അട്ടിമറിക്കപ്പെടാനുള്ളവയോ പരിസ്ഥിതി നിയമങ്ങള്‍?

എസ്  പി  രവി
ആവര്‍ത്തനവിരസമാവാമെങ്കിലും ഓരോ ദുരന്തവേളയിലും പ്രകൃതിയോടും ആവാസവ്യവസ്ഥകളോടുമുള്ള ഭരണകൂടങ്ങളുടെ സമീപനം നമുക്ക് ചര്‍ച്ച ചെയ്യാതിരിക്കാനാവില്ല. നമ്മുടെ ഭരണഘടന പരിസ്ഥിതിയെ സംരക്ഷിക്കുകയും പ്രകൃതിവിഭവങ്ങളെ പരിപാലിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യാനുള്ള പ്രാഥമിക ചുമതല ഭരണകൂടങ്ങള്‍ക്കാണ് നല്‍കിയിരിക്കുന്നത്. ഇന്ദിരാഗാന്ധി ഉള്‍പ്പെടെ ചില ഭരണാധികാരികളുടെ വ്യക്തിപരമായ ഇച്ഛാശക്തിയുടെ ഫലമായി താരതമ്യേന ശക്തമായ പരിസ്ഥിതി സംരക്ഷണ നിയമങ്ങള്‍ നിലവിലുള്ള രാജ്യമാണ് ഇന്ത്യ. പക്ഷേ, ഈ നിയമങ്ങളെ തടസ്സമായി കാണുന്നവരാണ് ഭൂരിപക്ഷം ഭരണാധികാരികളും. വിവിധ പരിസ്ഥിതി നിയമങ്ങളെ എതിര്‍ക്കുന്നതില്‍ കേരളത്തില്‍ മാറിമാറിവരുന്ന ഭരണകൂടങ്ങളും വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളും എന്നും മുന്‍പന്തിയിലാണ്. ഒട്ടും പ്രസക്തമല്ലാത്ത 'സവിശേഷസാഹചര്യം' പറഞ്ഞുകൊണ്ടാണ് തീരദേശ പരിപാലന നിയമത്തിലും വനനിയമത്തിലുമെല്ലാം നമ്മള്‍ ഇളവുകള്‍ ആവശ്യപ്പെടുന്നത്. പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളുടെയും ചെറുകിട കുടിയേറ്റ കര്‍ഷകരുടെയുമെല്ലാം പേരിലാണ് നാം ഈ ഇളവുകള്‍ ആവശ്യപ്പെടുക. ഇളവുകളുടെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ടൂറിസം, റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരോ റിസോര്‍ട്ട് ഉടമകളോ ക്വാറി മുതലാളിമാരോ ഒക്കെ ആകുന്നത് തികച്ചും യാദൃച്ഛികമാവാം! ജല, വായു മലിനീകരണം തടയാനുള്ള നിയമങ്ങളില്‍ നമ്മള്‍ ഇളവുകളൊന്നും ആവശ്യപ്പെടാറില്ല. പക്ഷേ, വ്യവസായ സ്ഥാപനങ്ങള്‍ പുറത്തുവിടുന്നതെന്തും ശുദ്ധമാണെന്നു ബന്ധപ്പെട്ട ഏജന്‍സികളെക്കൊണ്ട്് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കും (പൊല്യൂഷന്‍ ബോര്‍ഡ് പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടുള്ള സമരങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്).
സംസ്ഥാനം തന്നെ കൊണ്ടുവന്ന രണ്ടു നിയമങ്ങളില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ഇഎഫ്എല്‍ നിയമത്തിന്റെ പരിധിയില്‍ നിന്നു തോട്ടങ്ങളെ പൂര്‍ണമായി ഒഴിവാക്കുന്നതായി ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചു. ഇത് തോട്ടങ്ങള്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട പല കേസുകളിലും വനംവകുപ്പ് തോല്‍ക്കാനിടയാക്കുമെന്ന് മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സുശീല ഭട്ട് തന്നെ ആശങ്കപ്പെടുന്നു.
കേരളത്തിന്റെ സവിശേഷസാഹചര്യങ്ങളെക്കുറിച്ച് പറയുന്ന ഭരണ, രാഷ്ട്രീയ നേതൃത്വങ്ങള്‍ പക്ഷേ, നമ്മുടെ യഥാര്‍ഥ സവിശേഷതകളെ- അതീവലോലവും അതീവസമ്പന്നവും വൈവിധ്യപൂര്‍ണവുമായ ആവാസവ്യവസ്ഥകളെ- പാടെ അവഗണിക്കുകയാണ്.
പശ്ചിമഘട്ട മലനിരകള്‍ നമുക്കെന്താണെന്നു പൊതുസമൂഹം പൂര്‍ണമായി ഉള്‍ക്കൊണ്ടിട്ടില്ല. കേരളം പൂര്‍ണമായി ഈ മലനിരകളുടെ സംരക്ഷണത്തിലുള്ള ഭൂഭാഗമാണെന്ന് നാം അറിയണം. നമ്മുടെ മഴയും പുഴകളും അന്നവും ഔഷധവുമെല്ലാം ഈ മലനിരകളുമായി ബന്ധപ്പെട്ടാണ് നില്‍ക്കുന്നതെന്ന് നമ്മള്‍ അറിയണം. എന്നിട്ട് കണ്ണിലെ കൃഷ്ണമണി പോലെ കാത്തുരക്ഷിക്കണം സഹ്യനെ; പ്രായശ്ചിത്തം ചെയ്യണം ഇതുവരെ ചെയ്ത പാതകങ്ങള്‍ക്ക്.
1500 കിമീ നീളമുള്ള, ആറു സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഈ മലനിരകളുടെ ഏറ്റവും സമ്പന്നമായ പ്രദേശങ്ങളാണ് കേരളത്തിലുള്ളത്. 19ാം നൂറ്റാണ്ടിന്റെ രണ്ടാംപാദത്തിലാണ് കേരളത്തില്‍ ഈ മലനിരകളിലെ സ്വാഭാവിക ആവാസവ്യവസ്ഥകള്‍ മാറ്റം വരുത്താന്‍ തുടങ്ങുന്നത്. ഒന്നര നൂറ്റാണ്ടുകൊണ്ട് ഇവിടത്തെ വനാവരണത്തില്‍ സിംഹഭാഗവും നഷ്ടമായി. കുടിയേറ്റത്തിന്റെ പല ഘട്ടങ്ങള്‍ മെല്ലെ മെല്ലെ ഈ മലനിരകളില്‍ ഭൂരിഭാഗം പ്രദേശങ്ങളെയും ജനവാസമേഖലകളാക്കി. കഴിഞ്ഞ 3-4 ദശകങ്ങളില്‍ വിനോദസഞ്ചാര വ്യവസായത്തിന്റെ പേരില്‍ നടന്നിട്ടുള്ള നിര്‍മിതികള്‍ ഏല്‍പ്പിച്ചിട്ടുള്ള പരിക്ക് വളരെ വലുതാണ്.
ഇവയ്‌ക്കെല്ലാമപ്പുറമാണ് ഇന്ന് ഈ മലനിരകളെ തന്നെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്ന കരിങ്കല്‍ ഖനനം. കേരളത്തില്‍ ഇപ്പോള്‍ 5924 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായാണ് കേരള വനഗവേഷണ കേന്ദ്രത്തിലെ ഡോ. ടി വി സജീവ്, ഡോ. സി ജി അലക്‌സ് എന്നിവരുടെ ഔദ്യോഗികപഠനം കാണിക്കുന്നത്. കട്ടിപ്പാറ, താമരശ്ശേരി പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന കോഴിക്കോട് ജില്ലയില്‍ മാത്രം 509 ക്വാറികളുണ്ട്. വയനാട്ടില്‍ 161ഉം ഇടുക്കിയില്‍ 328ഉം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി ഈ പഠനം പറയുന്നു. പശ്ചിമഘട്ട മലനിരകളുടെ പടിഞ്ഞാറന്‍ താഴ്‌വാരങ്ങള്‍ മുഴുവന്‍ ദുരന്തസാധ്യതാ മേഖലകളായി മാറിയതില്‍ ക്വാറികള്‍ക്കും മലഞ്ചരിവുകളെ മുറിച്ചുകൊണ്ടുള്ള റോഡ് നിര്‍മാണത്തിനും വലിയ പങ്കാണുള്ളത്. ചരിവു കൂടിയ പ്രദേശങ്ങളില്‍ മണ്ണിളക്കിയുള്ളതും ആഴത്തില്‍ വേരുപടലങ്ങള്‍ പോകാത്തതുമായ വിളകള്‍ കൃഷി ചെയ്യുന്നത് മണ്ണിടിച്ചിലിന് ആക്കംകൂട്ടുന്നു.
പശ്ചിമഘട്ട മലനിരകളില്‍ അവിടത്തെ പരിസ്ഥിതിക്ക് ഇണങ്ങുംവിധം ജീവിക്കാനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ട് അട്ടിമറിച്ചതിന്റെ പാപഭാരത്തില്‍ നിന്ന് ഇവിടത്തെ ക്രിസ്തീയ സഭയ്ക്ക് ഒരിക്കലും കൈകഴുകാനാവില്ല. റിപോര്‍ട്ടിനെ അനുകൂലിച്ച സിറ്റിങ് എംപിക്ക് സീറ്റ് നിഷേധിച്ചവരും റിപോര്‍ട്ടിനെതിരേ സമരം ചെയ്തവരുടെ നേതാവിനെ തന്നെ പിന്തുണച്ചവരും തങ്ങളുടെ താല്‍പര്യം എവിടെയാണെന്നു വ്യക്തമാക്കുകയായിരുന്നു. ഇവിടെയും റിപോര്‍ട്ട് അട്ടിമറിച്ചതിന്റെ ഗുണഭോക്താക്കള്‍ ക്വാറി, റിയല്‍ എസ്റ്റേറ്റ്, റിസോര്‍ട്ട് കച്ചവടക്കാര്‍ തന്നെ. റിപോര്‍ട്ടിനെതിരേ സമരം ചെയ്ത സാധാരണക്കാര്‍, തങ്ങളാണ് ഈ റിപോര്‍ട്ട് അട്ടിമറിച്ചതിന്റെ ആദ്യത്തെ ഇരകളെന്ന് അധികം വൈകാതെ തിരിച്ചറിയും. ഗാഡ്ഗില്‍ റിപോര്‍ട്ടിനെതിരേ ഏറ്റവുമധികം സമരം നടന്ന പ്രദേശങ്ങളാണ് കേരളത്തിലെ ഏറ്റവും ദുരന്തസാധ്യതാ മേഖലകള്‍ എന്നതാണ് ഇതിലെ വലിയ വിരോധാഭാസം. വരാനിരിക്കുന്ന ദുരന്തങ്ങളെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഉണ്ടാകുന്നവ ഉള്‍പ്പെടെ, ഒരു പരിധിവരെയെങ്കിലും പ്രതിരോധിക്കണമെങ്കില്‍ നമുക്ക് പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണവും പരിസ്ഥിതി പുനസ്ഥാപനവും കൂടിയേ തീരു. അതിന് ഗാഡ്ഗില്‍ കമ്മിറ്റി റിപോര്‍ട്ട് വീണ്ടും വീണ്ടും വായിക്കേണ്ടിവരും.
2013ലാണ് ഇതിനു മുമ്പ് കേരളത്തില്‍ ഉരുള്‍പൊട്ടല്‍ മൂലം വലിയ ആള്‍നാശമുണ്ടായത്. ആ വര്‍ഷം ആഗസ്ത് അഞ്ചിന് മഴക്കെടുതികളില്‍ മൊത്തം 19 മരണമാണുണ്ടായത്. ഇതില്‍ 13ഉം ഇടുക്കി ജില്ലയില്‍. ഇടുക്കിയില്‍ മാത്രം നിരവധി ഇടങ്ങളിലാണ് അന്ന് ഉരുള്‍പൊട്ടലും മലയിടിച്ചിലുമുണ്ടായത്. അന്നുമാത്രം അവിടെ പെയ്തത് 24 സെമീ മഴ. അതിനു മുമ്പുള്ള ദിവസങ്ങളിലും കനത്ത മഴയായിരുന്നു. ഇടുക്കി ഡാം തുറക്കേണ്ടിവരുമെന്ന ആശങ്ക നിലനിന്നിരുന്നു. മുല്ലപ്പെരിയാറിനു താഴെയുള്ളവര്‍ക്ക് പേടിച്ചരണ്ട ദിനരാത്രങ്ങള്‍. തൊട്ടടുത്ത ദിവസം കര്‍ക്കടക വാവായിരുന്നു. അന്നും അതിനടുത്ത ദിവസവും മഴ പെയ്തില്ല. ഇന്ത്യ കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന്റെ, ഉത്തരാഖണ്ഡിലെ പ്രളയത്തിന്റെ നടുക്കം മാറാത്ത സമയത്തെ ആ ദിനങ്ങളെ ഇന്നും ഭീതിയോടെ മാത്രമേ കേള്‍ക്കാനാകൂ.                                           ി


(അവസാനിക്കുന്നില്ല.)

RELATED STORIES

Share it
Top