അടൂര്‍ ജനറല്‍ ആശുപത്രിക്ക് പുതുജീവന്‍ പകര്‍ന്ന് എന്‍എസ്എസ് യൂനിറ്റ്

പത്തനംതിട്ട: ഫോര്‍ത്ത് ആംബിറ്റ് സംഘടിപ്പിച്ച ‘ദാന്‍ ഉല്‍സവ്’മല്‍സരത്തില്‍ ആറന്‍മുള എന്‍ജിനീയറിങ് കോളജിലെ ടെക്‌നിക്കല്‍ സെല്ലിന്റെ കീഴിലുള്ള എന്‍എസ്എസ് യൂനിറ്റ് ദേശിയ തലത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. പബ്ലിക് വോട്ടിങില്‍ ഒന്നാം സ്ഥാനത്തെത്തിയ കോളജ് ഇന്ത്യയിലെ തന്നെ പ്രമുഖ കോളജുകളെ പിന്തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. അടൂര്‍ ജനറല്‍ ആശുപത്രിക്ക് പുതുജീവന്‍ പകര്‍ന്നു കൊണ്ടാണ് എന്‍ജിനീയര്‍ വിദ്യാര്‍ഥികള്‍ ദാന്‍ ഉല്‍സവിന്റെ ഭാഗമായത്. നാഷനല്‍ സര്‍വീസ് സ്‌കീം ടെക്‌നിക്കല്‍ സെല്ലിന്റെ പുനര്‍ജനി പദ്ധതി പ്രകാരം സന്നദ്ധ സേവനത്തിനായി രംഗത്തിറങ്ങിയപ്പോള്‍ ആശുപത്രിയിലെ പഴയ കെട്ടിടവും ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഓപറേഷന്‍ തിയേറ്ററും പ്രവര്‍ത്തനക്ഷമമാക്കി. ഈ കെട്ടിടത്തിലേക്ക് അത്യാഹിത വിഭാഗവും ഫാര്‍മസിയും പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ നടത്തിയതിനൊപ്പം ഫാര്‍മസി കൗണ്ടറും സ്ഥാപിച്ചു. കാര്‍പോര്‍ച്ച് നിര്‍മിച്ചതിനൊപ്പം കേടായി കിടന്നിരുന്ന മൂന്ന് ആംബുലന്‍സുകള്‍ പ്രവര്‍ത്തന സജ്ജമാക്കി. പഴയ കട്ടിലുകള്‍, അലമാരകള്‍, ടേബിളുകള്‍, ലൈറ്റുകള്‍ പ്രവര്‍ത്തനസജ്ജമാക്കി. ഏകദേശം 4.7 കോടിയുടെ ആസ്ഥി വിദ്യാര്‍ഥികള്‍ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സജീവ് വി,  അഡ്മിനിസ്്‌ടേറ്റീവ് ഓഫീസര്‍ തോമസ് ഉഴവത്ത്, പ്രോഗ്രാം ഓഫിസര്‍മാരായ ബിബു തോമസ്, അനൂപ് കെ ടി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. വോളന്റിയേഴ്മാരായ ആല്‍ഫ്രഡ്, ബിജീഷ്, ജിഷ്ണു, അമൃത മുഖ്യ പങ്കുവഹിച്ചു.

RELATED STORIES

Share it
Top