അടൂര്‍ ജനറല്‍ ആശുപത്രിയും സ്മാര്‍ട്ട് ലിസ്റ്റിലേക്ക്

അടൂര്‍: ആര്‍ദ്രം പദ്ധതിയില്‍ ഇടംനേടി മുഖം മിനുക്കിയ അടൂര്‍ ജനറല്‍ ആശുപത്രിയും സ്മാര്‍ട്ട് ലിസ്റ്റിലേക്ക്. അടൂര്‍ ആശുപത്രി നവീകരണത്തിനായി  സര്‍ക്കാര്‍ 70 ലക്ഷമാണ് അനുവദിച്ചത്. ദിവസവും 1500ഓളം പേരാണ് ചികില്‍സ തേടി ഒപിയില്‍ എത്തുന്നത്. രോഗികളുടെ സൗകര്യാര്‍ഥം ആധുനികവല്‍കരിച്ച രജിസ്‌ട്രേഷന്‍, ടോക്കണ്‍ സംവിധാനം, രോഗികളുടെ സ്വകാര്യത മാനിച്ചുള്ള കണ്‍സള്‍ട്ടേഷന്‍ റൂം എന്നിവ നടപ്പാക്കി.
രോഗികള്‍ക്ക്  ഗുണമേന്‍മയുള്ള സേവനം ഉറപ്പാക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം ക്രമീകരിച്ചത്. ആശുപത്രിയിലെ അത്യാഹിത വിഭാഗം പഴയ പോസ്റ്റ് ഓപറേഷന്‍ വാര്‍ഡിലേക്ക് മാറ്റി. ആഗസ്ത് 1 മുതല്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലഡ് സ്റ്റോറേജ് യൂനിറ്റ്, ഫാര്‍മസി, ഇസിജി, ലാബ്, എക്‌സ്‌റേ തുടങ്ങിയവ പ്രവര്‍ത്തനം ആരംഭിക്കും. ഇതിനോടൊപ്പം ഹെമട്ടോളജി അനലൈസര്‍, ഹോര്‍മോണ്‍ അനലൈസര്‍ എന്നീ ഉപകരണങ്ങളും പ്രവര്‍ത്തന സജ്ജമാക്കും. വേദനരഹിത പ്രസവത്തിനായുള്ള ചികില്‍സ, ഗര്‍ഭാശയ കാന്‍സര്‍ സ്‌ക്രീനിങ് എന്നിവയും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാനസികാരോഗ്യവിഭാഗം ഡോക്ടറുടെ സേവനവും ലഭ്യമാണ്.
ദന്തനിര്‍മാണം, ദന്തക്രമീകരണം തുടങ്ങിയവയ്ക്ക് ആധുനിക ചികില്‍സയും ഇവിടെ ലഭ്യമാണ്. ഡയാലിസിസ് യൂനിറ്റും ദന്തക്രമീകരണ ചികില്‍ സാവിഭാഗവും പൂര്‍ണതോതി ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഉച്ചകഴിഞ്ഞ് ഒപിയിലും കാഷ്യാലിറ്റിയിലുമായി ഓരോ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. ഇഎന്‍ടി വിഭാഗത്തില്‍ അടുത്തമാസം കൂടുതല്‍ അത്യാധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കും. ആധുനിക ഫ്രീസര്‍ സംവിധാനത്തോട് കൂടിയ മോര്‍ച്ചറി നിര്‍മിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടി പുരോഗമിക്കുകയാണ്. ഇതിനായി മുനിസിപ്പാലിറ്റി ഒന്‍പത് ലക്ഷം  അനുവദിച്ചു.

RELATED STORIES

Share it
Top