖ്യമന്ത്രിക്ക് സുനില്‍കുമാര്‍ പരാതി നല്‍കും. ചികില്‍സ കഴിഞ്ഞ് മുഖ്യമന്ത്രി എത്തിയശേഷമാവും മന്ത്രി പരാതി നല്‍കുക. പാര്‍ട്ടി നിര്‍ദേശംകൂടി പരിഗണിച്ചാണ് പരാതി നല്‍കാന്‍ ഒരുങ്ങുന്നത്. ഒരു ഉദ്യോഗസ്ഥന്‍ സര്‍ക്കാരിന് എതിരേ നിലപാട് സ്വീകരിക്കുന്നത് ശരിയല്ലെന്ന് മന്ത്രി പ്രതികരിച്ചു. നെല്‍കൃഷി വ്യാപിപ്പിക്കലാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സംസ്ഥാനത്തെ ഇടതുപക്ഷ സര്‍ക്കാരിന് വ്യക്തമായ രാഷ്ട്രീയ നയമുണ്ട്. സര്‍ക്കാരിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മനസ്സില്‍ പല നയങ്ങളും കാണും. എന്നാല്‍ അത് ഇവിടെ നടപ്പാവില്ല. നിരുത്തരവാദപരമായി പ്രസ്താവന നടത്തിയ കുര്യനെതിരേ റിപോര്‍ട്ട് നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ നയത്തിനെതിരായ നിലപാടാണ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് തൃശൂര്‍ രാമനിലയത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. പി എച്ച് കുര്യന്റെ പ്രസ്താവന കുട്ടപ്പന് കളവില്‍ വാസന, കിട്ടുമാഷ്‌ക്ക് കലയില്‍ വാസന എന്ന പോലെയാണെന്നും മന്ത്രി പറഞ്ഞു. കുട്ടനാട്ടിലെ നെല്‍കൃഷിയുടെ വിസ്തൃതി കൂട്ടുന്നത് മന്ത്രിക്ക് എന്തോ മോക്ഷം പോലെ ആണെന്ന് ആയിരുന്നു കുര്യന്റെ വിവാദ പരാമര്‍ശം. നെല്‍കൃഷി അവസാനിപ്പിച്ച് കുടിവെള്ള യൂനിറ്റോ മല്‍സ്യകൃഷിയോ ടൂറിസമോ നടത്തണമെന്നും കുര്യന്‍ ആവശ്യപ്പെട്ടിരുന്നു.

RELATED STORIES

Share it
Top