അട്ടപ്പാടി ആദിവാസി സാക്ഷരതാ പദ്ധതി : 1127 പേര്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറിപാലക്കാട്: അട്ടപ്പാടി ആദിവാസി സാക്ഷരതാ പദ്ധതിയുടെ ഭാഗമായി 1127 പേര്‍ക്ക് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന്  അട്ടപ്പാടി അഹാഡ്‌സ് ഹാളില്‍ നടന്ന പരിപാടിയില്‍ എം ബി രാജേഷ് എംപി സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് കൈമാറി .ജനുവരി രണ്ടിന് 63 ഊരുകളിലാണ് പരീക്ഷാ നടന്നത്. ആകെയുള്ള 193 ഊരുകളില്‍ ഒന്നാം ഘട്ടത്തില്‍ 74 ഊരുകളിലാണ് ക്ലാസുകള്‍ തുടങ്ങിയത്. രണ്ടാം ഘട്ടത്തില്‍ ബാക്കിയുള്ള 119 ഊരുകളിലും സാക്ഷരതാ ക്ലാസ് തുടങ്ങും. കൂടാതെ ആദ്യഘട്ടത്തില്‍ സാക്ഷരതാ ക്ലാസ് നടത്തിയ 74 ഊരുകളിലും നാലാം ക്ലാസ് തുല്യതാ ക്ലാസുകള്‍ തുടങ്ങും.അഗളി, പുതൂര്‍,ഷോളയൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലായി വിഭജിക്കപ്പെട്ട അട്ടപ്പാടി ട്രൈബല്‍ ബ്ലോക്കില്‍ ഇരുള, മുഡുക, കുറുംബ വിഭാഗത്തില്‍പ്പെടുന്ന 27,627 ആദിവാസികളാണുള്ളത്. 2001-ലെ സെന്‍സസ് പ്രകാരം 38.6 ശതമാനമാണ് അട്ടപ്പാടിയിലെ സാക്ഷരതാ നിരക്ക് . 1996-ല്‍ അഹാഡ്‌സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അട്ടപ്പാടി പരിസ്ഥിതി പുന:സ്ഥാപന പദ്ധതിയുടെ ലക്ഷ്യപ്രാപ്തിക്ക് നിരക്ഷരത തടസമാവുന്നുവെന്ന് കണ്ടെത്തിയതിനെതുടര്‍ന്ന് 2004ല് തിരഞ്ഞെടുത്ത ഊരുകളില്‍ മൂന്ന് ഗോത്രഭാഷകളിലും ക്ലാസുകള്‍ തുടങ്ങി. 2011-ല്‍ അഹാഡ്‌സ് പദ്ധതികള്‍ അവസാനിപ്പിച്ചു. തുടര്‍ന്ന് 2014ല്‍ ബജറ്റ് വിഹിതമായി അനുവദിച്ച പദ്ധതിയ#ാണ് അട്ടപ്പാടി ആദിവാസി സാക്ഷരതാ തുടര്‍ വിദ്യാഭ്യാസ പരിപാടി. 2015 ഡിസംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ 90 ഊരുകളില്‍ നടത്തിയ സര്‍വെയില്‍ 4060 പേര്‍ നിരക്ഷരരാണെന്ന് കണ്ടെത്തിയിരുന്നു. പ്രത്യേക പരിശീലനം ലഭിച്ച 123 ഇന്‍സ്ട്രക്റ്റര്‍മാര്‍ 2016 ജനുവരി ഒന്നിന് ക്ലാസുകള്‍ തുടങ്ങി. അക്ഷരങ്ങളും അക്കങ്ങളും പരിചയപ്പെടുത്തലും പേരെഴുതലും തുടങ്ങിയതിന് ശേഷമാണ് സാക്ഷരതാമിഷന്റെ പാഠാവലി തുടങ്ങിയത്. എല്ലാ ദിവസവും വൈകീട്ട് ഒന്ന് മുതല്‍ മൂന്ന് മണിക്കൂര്‍ വരെയാണ് പരിശീലനം നല്‍കിയത്. രണ്ടാം ഘട്ടത്തില്‍ നിരക്ഷരതാ നിര്‍മാര്‍ജനം കൂടാതെ സ്ത്രീ ശാക്തീകരണം,  പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, ആദിവാസി അമ്മമാര്‍ക്ക് പ്രത്യേക പരിശീലനം മദ്യപാനം-മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെ ബോധവത്കരണം എന്നിവ പദ്ധതിയുടെ ഭാഗമായി നടത്തും.

RELATED STORIES

Share it
Top